മീറോട്മല ചെങ്കൽ ഖനനം: ജില്ല കലക്ടർക്കു മുന്നിൽ സങ്കടം പറഞ്ഞ് അമ്മമാരും കുട്ടികളും
text_fieldsമേപ്പയൂർ: ചെങ്കൽ ഖനനം നടക്കുന്ന മീറോട്മലയിൽ ജില്ല കലക്ടർ സന്ദർശനം നടത്തി. കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മലയിൽ അനധികൃതമായാണ് ഖനനം നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ജില്ല കലക്ടർ സാംബശിവറാവു സന്ദർശിച്ചത്.
രാവിലെ 10 മണിക്ക് തന്നെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പ്രദേശവാസികൾ മലയിൽ ഒത്തുകൂടിയിരുന്നു. ഏറെനാളായി പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭത്തിലായിരുന്നു. മൂന്നു മണിക്കൂറോളം കലക്ടറെ കാത്തിരുന്ന ജനങ്ങൾ അവരുടെ ഭയാശങ്കകൾ ജില്ല കലക്ടറെ നേരിട്ട് അറിയിച്ചു.
ഭയാശങ്കയിൽ മഴക്കാലത്ത് കിടന്നുറങ്ങാനാവുന്നില്ലെന്നും ഏതുസമയത്തും മലയിൽ കുത്തനെ നിൽക്കുന്ന കിളച്ചിട്ട മണ്ണ് താഴോട്ടു നീങ്ങി നിരവധി വീടുകൾ മണ്ണിനടിയിൽപെടുമെന്നും അവർ അറിയിച്ചു. മാത്രമല്ല, ഇതുവരെ ചെങ്കൽ ഖനനം നടത്തിയ പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴികളിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞുനിൽക്കുന്നത് താഴെ അടുത്തടുത്തായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് കനത്ത ഭീഷണിയാവുകയാണ്.
തങ്ങളുടെ കുടിവെള്ളത്തിെൻറ ഉറവ ഈ മലയാണെന്നും മല സംഭരിച്ചുവെക്കുന്ന വെള്ളമാണ് വേനൽക്കാലത്തും സമൃദ്ധമായി ലഭിക്കുന്നതെന്നും കലക്ടറെ ധരിപ്പിച്ചു. ഖനനം പൂർണമായി നിർത്താൻ വേണ്ട നടപടി സ്വീകരിക്കാമെന്ന് പ്രദേശവാസികൾക്ക് കലക്ടർ ഉറപ്പുനൽകി.
കഴിഞ്ഞ അഞ്ചു വർഷമായി ഒരു അനുമതിയുമില്ലാതെയാണ് പ്രദേശത്ത് ഖനനം നടന്നതെന്ന് റവന്യൂ അധികാരികൾ കലക്ടറെ അറിയിച്ചു. റവന്യൂ ഭൂമിയിൽനിന്ന് അനുമതിയില്ലാതെ ചെങ്കൽ ഖനനം നടത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇവരിൽനിന്ന് കനത്ത പിഴ ഈടാക്കുമെന്നും കലക്ടർ അറിയിച്ചു.
കൊയിലാണ്ടി തഹസിൽദാർ സി.പി. മണി, കീഴരിയൂർ വില്ലേജ് ഓഫിസർ അനിൽകുമാർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നിർമല, മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ജനങ്ങളോടൊപ്പം മലയിൽ തന്നെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.