െസർവർ തകരാർ; പൊല്ലാപ്പൊഴിയാതെ ബീച്ച് ആശുപത്രി ടിക്കറ്റ് കൗണ്ടർ
text_fieldsകോഴിക്കോട്: ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറക്കാൻ പുതിയ ഒ.പി കൗണ്ടർ ആരംഭിച്ചിട്ടും ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശാപമോക്ഷമില്ല. ഇ -ടോക്കൺ സോഫ്റ്റ് വെയറിന്റെ സെർവർ ഇടക്കിടെ പണിമുടക്കുന്നതാണ് ബീച്ച് ആശുപത്രിയിൽ പുതിയ പൊല്ലാപ്പാവുന്നത്. ദിവസവും പല തവണ സെർവർ ജാമാവുന്നത് കാരണം കൗണ്ടറിന് മുന്നിൽ രാവിലെ മുതൽ വരി നിൽക്കുന്ന രോഗികൾക്ക് ടോക്കൺ നൽകാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ജീവനക്കാർ. ടിക്കറ്റ് കിട്ടാൻ വൈകുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവാണ്. ഇത് പലപ്പോഴും സംഘർഷാവസ്ഥയുടെ വക്കോളമെത്താറുണ്ടെന്നും ജീവക്കാർ പറയുന്നു. ചൊവ്വാഴ്ചയും സെർവർ പണിമുടക്കി ഒ.പി ടോക്കൺ വൈകിയത് ടിക്കറ്റ് കൗണ്ടറിൽ വാക്ക് തർക്കത്തിന് ഇടയാക്കിയിരുന്നു.
മാത്രമല്ല, ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ മൊത്തം ബാധിക്കുകയാണ്. ഇടക്ക് സെർവർ പണിമുടക്കി ടോക്കൺ കൊടുക്കൽ നിലക്കുന്നതോടെ ഒ.പിയിൽ ഡോക്ടറുടെ മുന്നിൽ രോഗികൾ എത്താത്ത അവസ്ഥയുണ്ടാകും. പിന്നീട് സെർവർ റെഡിയായി ടിക്കറ്റ് കൊടുത്ത് തുടങ്ങുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരിക്കും. ശേഷം എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്നതോടെ ഒ.പിയിലും തിരക്ക് വർധിക്കും. സംഘർഷം ഓഴിവാക്കാൻ സമയം കഴിഞ്ഞാലും വരിയിൽ നിൽക്കുന്ന എല്ലാവർക്കും ടിക്കറ്റ് കൊടുക്കുകയാണ് ചെയ്യുന്നത്.
എല്ലാവരെയും പരിശോധിച്ച് കഴിയുമ്പോഴേക്കും ഒ.പി സമയം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിരിക്കുമെന്നും ജീവനക്കാർ പറയുന്നു. സെർവർ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കെൽട്രോണിന് കത്തയച്ചിരുന്നു എന്നും എന്നാൽ, ഇതു വരെ പരിഹാരം ആയിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് ചികിത്സ തേടി ബീച്ച് ആശുപത്രി ഒ.പിയിലെത്തുന്നത്. രാവിലെ ഏഴര മുതൽ വിതരണം ആരംഭിക്കുന്ന ടോക്കൺ ലഭിക്കുന്നതിനായി പുലർച്ച മുതൽ ആളുകളെത്തി വരി നിൽക്കുന്നണ്ടാവും. നേരത്തേ ഒ.പി കൗണ്ടറുകളുടെ എണ്ണം കുറവായതും കെട്ടിടം ചോർന്നൊലിക്കുന്നതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരം വിഷയങ്ങൾ ഒരു വിധം പരിഹരിച്ചു കഴിഞ്ഞപ്പോഴാണ് സെർവർ തകരാർ വീണ്ടും വില്ലനായി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.