കോഴിക്കോട് ബൈപ്പാസിൽ കുഴിയിൽ വീണ് ദുരിത യാത്ര
text_fieldsകോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ നിറയെ കുഴികളായതോടെ മഴയിൽ യാത്രാദുരിതം. ദേശീയപാത 66ൽ 28.12 കിലോമീറ്റർ നീളമുള്ള ബൈപ്പാസിൽ മിക്കയിടത്തും ഏതു നേരവും ഗതാഗതസ്തംഭനമുണ്ടാവുമെന്ന സ്ഥിതിയായി.
മഴ കനത്തതോടെ കുഴികളിൽ ചളിയും വെള്ളവും നിറഞ്ഞ് അപകടവും കൂടി. കുഴികളിൽ കയറിയിറങ്ങിയുള്ള യാത്ര പിന്നിടാൻ മണിക്കൂറുകൾ പിടിക്കുന്നു. ജങ്ഷനുകൾക്കും പാലങ്ങൾക്കും വേഗതകുറക്കാൻ സ്ഥാപിച്ച വരമ്പുകൾക്കു സമീപമാണ് കൂടുതൽ ശോച്യാവസ്ഥ.
തകർന്ന റോഡ് സമയാസമയം നന്നാക്കാത്തതിനാൽ കുഴികൾക്ക് ദിവസമെന്നോണം ആഴവും പരപ്പും വർധിച്ചുവരുകയാണ്. ചെറുകാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം ഏതു നിമിഷവും കുഴിയിൽപെട്ട് വലിയ അപകടമുണ്ടാവുമെന്ന അവസ്ഥ. പൂളാടിക്കുന്നിനും വേങ്ങേരിക്കുമിടയിൽ നിരവധി കാൽ നടയാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ ഭാഗത്താണ് ഏറ്റവുമധികം കുഴികളുള്ളത്.
ബൈപാസ് വീതികൂട്ടി നവീകരിക്കാനുള്ള പദ്ധതി ഇപ്പോഴും കടലാസിലാണ്. ഏറ്റവുമൊടുവിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നവീകരണം തുടങ്ങാനാവുമെന്ന പ്രതീക്ഷയുയർന്നിട്ടുണ്ട്.
ദേശീയപാത അതോറിറ്റിയുമായി ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡിെൻറ (ഇൻകെൽ) ഫിനാൻഷ്യൽ ക്ലോഷർ കരാർ ഒപ്പിട്ടതിനെ തുടർന്നാണിത്. പദ്ധതിക്ക് 640 കോടി വായ്പക്ക് അനുമതി ലഭ്യമാക്കുന്ന കരാറാണിത്.
50 ലക്ഷം രൂപവരെയുള്ള അറ്റകുറ്റപ്പണികൾ കൂടുതൽ മേൽ അനുമതിയൊന്നുമില്ലാതെതന്നെ നടത്താവുന്നതാണെന്ന് കാണിച്ച് എം.കെ. രാഘവൻ എം.പി. ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് കത്തയച്ചു.
തീവണ്ടിയടക്കം പൊതു ഗതാഗത സംവിധാനങ്ങൾ കുറഞ്ഞ സമയത്ത് കൂടുതലാൾ ഉപയോഗിക്കുന്ന ബൈപാസ് അറ്റകുറ്റപ്പണിക്ക് ഉടൻ നടപടിയെടുത്ത് വിവരങ്ങൾ കൈമാറണമെന്ന് എം.പി കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.