കോഴിക്കോട്-ബാലുശ്ശേരി റൂട്ട് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി
text_fieldsനന്മണ്ട: ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷംമൂലമടക്കം പ്രശ്നങ്ങളുണ്ടായ കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി. നിയമവിരുദ്ധമായി ഘടിപ്പിച്ചിട്ടുള്ള എയർഹോണുകൾ, ബസുകൾ തമ്മിലുള്ള മത്സരയോട്ടം, അമിതവേഗത എന്നിവ സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നന്മണ്ട ജോ. ആർ.ടി.ഒ പി. രാജേഷിന്റെ നിർദേശപ്രകാരം എം.വി.ഐ ടി. രഞ്ജിത്ത് മോൻ, എ.എം.വി.ഐമാരായ ഇ.എം. രൂപേഷ്, യു.ടി. മുഹാദ്, എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി ഐ. അഷ്റഫ്, എ.എം.വി.ഐമാരായ രാജീവൻ, പ്രജീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ 12 വാഹനങ്ങളിൽ അനധികൃതമായി എയർഹോൺ ഘടിപ്പിച്ചതായി കണ്ടെത്തി കേസെടുത്തു.
ബസുകളുടെ അമിത വേഗത, മത്സരയോട്ടം എന്നിവ ഒഴിവാക്കുന്നതിനായി ഡ്രൈവർമാരെ ബോധവത്കരിച്ചു. ലൈൻ ട്രാഫിക് പാലിക്കുന്നതിനും അപകടരഹിതമായ ഡ്രൈവിങ്ങിനും വേണ്ട നിർദേശങ്ങൾ നൽകി. വ്യക്തിപരമായ പരാതി ലഭിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. വരുംദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് ജോ. ആർ.ടി.ഒ പി. രാജേഷ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.