വെള്ളക്കെട്ട്: ജനജീവിതം ദുരിതമയം
text_fieldsകൊയിലാണ്ടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കൊയിലാണ്ടി 33ാം ഡിവിഷനിലെ വയൽപുര ഭാഗവും അമ്പാടി തിയറ്റർ റോഡിലും വെള്ളം കയറി ജനങ്ങൾ ദുരിതത്തിൽ. പ്രദേശത്തുകാരയ റിയേഷ്, സുജിത്ത്, രമാ രാജൻ, സജിലേഷ്, എൻ.കെ. രവീന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്കു ചുറ്റും വെള്ളക്കെട്ട് രൂക്ഷമായി. ഈ ഭാഗത്തുള്ള മഴ വെള്ളം ഒഴുകിയിരുന്ന വഴികൾ അടഞ്ഞതും വർഷകാലത്തിനു മുമ്പ് ആവശ്യമായ ശുചീകരണ പ്രവൃത്തി നഗരസഭ നടത്താത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു.
പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭക്കും താലൂക്ക് ഓഫിസിലും മുഖ്യമന്ത്രിക്കും എം.പിക്കും എം.എൽ.എക്കും പരാതികൾ നൽകിയിരുന്നു. തുടർച്ചയായി മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത വിധത്തിൽ വെള്ളക്കെട്ടിൽ കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ പുതിയപ്പുറത്ത് താഴെ തോടിന് സമീപത്ത് റോഡിലുള്ള വെള്ളക്കെട്ട് കാരണം വിദ്യാർഥികളടക്കമുള്ള കാൽനടക്കാർ ദുരിതത്തിൽ. റോഡിന് ഓവുചാൽ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. കോട്ടൂരിൽ നിന്നും മൂലാട് നിന്നും പെരവച്ചേരിയിൽ നിന്നും സംസ്ഥാനപാതയിൽ എത്തിച്ചേരാൻ ആശ്രയിക്കുന്ന റോഡാണിത്. പുതിയപ്പുറം - കോട്ടൂർ റോഡിന് ഓവുചാൽ ഇല്ലാത്തത് കാരണം പല ഭാഗത്തും തകർന്നിട്ടുണ്ട്.
ഓവുചാൽ നിർമിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരവച്ചേരിയിൽ നിന്ന് കരുവണ്ണൂർ എ.യു.പി സ്കൂളിലും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലും നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിലും എത്തിച്ചേരാൻ വിദ്യാർഥികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.