തിരുവനന്തപുരത്തെ മലിനജല സംസ്കരണ പ്ലാന്‍റ് സന്ദർശിച്ച് കോഴിക്കോട് കോർപറേഷൻ സംഘം
text_fieldsകോഴിക്കോട്: കോതിയിലും ആവിക്കൽതോടിലും തുടങ്ങാനിരിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്‍റുകള്‍ക്കെതിരെ എതിർപ്പ് ശക്തമായതോടെ പ്രദേശവാസികളും കൗൺസിലർമാരുമായും തിരുവനന്തപുരത്തെ മലിനജല സംസ്കരണ പ്ലാന്‍റ് സന്ദർശിച്ച് മേയർ എം. ബീന ഫിലിപ്പും സംഘവും. അമൃത് പദ്ധതിയിൽ കേരള വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമിച്ച മലിനജല സംസ്കരണ പ്ലാന്‍റാണ് സംഘം സന്ദർശിച്ചത്.
കോഴിക്കോട്ട് പ്ലാന്റ് നിര്‍മിക്കുന്ന പ്രദേശത്തുള്ളവരും ഭരണപക്ഷ കൗൺസിലർമാരും കോർപറേഷൻ സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും 40 അംഗ സംഘത്തിലുണ്ടായിരുന്നു. സംസ്‌കരണ പ്ലാന്‍റും പ്രവര്‍ത്തനവും ഇവർക്ക് കാണിച്ചുകൊടുത്തു. മേയറുടെയും കോര്‍പറേഷന്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരുമുള്‍പ്പെടുന്ന നാല്‍പതംഗ സംഘമാണ് തിരുവനന്തപുരം സന്ദര്‍ശിച്ചത്. പ്ലാന്‍റിന്റെ പ്രവര്‍ത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അജീഷ് കുമാര്‍ വിശദീകരിച്ചു.
അമൃത് പദ്ധതിപ്രകാരം 14 കോടി രൂപ ചെലവഴിച്ചാണ് തിരുവനന്തപുരത്തെ പ്ലാന്‍റ് നിര്‍മിച്ചത്. 10 വര്‍ഷത്തെ അറ്റകുറ്റപ്പണിയും നിർമാണക്കമ്പനി നടത്തും. അഞ്ച് ദശലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.
ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കല്‍ കോളജിലെ ചില്ലര്‍, ഫ്ലഷിങ് ആവശ്യങ്ങള്‍ക്കും ചെടികൾ നനക്കാനും ഉപയോഗിക്കുന്നുണ്ട്. പ്ലാന്‍റ് വന്നതോടെ ദുര്‍ഗന്ധവും കൊതുകുശല്യവും കുറഞ്ഞതായി പരിസരവാസികള്‍ അവകാശപ്പെട്ടു. കോതിയില്‍ ആറ് ദശലക്ഷം ലിറ്ററും ആവിക്കല്‍ തോട് എഴു ദശലക്ഷം ലിറ്ററും ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരും പ്രതിപക്ഷവുമടക്കം സമരത്തിലാണ്. മലിനജലം കൊണ്ട് പൊറുതിമുട്ടുന്ന ആവിക്കല്‍ തോട്, കോതി ഉള്‍പ്പെടെയുള്ള നഗരത്തിലെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ചതെന്ന് മേയര്‍ ഡോ. ബീന ഫിലിപ് പറഞ്ഞു.
മലിനജലം ദുരിതംവിതയ്ക്കുന്ന നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാവും. എന്നാല്‍, തെറ്റായ പ്രചാരണങ്ങള്‍ നടത്തി ചിലര്‍ അനാവശ്യവിവാദം സൃഷ്ടിക്കുന്നു. അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കില്‍ അമൃത് പദ്ധതിയില്‍ കോര്‍പറേഷന് മേലില്‍ ഇടം ലഭിക്കാതെ വരുമെന്നും മേയര്‍ പറഞ്ഞു.
കള്ളം പ്രചരിപ്പിക്കുന്നു -ജനകീയ കൂട്ടായ്മ
കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍ തോടിന് സമീപം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ജനകീയ കൂട്ടായ്മ. ട്രീറ്റ്മെന്‍റ് പ്ലാന്‍റുമായി ബന്ധപ്പെട്ട് കോർപറേഷൻ കള്ളപ്രചാരണമാണ് നടത്തുന്നത്. പ്രദേശത്ത് പ്ലാന്‍റ് സ്ഥാപിക്കുന്നതിനോട് പ്രദേശവാസികള്‍ ഇതുവരെ അനുകൂലിച്ചിട്ടില്ല. എന്നാല്‍, മാര്‍ച്ച് 12ന് കോര്‍പറേഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നടപ്പിലാക്കാന്‍ ധാരണയായെന്ന പ്രചാരണമാണ് കോർപറേഷൻ നടത്തുന്നതെന്നും ജനകീയകൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി നടപ്പിലാക്കാനാണ് കോര്‍പറേഷന്‍റെ ശ്രമം. പ്ലാന്‍റിനെ കുറിച്ച് വിശദമാക്കാന്‍ തിരുവനന്തപുരത്ത് നടത്തിയ യോഗത്തില്‍ സമരസമിതി ഭാരവാഹികളാരും ഉണ്ടായിരുന്നില്ല. ജനങ്ങളെ അടിച്ചമര്‍ത്തി പ്ലാന്‍റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും മറ്റൊരു പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ടി. ദാവൂദ്, ഇര്‍ഫാന്‍ ഹബീബ്, അബ്ദുൽ ഗഫൂര്‍, കെ. ഷൈബു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.