അനധികൃത കെട്ടിടങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ അനുമതി
text_fieldsകോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ടൗൺ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം 468 (വഞ്ചനക്കായി വ്യാജ രേഖയുണ്ടാക്കൽ), 471 (ഡിജിറ്റൽ സംവിധാനത്തിൽ വ്യാജരേഖയുണ്ടാക്കൽ), ഐ.ടി ആക്റ്റിലെ 66 -സി, 66 -ഡി എന്നീ വകുപ്പുകൾ പ്രകാരമണ് കേസെടുത്തത്.
ജീവനക്കാരിൽനിന്നടക്കം മൊഴികൾ ശേഖരിച്ചശേഷമാവും ആരെയൊക്കെ പ്രതിചേർക്കണം എന്ന് തീരുമാനിക്കുക.കോർപറേഷന്റെ ബേപ്പൂർ മേഖല ഓഫിസിലെ ലാപ്ടോപ്പിൽനിന്നാണ് ലോഗിനും പാസ്വേഡുമുപയോഗിച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുകയും ഡിജിറ്റൽ ഒപ്പ് നൽകി നികുതിയടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്.
അതിനാൽ കേസ് ബേപ്പൂർ പൊലീസിന് കൈമാറാനുള്ള സാധ്യതയുണ്ട്. ഈ ലാപ്ടോപ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കും. സൈബർ സെല്ലിന്റെകൂടി സഹായത്തോടെയാവും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം.സംഭവം പുറത്തായതോടെ ലോഗിൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മെയിൻ ഓഫിസിലെ റവന്യൂ വിഭാഗം സൂപ്രണ്ട് പി. കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ എൻ.പി. മുസ്തഫ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഓഫിസർ പി. ശ്രീനിവാസൻ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.