നഗരത്തിൽ ആയിരം പേർക്ക് വീട്; പദ്ധതിപ്രഖ്യാപനം ഉടൻ
text_fieldsകോഴിക്കോട്: സ്ഥലവും വീടുമില്ലാത്ത 1000 പേർക്ക് ആദ്യഘട്ടമായി ഈ സാമ്പത്തിക വർഷം തന്നെ ബഹുജന പങ്കാളിത്തത്തോടെ വീട് നൽകാനുള്ള പദ്ധതിപ്രഖ്യാപനം ഉടൻ നടക്കും. ഇതിനായി ഏപ്രിൽ 17ന് പ്രമുഖരുടെയും സംഘടനകളുടേയും യോഗം നടത്താനാണ് തീരുമാനം.
നേരത്തേ ഏപ്രിൽ 10ന് ചേരാൻ തീരുമാനിച്ച യോഗമാണ് 17ന് മാറ്റിയത്. ഈ മാസം തന്നെ പദ്ധതി പ്രഖ്യാപനവും ബേപ്പൂരിൽ തറക്കല്ലിടലും നടത്താനാണ് തീരുമാനം. 17ന് മലബാർ പാലസിൽ യോഗം വിളിക്കാനാണ് തീരുമാനമെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.
സർക്കാറിന്റെ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയടക്കം ഒന്നിപ്പിച്ചാണ് നടപ്പാക്കുക. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്താണ് പ്രവർത്തനം മുന്നോട്ടുപോവുകയെന്ന് കോർപറേഷൻ തീരുമാനിച്ചിരുന്നു. വീടുപണിക്കായി മൊത്തം 7274 അപേക്ഷകരുള്ളതിൽ 5000 പേരെയെങ്കിലും പരിശോധനകളെല്ലാം കഴിഞ്ഞ് അവസാനമായി പരിഗണിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
ഇവരിൽനിന്ന് 1000 പേർക്ക് ആദ്യകൊല്ലം വീട് നൽകുകയാണ് ലക്ഷ്യം. 500 ചതുരശ്രയടിയുള്ള വീടിന് 14 ലക്ഷം രൂപ വരും. ഇതിൽ 4.5 ലക്ഷം ലൈഫ് പദ്ധതിവഴി കിട്ടുമെന്നാണ് പ്രതീക്ഷ. ബാക്കി 70 കോടി പിരിച്ചെടുക്കുകയാണ് ലക്ഷ്യം. വീടിന് ചതുരശ്രയടിക്ക് 3000 രൂപ വരുമെന്നാണ് കണക്ക്. അഞ്ച് സെന്റിൽ നാല് വീട് പണിയാമെന്നാണ് കരുതുന്നത്. പദ്ധതിയിൽ നൂറോളം പാർപ്പിട സമുച്ചയങ്ങൾ ബേപ്പൂരിൽ പണിയാനുള്ള സ്ഥലം കണ്ടെത്തി.
കോർപറേഷൻതല സംഘാടക സമിതിയും കൗൺസിലർ അധ്യക്ഷനായ വാർഡുതല സമിതിയും ഉപഭോക്താക്കളെ കണ്ടെത്താനായി രൂപവത്കരിക്കും. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്താണ് പ്രവർത്തനം മുന്നോട്ടുപോവുകയെന്നും കൗൺസിൽ തീരുമാനിച്ചു.
പേരിടാൻ അവസരം
ബഹുജന പങ്കാളിത്തത്തോടെ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകുന്ന കോർപറേഷന്റെ പദ്ധതിക്ക് ഉചിതമായ പേരും ലോഗോയും നൽകാൻ പൊതുജനങ്ങൾക്ക് അവസരം. കേരളസർക്കാറിന്റെ ‘മനസ്സോടിത്തിരി മണ്ണ്’, ലൈഫ് മിഷൻ തുടങ്ങി വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടും ജനകീയ സഹകരണം കൊണ്ടുമാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഏപ്രിൽ 12 നകം പേരും ലോഗോയും അയച്ചു നൽകണമെന്ന് മേയർ ഡോ. ബീന ഫിലിപ് അറിയിച്ചു. homeforhomless23@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.