പാലിന്റെ അണുഗുണ നിലവാരത്തിൽ കോഴിക്കോട് ജില്ല രാജ്യത്തിനു മാതൃക
text_fieldsകോഴിക്കോട്: പാലിന്റെ അണു ഗുണനിലവാരത്തിൽ ഇന്ത്യക്കുതന്നെ മാതൃകയാവുകയാണ് മിൽമ മലബാർ മേഖല യൂനിയൻ. പാലിലെ സൂക്ഷ്മാണുക്കളെ പരിശോധനാ വിധേയമാക്കി കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയം നൽകുന്ന അംഗീകാരം ഈയിടെയാണ് മലബാർ മേഖല യൂനിയന് ലഭിച്ചത്. ഇക്കാര്യത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ് മലബാർ മേഖല. പാലിന്റെ അണുഗുണ നിലവാരം മെച്ചപ്പെടുന്നത് ക്ഷീര കർഷകർക്കും സംഘങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുന്നതാണ്.
എന്താണ് അണുഗുണ നിലവാരം ?
പശുവിൻ പാലിൽ കേടാക്കുന്നതും അല്ലാത്തതുമായ രണ്ടുതരം സൂക്ഷ്മാണുക്കളുണ്ട്. കേടാക്കുന്ന സൂക്ഷ്മാണുക്കൾ നന്നേ കുറവുള്ള പാലിനെയാണ് അണുഗുണ നിലവാരത്തിൽ മികച്ചതായി കണക്കാക്കുന്നത്. എം.ബി.ആർ പരിശോധനയിലൂടെയാണ് (മിഥൈലൻ ബ്ലൂ റിഡക്ഷൻ ടെസ്റ്റ്) ഇതു കണ്ടെത്തുന്നത്. കേടാക്കുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം/അളവ് ആണ് പാലിന്റെ സംഭരണ/സൂക്ഷിപ്പ് കാലാവധി നിർണയിക്കുന്നത്. നിലവിൽ മലബാർ മേഖലക്കു കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പാലിന് 230 മിനിറ്റ് ആണ് സംഭരണ/സൂക്ഷിപ്പ് കാലാവധി. അഞ്ചു മണിക്കൂറിനു മുകളിൽപോലും (300 മിനിറ്റ്) പാൽ പുറത്തുവെച്ചാൽ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അണുഗുണമേന്മ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ മേഖല യൂനിയൻ.
അണുഗുണ നിലവാരം: ഗുണമെന്താണ്?
സൂക്ഷ്മാണുക്കൾ കൂടുതലാണെങ്കിൽ പാൽ എളുപ്പം കേടുവരുകയും അതുവഴി ക്ഷീര കർഷകർക്കും സംഘങ്ങൾക്കും സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യുന്നു.അണുഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ സംഭരിക്കുന്ന പാൽ പാഴായിപ്പോകാതെ പരമാവധിയോ പൂർണമായോ ഉപയോഗപ്പെടുത്താനാകുന്നു എന്നതാണ് പ്രധാന നേട്ടം. ക്ഷീര കർഷകർക്കും ക്ഷീര സംഘങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണിത്. സൂക്ഷിപ്പ് കാലാവധി കൂടുന്നത് ഉപഭോക്താക്കൾക്കും ഗുണകരമാണ്. അണുഗുണ നിലവാരമുള്ള പാലുപയോഗിച്ചുള്ള ഉൽപന്നങ്ങൾക്ക് ഏറെ ഗുണമേന്മ ലഭിക്കുന്നതിനാൽ വിൽപനയിലും ഗണ്യമായ വർധന ഉണ്ടായി.
നേട്ടം സാധ്യമായത് എങ്ങനെ
മിൽമയുടെ നേതൃത്വത്തിൽ കർഷകർക്ക് ബോധവത്കരണവും കന്നുകാലികൾക്കുള്ള പരിചരണവും കൃത്യവും നിർബന്ധവുമാക്കി. ജില്ലയിൽ 37 പ്രാഥമിക ക്ഷീര സംഘങ്ങളിൽ ബൾക്ക് മിൽക്ക് ബൂത്ത് കൂളറുകൾ സ്ഥാപിച്ചതും മാറ്റത്തിനിടയാക്കി.
