കോഴിക്കോടും അനുഭവിച്ചിരുന്നു ആ വൃക്ഷപ്രേമം
text_fieldsകോഴിക്കോട്: പ്രകൃതിയിലെ ഓരോ പുൽക്കൊടികളുടെയും സംരക്ഷകനായി സഞ്ചരിച്ച സുന്ദർലാൽ ബഹുഗുണ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടുമെത്തിയിരുന്നു. ഈ നാട്ടിലെ പരിസ്ഥിതി പ്രവർത്തകരുമായും അദ്ദേഹം ബന്ധം പുലർത്തിയിരുന്നു. 2009ലാണ് അദ്ദേഹം അവസാനമായി നഗരത്തിലെത്തിയത്. .
സൈലൻറ്വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിെൻറ രജതജൂബിലിയോടനുബന്ധിച്ചാണ് ചിപ്കോ നായകൻ ഒടുവിലെത്തിയത്. 2009 ഡിസംബർ പത്തിനായിരുന്നു ആഘോഷങ്ങൾ. മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഏെറനേരം അദ്ദേഹം സംസാരിച്ചു. സൈലൻറ്വാലി പുണ്യഭൂമിയായാണ് കാണുന്നതെന്ന് ബഹുഗുണ പറഞ്ഞിരുന്നു. ഭൂമിയെ സംരക്ഷിക്കാനും മനുഷ്യെൻറ സുഖകരമായ ജീവിതത്തിനും മരംവളർത്തൽ വ്യാപകമാക്കണമെന്ന പതിവ് ആഹ്വാനവുമുയർത്തിയിരുന്നു. ഭാര്യ വിമല ബഹുഗുണയും അന്ന് കൂടെയുണ്ടായിരുന്നു. അന്തരിച്ച കവിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറും ചടങ്ങിനെത്തി. കക്കോടി പുഴയോരത്തെ ഗ്രീൻവേൾഡ് സന്ദർശിക്കാനും സമയം കണ്ടെത്തി.
മാവൂർ ഗ്വാളിയോർ റയോൺസിന് വേണ്ടി വയനാട്ടിൽ മുളകൾ മുറിക്കുന്നതിനെതിരെ സമരത്തിന് ബഹുഗുണ എത്തിയിരുന്നതായി പരിസ്ഥിതി പ്രവർത്തകനായ എൻ. ബാദുഷ പറഞ്ഞു. കേരളത്തെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. 1986ലാണ് മലബാറിലേക്ക് ബഹുഗുണ ആദ്യമായി എത്തുന്നത്. വയനാട് പ്രകൃതി സംരക്ഷണ സമിതിയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംഘടിപ്പിച്ച ആഗോളവത്കരണകാലത്തെ പരിസ്ഥിതി ചർച്ച ഉദ്ഘാടനം ചെയ്യാനായി 2005ലും എത്തി. പൈതൃകങ്ങൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ബഹുഗുണ മുന്നറിയിപ്പ് നൽകിയിരുന്നു. സൂനാമിയടക്കമുള്ള കടലേറ്റങ്ങൾ തടയാൻ കടൽ ഭിത്തിയല്ല, കണ്ടൽക്കാടാണ് വേണ്ടതെന്നും ബഹുഗുണ കോഴിക്കോട്ടുകാരെ ഓർമിപ്പിച്ചിരുന്നു, 2009ൽ സൈലൻറ്വാലിയും സന്ദർശിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.