‘ഫ്രീഡം’ ഹവായ് ചെരിപ്പുമായി കോഴിക്കോട് ജില്ല ജയിൽ
text_fieldsകോഴിക്കോട്: ജയിലുകളിൽ ആരംഭിച്ച ഫ്രീഡം ഫുഡ് വൻ വിജയമായതിനു പിന്നാലെ ചെരിപ്പ് നിർമാണത്തിനൊരുങ്ങി ജില്ല ജയിൽ. ജയിലിലെ ചെരിപ്പിന് ‘ഫ്രീഡം ഹവായ് ചപ്പൽസ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
വരുമാനത്തോടൊപ്പം തടവുകാർക്ക് തൊഴിൽ പരിശീലനംകൂടി ലക്ഷ്യമാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്. 100 രൂപയാണ് ഫ്രീഡം ചെരിപ്പിന്റെ വില.
തടവുകാരുടെ ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാന്വൽ ഹവായ് ചപ്പൽ മെഷീനുകൾ ജയിലിൽ സ്ഥാപിച്ചിരിക്കുന്നത്. കോഴിക്കോട് ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് സെന്ററിൽനിന്ന് പരിശീലനം ലഭിച്ച അഞ്ചു തടവുകാരാണ് ചെരിപ്പ് നിർമിക്കുന്നത്.
ചെരിപ്പ് നിർമാണ യൂനിറ്റ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ രണ്ടു വർഷം മുമ്പുതന്നെ പൂർത്തിയായിരുന്നെങ്കിലും ജനുവരിയിലാണ് യൂനിറ്റ് ആരംഭിക്കാനായത്.
കോവിഡിനു മുമ്പേ ചെരിപ്പ് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ജയിലിൽ എത്തിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നിർമാണം നീളുകയായിരുന്നു. പരോളിലിറങ്ങിയ തടവുകാരെല്ലാം തിരിച്ചെത്തിയതോടെയാണ് ചെരിപ്പ് നിർമാണം സജീവമായത്. കേരളത്തിലെ ജയിലുകളിൽ വിയ്യൂരിലും പൂജപ്പുരയിലും മാത്രമാണ് ഇപ്പോൾ ചെരിപ്പ് യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ ആറു മുതൽ 10 വരെയുള്ള സൈസുകളിലാണ് ചെരിപ്പ് ലഭ്യമാക്കുന്നത്. നാലു മെഷീനുകളാണ് ഇവിടെയുള്ളത്. ദിവസവും ഏതാണ്ട് 30 മുതൽ 50 വരെ ചെരിപ്പുകൾ നിർമിക്കും. ജയിലിലെ കൗണ്ടർ കൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന ജയിൽ വകുപ്പിന്റെ ഫ്രീഡം ഫുഡ് ഭക്ഷണ കൗണ്ടറുകൾ വഴിയും ചെരിപ്പ് ലഭ്യമാകും.
തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽനിന്നാണ് ചെരിപ്പ് നിർമാണത്തിനാവശ്യമായ റബർ ഷീറ്റുകളും സ്ട്രാപ്പുകളും എത്തുന്നത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ചാണ് നാലു യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും വാങ്ങിയത്.
സ്റ്റോക്കുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് 100 രൂപക്കാണ് ചെരിപ്പ് വിൽക്കുന്നതെങ്കിലും അടുത്ത ഘട്ടത്തിൽ കുറഞ്ഞ വിലക്ക് ചെരിപ്പുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജയിൽ സൂപ്രണ്ട് എം.എം. ഹാരിസ് പറഞ്ഞു. ഫാൻസി ചെരിപ്പുകൾ, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരിപ്പുകൾ എന്നിവ നിർമിക്കാനും പദ്ധതിയുണ്ട്.
ആശുപത്രികളിലേക്ക് ചെരിപ്പുകൾ ഹോൾസെയിലായി നൽകാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഫ്രീഡം ഫുഡ് ലഭിക്കുന്ന കൗണ്ടറുകളിലെല്ലാം ഇപ്പോൾ ഫ്രീഡം ചെരിപ്പും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.