1,10,000 ലിറ്റർ പാൽ തണുപ്പിക്കാൻ ശേഷിയുള്ള കൂളറുകളാണ് ഇവ. പാൽ കേടുവരുത്തുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ കൂളറുകൾക്ക് കഴിയുന്നു. 10 സംഘങ്ങൾ ഐ.എസ്.ഒ നിലവാരം ഉറപ്പുവരുത്തുന്ന ലാബുകളടങ്ങിയവയാണ്.
തൊഴുത്തിന്റെ ശുചിത്വം, കറവക്കാരന്റെ ശുചിത്വം എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്തത് കാര്യക്ഷമത വർധിപ്പിച്ചു. പാൽ അരിച്ചുകൊണ്ടുവരുക, കറവയുടെ തൊട്ടുമുമ്പ് പശുവിനെ കുളിപ്പിക്കാതിരിക്കുക, കറവയുടെ സമയത്ത് പൊടിത്തീറ്റ നൽകാതിരിക്കുക എന്നിങ്ങനെ ചെറിയ കാര്യങ്ങളിൽപോലും വലിയ ശ്രദ്ധവെച്ചു. കൊണ്ടുവരുന്ന സമയത്തുതന്നെ പരിശോധന നടത്തി പാലെടുക്കുന്ന സംവിധാനം കർശനമാക്കി.
പാലിൽ ഗുണനിലവാരമില്ലെന്നു തോന്നിയാൽ പാൽ തിരിച്ചയക്കുന്ന രീതിയിലേക്ക് സംഘങ്ങൾ മാറി. രണ്ടു കറവ തമ്മിലെ ഇടവേള 12 മണിക്കൂർ എന്ന രീതിയിൽ സംഘങ്ങളിലെ പാൽശേഖരണം ക്രമീകരിച്ചു. പശുക്കൾ ഭക്ഷണം കഴിച്ചുകഴിഞ്ഞ് തികട്ടിയരക്കാനുള്ള സമയവും കൂടി കൊടുത്താലേ ഗുണനിലവാരമുള്ള പാൽ കിട്ടുകയുള്ളൂവെന്നതിനാൽ കർഷകർ കറവയുടെ സമയവും ക്രമീകരിച്ചതോടെ പാൽ ഗുണനിലവാരവും പാലുപോലെ വെളുത്തു.
ലോങ് ലൈഫ് മിൽക്ക്
ദൈനംദിനം നാം ഉപയോഗിക്കുന്ന പാലിലെ അണുഗുണ നിലവാരമാണ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം പരിശോധന വിധേയമാക്കുന്നത്. ഇതല്ലാതെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന ലോങ് ലൈഫ് മിൽക്കും വിപണിയിലുണ്ട്. മൂന്നു മാസം മുതൽ ആറു മാസം വരെ കേടുകൂടാതെയിരിക്കുന്ന വിവിധ ബ്രാൻഡുകളുടെ പാൽ ലഭ്യമാണ്. പൂർണമായും അണുമുക്തമാക്കിയതാണ് ഇത്തരം പാൽ.
അൾട്രാ ഹീറ്റ് ട്രീറ്റ്മെന്റ് വഴി 140 ഡിഗ്രി സെൽഷ്യസിൽവരെ തിളപ്പിച്ചാണ് ഈ പാൽ അണുമുക്തമാക്കുന്നത്. അങ്ങനെയാണ് കോടാകാനുള്ള സാധ്യത ഇല്ലാതാക്കുന്നത്. ഒട്ടേറെ പാളികളോടുകൂടിയ പാക്കിങ്ങും സൂക്ഷിപ്പ് കാലാവധി കൂട്ടുന്നതിന് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.