യു. രാജീവന് കോഴിക്കോടിന്‍റെ വിട
text_fieldsകോഴിക്കോട്: സജീവ പ്രവർത്തനവും പെരുമാറ്റവും കൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ മനസ്സിൽ ഇടംനേടിയ നേതാവായിരുന്നു വിടപറഞ്ഞ യു. രാജീവൻ. പ്രവർത്തകരുടെ ഏതാവശ്യത്തിനും ഓടിയെത്തിയിരുന്ന രാജീവൻ സത്യസന്ധമായ രാഷ്ട്രീയചിന്തകൾക്കുടമയായിരുന്നു. ഡി.സി.സി പ്രസിഡന്റായി കുറച്ചുകാലം മാത്രമാണ് അദ്ദേഹത്തിന് പ്രവർത്തിക്കാനായത്. പാർട്ടിയുടെ ചടങ്ങുകളും പരിപാടികളും കുറഞ്ഞ കോവിഡ്കാലത്തായിരുന്നു രാജീവൻ മാസ്റ്ററുടെ പ്രസിഡന്റ് കാലം.
എ. ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഗ്രൂപ്പിന് അതീതമായ പ്രവർത്തനമായിരുന്നു നടത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലത്ത് അദ്ദേഹമായിരുന്നു ജില്ലയിൽ കോൺഗ്രസിനെ നയിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ .പി. സി. സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണബാങ്ക് എന്നിവയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
രാജീവൻ മാസ്റ്ററുടെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൂന്നു ദിവസം എല്ലാ കോണ്‍ഗ്രസ് പരിപാടിയും മാറ്റിവെച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസിന് ഏറെ താങ്ങും തണലുമായ നേതാവിന്‍റെ വിയോഗം കനത്ത നഷ്ടമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും സൗഹൃദപരമായി ഇടപെടുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്ത നേതാവായിരുന്നു രാജീവന്‍ മാസ്റ്റര്‍ എന്ന് മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനുസ്മരിച്ചു.
ജനപ്രിയ നേതാവായിരുന്നു രാജീവന്‍ മാസ്റ്ററെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അനുസ്മരിച്ചു. പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച നേതാവായിരുന്നുവെന്ന് മുസ്‍ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ അനുസ്മരിച്ചു.
രാവിലെ ഒമ്പത് മുതല്‍ പത്തര വരെ ഡി.സി.സി ഓഫിസിൽ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
കെ.പി.സി.സിക്കു വേണ്ടി വര്‍ക്കിങ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എം.എല്‍.എയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനു വേണ്ടി ജനറല്‍ സെക്രട്ടറി കെ. ജയന്തും രമേശ് ചെന്നിത്തലക്ക് വേണ്ടി ഡി.സി.സി ജനറല്‍ സെക്രട്ടറി ഷെറില്‍ ബാബുവും ഡി.സി.സിക്ക് വേണ്ടി പി. മമ്മദ്‌കോയയും റീത്ത് സമര്‍പ്പിച്ചു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, മുന്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.കെ. സജീവന്‍, സെക്രട്ടറി ശ്യം, മുന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.