ഏഴഴകിൽ ബജറ്റ്; മികച്ച നഗരം തീർക്കാൻ 50 കോടിയുടെ പദ്ധതി
text_fieldsകോഴിക്കോട്: ഇന്ത്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടിനെ എത്തിക്കാൻ ജനകീയ ഇടപെടലിലൂടെ ശുചിത്വ സംസ്കാരം വളർത്തുമെന്ന പ്രഖ്യാപനവുമായി ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് കോർപറേഷന്റെ 2021 -22 വർഷത്തെ പുതുക്കിയ ബജറ്റും 2022- 23 വർഷത്തെ മതിപ്പ് ബജറ്റും അവതരിപ്പിച്ചു.
'ഏഴഴകിലേക്ക് എൻ കോഴിക്കോട്' എന്ന തലവാചകവുമായി 'അഴക്' (എ മാസ് ഇനീഷ്യേറ്റിവ് ഫോർ സീറോ വേസ്റ്റ് അപ്ലിഫ്റ്റിങ് ഹാപ്പിനസ് ഇൻഡക്സ് ആൻഡ് ആറ്റിറ്റ്യൂടിനൽ ചേഞ്ച് ഇൻ വേസ്റ്റ് മാനേജ്മെന്റ് അറ്റ് കോഴിക്കോട്) എന്ന പേരിലുള്ള ബൃഹത് പദ്ധതി മൂന്നു കൊല്ലം കൊണ്ട് നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. 'അഴകി'ൽ 2022 -23 കാലത്ത് മാത്രം 50 കോടിയോളം രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
1.അഴകാർന്ന ആതുരാലയങ്ങൾ, 2. പൊതു ഇടങ്ങൾ, 3. ജലാശയങ്ങൾ, 4.പൊതു സ്ഥാപനങ്ങൾ, 5. വീടുകൾ, 6. വ്യാപാര ഇടങ്ങൾ, 7. പാതകളും തെരുവുകളും എന്നിവയാണ് അഴകിൽ നടപ്പാക്കുക.
918.02 കോടി രൂപ വരവും 857. 38 കോടി രൂപ ചെലവും 60. 64 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചത്. ബജറ്റ് ചർച്ച വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കും.
'അഴകിൽ' ഈ കൊല്ലം നടപ്പാക്കുന്ന പ്രധാന പദ്ധതികൾ
•വീടുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം -ബയോഗ്യാസ്, കമ്പോസ്റ്റ്, ബയോബിൻ റിങ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ എന്നിവ നൽകുന്നതിന് 18.67 കോടി
•ഹരിത കർമസേനക്ക് മൂന്നു കോടിയുടെ വാഹനം
•നാലുകോടിയുടെ റോബോട്ടിക് ഗാർബേജ് മോണിറ്ററിങ് സിസ്റ്റമടക്കം അത്യാധുനിക ശുചീകരണ സംവിധാനങ്ങൾ.
•50,000 വീട്ടിൽ അഞ്ചുലക്ഷത്തിന്റെ തുണി സഞ്ചി
•മൊഫ്യൂസിൽ സ്റ്റാൻഡും പാളയം സ്റ്റാൻഡും നവീകരിക്കാനും പെയിന്റടിക്കാനും ശൗചാലയം പണിയാനും മറ്റുമായി 1.22 കോടിയിലേറെ രൂപ.
•മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി, വെള്ളയിൽ ഹെൽത്ത് സെന്റർ, കോട്ടപ്പറമ്പ് ആശുപത്രി എന്നിവിടങ്ങളിൽ തുമ്പൂർമുഴി മാതൃകയിൽ കമ്പോസ്റ്റ് യൂനിറ്റുകൾക്ക് 1.1കോടി.
•സർക്കാർ സ്ഥാപനങ്ങളിൽ നാപ്കിൻ വെണ്ടിങ് യന്ത്രമടക്കമുള്ളവക്ക് ഏഴ് ലക്ഷം.
•ഓവുചാലിലെ മണ്ണ് നീക്കാൻ 2.35 കോടി.
•ശുചിത്വ തൊഴിലാളികൾക്ക് 1.83 കോടിയുടെ ഉപകരണങ്ങളും പ്രത്യേക യൂനിഫോമും
ബജറ്റിൽ പ്രഖ്യാപിച്ച മറ്റു പ്രധാന പദ്ധതികൾ
•കേരള ബാങ്കുമായി സഹകരിച്ച് നഗര റോഡുകൾ ഡിസൈൻഡ് റോഡുകളാക്കും. ആദ്യഘട്ടമായി പി.ടി. ഉഷ റോഡ് മാതൃകാ പാതയാക്കും.
