'അഴക്'കോഴിക്കോടിന്റെ അഴകായി മാറും -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും 'അഴക്' കോഴിക്കോടിന്റെ അഴകായി മാറാൻ പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
'ഏഴഴകിലേക്കെൻ കോഴിക്കോട്' എന്ന സന്ദേശവുമായി 51 മേഖലകളിൽ ശുചിത്വ പ്രോട്ടോകോൾ ലക്ഷ്യമിട്ട് കോർപറേഷൻ നടപ്പാക്കുന്ന അഴക് (എ മാസ് ഇനീഷ്യേറ്റിവ് ഫോർ സീറോ വേസ്റ്റ് എൻഹാൻസിങ് ഹാപ്പിനസ് ഇൻഡക്സ് ആൻഡ് ആറ്റിറ്റ്യൂഡിനൽ ചേഞ്ച് ഇൻ വേസ്റ്റ് മാനേജ്മെന്റ് ഇൻ കോഴിക്കോട്) പദ്ധതിയുടെ ഉദ്ഘാടനം ടാഗോർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും നല്ല രീതിയിൽ പദ്ധതിയുമായി സഹകരിച്ച് ആവശ്യമായ എല്ലാ പ്രോട്ടോകോളും പാലിച്ച്, അവരവർ നിർവഹിക്കേണ്ട ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്ന നിലയുണ്ടാവണം.
കോഴിക്കോടിനെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി. കൃത്യമായ പെരുമാറ്റച്ചട്ടം ഇന്നുമുതൽ നടപ്പാവും. നാടിന്റെ ശുചിത്വമുറപ്പാക്കൽ, സംസ്ഥാന സർക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമെന്ന കാഴ്ചപ്പാട് മുൻനിർത്തിയുള്ള ജനകീയ ഇടപെടലാണിത്. അതുവഴി കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഖരമാലിന്യ പരിപാലനത്തിൽ മികവ് പുലർത്തിയവർക്ക് പുരസ്കാരങ്ങൾ നൽകും. വളരെ വേഗത്തിൽ നഗരവത്കരണം കേരളത്തിൽ നടക്കുന്നു. വീടുകളിൽ സ്വന്തമായി മാലിന്യ സംസ്കരണം നടപ്പാക്കാനായില്ലെങ്കിൽ കോർപറേഷൻ സഹായം നൽകും. ദുർബല വിഭാഗങ്ങൾ ഒന്നിച്ച് താമസിക്കുന്നിടത്ത് കമ്യൂണിറ്റി കമ്പോസ്റ്റിങ് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.