•വലിയങ്ങാടിയുടെ കവാടത്തിൽ പഴയ പാസ്പോർട്ട് ഓഫിസിനടുത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കേന്ദ്രമെന്ന കോഴിക്കോടിന്റെ ചരിത്രം പഠിക്കാൻ പറ്റുന്ന സ്പൈസസ് ടവർ
•കല്ലായിപ്പുഴയോരത്ത് തടി വ്യവസായ ചരിത്രം രേഖപ്പെടുത്തുന്ന തടി മ്യൂസിയം
•ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ. തളി, കുറ്റിച്ചിറ മാതൃകയിൽ തിരുവണ്ണൂർ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കും.
•കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നഗരവണ്ടികൾ ഏർപ്പെടുത്തി സർക്കുലർ സർവിസ്
•സ്ഥിരം നാടകവേദിയും അന്താരാഷ്ട്ര നാടകോത്സവവും ഈ വർഷം തുടങ്ങും.
•അതിദരിദ്രരില്ലാത്ത നഗരമാക്കാൻ ഒരുകോടി
•വീടില്ലാത്തവർക്ക് വീടുകൾ പണിയാൻ 32 കോടി.
•ഫറോക്ക് പാലത്തിനടുത്തും തോണിച്ചിറയിലും മണൽ കടവുകൾ
•5000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്ന 'വീ ലിഫ്റ്റ്' തൊഴിൽ ദാന പദ്ധതിക്കായി ഒരു കോടി.
•വേങ്ങേരി മാർക്കറ്റിൽ കുടുംബശ്രീയുടെ സ്ഥിരം വിപണനമേള
•വ്യവസായ വകുപ്പ് കൈവശമുള്ള കേരള സോപ്സ് ഭൂമിയിൽ കൺവൻഷൻ സെന്റർ.
•പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹൈടെക് ഫിഷ് മാൾ
•ഇടിയങ്ങര, പുതിയറ, കാരപ്പറമ്പ് മാർക്കറ്റുകൾ നവീകരിക്കും. പയ്യാനക്കൽ, എരഞ്ഞിക്കൽ, മൂഴിക്കൽ മാർക്കറ്റുകൾക്ക് സ്ഥലം കണ്ടെത്തും.
•പാളയം ആധുനികവത്കരിക്കാൻ സ്വപ്ന പദ്ധതി
•വിശപ്പുരഹിത കോഴിക്കോട് പദ്ധതിയിൽ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ പൊതിച്ചോർ വിതരണത്തിന് പ്രത്യേക കേന്ദ്രം. വീടുകളിൽ പൊതിച്ചോറ് വാങ്ങി നൽകും.
•-റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ എല്ലാ മാസവും 30ന് മുകളിലുള്ളവരുടെ ആരോഗ്യ പരിശോധന
•ശ്വാസം മുട്ടലുള്ളവർക്കായി ഓക്സിജൻ കോൺസൻട്രേറ്റർ ചുരുങ്ങിയ വാടകയ്ക്ക് നൽകുന്ന ഒരുശ്വാസം ഒരുജീവൻ പദ്ധതി പാലിയേറ്റിവ് കെയർ വഴി നടപ്പാക്കും
•ചരിത്രപശ്ചാത്തലമുള്ള വീടുകൾ ഉൾപ്പെടെ സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പുമായി ചേർന്ന് ഹെറിറ്റേജ് പ്രിസർവേഷൻ പ്രോഗ്രാം
•കോർപറേഷൻ പഴയ ഓഫിസ് ചരിത്ര മ്യൂസിയമാക്കി മാറ്റുന്ന പദ്ധതി ഈവർഷം തുടങ്ങും
•നഗരത്തിലെ പ്രധാന റോഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പൂമരങ്ങൾ നടാൻ നഗരപ്പൂമരം പദ്ധതി
•പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മൂഴിക്കൽ അക്വാ ടൂറിസം പദ്ധതി
•നഗരത്തെ അറിഞ്ഞ് കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റുന്ന ഹോസ്റ്റൽ പദ്ധതി
•എരവത്തുകുന്ന് ഉദ്യാന പദ്ധതി.
•നഗരത്തിൽ തിയറ്റർ കോംപ്ലക്സ്
•കോർപറേഷൻ 60ാം വാർഷികം നഗരത്തിന്റെ ഉത്സവമാക്കി മാറ്റും. വ്യാപാരോത്സവം, കലാ സാംസ്കാരിക പരിപാടികൾ, മലബാർ ഫിനാലെ, ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഉൾപ്പെടെ അന്താരാഷ്ട്ര ഗാനോത്സവം എന്നിവ നടത്തും.
•പ്രധാന തോടുകൾ നവീകരിക്കാൻ ഒമ്പത് കോടി.
•മുഴുവൻ സ്ഥലത്തും തെരുവുവിളക്ക് സ്ഥാപിക്കാൻ ഒമ്പതുകോടി പുതുതായി 5000 എൽ.ഇ.ഡി വിളക്കുകൾ.
•ജോലിയുള്ളവർക്കും മറ്റും പൊതു അടുക്കളയിൽനിന്ന് വീടുകളിൽ ഭക്ഷണമെത്തിക്കാൻ 'ഒറ്റ അടുപ്പ് പൊതു അടുക്കള' പദ്ധതി
വരക്കൽ ബീച്ചിൽ തീർഥാടനത്തിനെത്തുന്നവർക്ക് ലേഡീസ് കോർണർ, ഭട്ട് റോഡിൽ കാറ്റാടി ഗ്രൗണ്ട് നവീകരിക്കും.
എരഞ്ഞിപ്പാലത്ത് ടെന്നിസ് കോർട്ട്
മൊയ്തു മൗലവി സ്മാരകത്തിൽ ശിശു സൗഹൃദ കേന്ദ്രം.
പ്രധാന സ്ഥലങ്ങളിലെല്ലാം മുലയൂട്ടൽ, നാപ്കിൻ വെൻഡിങ് കേന്ദ്രങ്ങൾ
ഐ.എസ്.എൽ മാതൃകയിൽ ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് കോർപറേഷൻ സൂപ്പർ ലീഗ്
കോർപറേഷൻ സ്പോർട്സ് കൗൺസിൽ ഈ കൊല്ലം
പൊതു ഇടങ്ങളിൽ ഓപൺ ജിം, ജിംനാസ്റ്റിക് അക്കാദമി
നഗരത്തിൽ പ്രത്യേക വാക്സിൻ സെന്റർ തുടങ്ങും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നാലു കോടി
തെരുവു കച്ചവടത്തിന് ഏകീകൃത രൂപം നൽകും
ഭിന്നശേഷി കുട്ടികൾക്കായി ബീച്ചിൽ 10 ലക്ഷത്തിന്റെ സാഗരക്കാഴ്ച പദ്ധതി
ചാമുണ്ഡി വളപ്പിൽ ഓഡിറ്റോറിയം
24 ഇടത്ത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ
ഇടിയങ്ങര ഹെൽത്ത് സെന്റർ കമ്യൂണിറ്റി സെന്ററാക്കി കിടത്തി ചികിത്സ തുടങ്ങും.
ഗുണനിലവാരമനുസരിച്ച് സ്കൂളുകൾക്ക് അക്രഡിറ്റേഷൻ
മെഡിക്കൽ കോളജിൽ ട്രേഡ് ടവർ.
അനാവശ്യ വിവാദക്കാർ പിന്മാറണം -മേയർ
കോഴിക്കോട്: നഗര വികസനത്തിന്റെ കാര്യത്തിൽ തുറന്ന സമീപനമാണുള്ളതെന്നും അനാവശ്യ വിവാദമുയർത്തി വികസനത്തിന് തടസ്സം നിൽക്കുന്നവർ പിന്മാറണമെന്നും മേയർ ഡോ. ബീന ഫിലിപ് ബജറ്റ് ആമുഖപ്രഭാഷണത്തിൽ പറഞ്ഞു. സ്ഥാപിത താൽപര്യത്തിനായി ജനക്ഷേമ പദ്ധതികൾ എതിർക്കുന്നതിൽ പ്രയാസമുണ്ട്. കുറഞ്ഞ അളവിലെങ്കിലും കോർപറേഷൻ ഓഫിസിൽ ഉദ്യോഗതലത്തിലുള്ള ദുഷ്പ്രവണതകളുള്ളത് പരിഹരിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും മേയർ ആവശ്യപ്പെട്ടു. പദ്ധതികളുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും വികസനകാര്യത്തിൽ ഐക്യത്തിന്റെ കാഹളമോതി കോഴിക്കോടിന്റെ യശസ്സുയർത്താൻ എല്ലാവരും പിന്തുണക്കണമെന്നും ബജറ്റ് പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.