എംപ്ലോയബിലിറ്റി സെന്റർ തുടങ്ങാൻ കോഴിക്കോട് കോർപറേഷൻ
text_fieldsകോഴിക്കോട്: കോർപറേഷന്റെ സ്വന്തം സമഗ്ര തൊഴിൽദാന പദ്ധതിയായ വീ ലിഫ്റ്റിന്റെ ഭാഗമായി എംപ്ലോയബിലിറ്റി സെന്റർ തുടങ്ങുന്നകാര്യം നഗരസഭയുടെ പരിഗണനയിൽ. സെന്റർ വഴി തൊഴിൽ കൊടുക്കുമ്പോൾ വ്യാപാരികൾക്ക് വേജസ് ഗ്രാന്റ് കൊടുക്കാനാവുമോയെന്നും പരിശോധിക്കുമെന്നും വി ലിഫ്റ്റ് പദ്ധതിയുടെ അടുത്ത ഘട്ടമായി ഇക്കാര്യം പരിഗണിക്കുമെന്നും കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ അറിയിച്ചു. വി ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി 50 കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേള 15ന് ടാഗോർ ഹാളിൽ നടക്കും.
മേള വഴി 500 പേർക്കെങ്കിലും തൊഴിൽ നൽകാനായാൽ 5000 പേർക്ക് തൊഴിലെന്ന കോർപറേഷൻ ലക്ഷ്യത്തിലെത്താനാവും. അഞ്ചുകൊല്ലം കൊണ്ട് 5000 പേർക്ക് തൊഴിലെന്ന ലക്ഷ്യത്തിലാണ് പദ്ധതി തുടങ്ങിയതെങ്കിലും ഒരു കൊല്ലം കൊണ്ടുതന്നെ ലക്ഷ്യത്തിലെത്തിയെന്നാണ് അവകാശവാദം. വ്യാപാരികളുമായി സഹകരിച്ചുള്ള പദ്ധതികൾ പുതിയതായതിനാൽ സർക്കാർ അനുവാദം വേണ്ടിവരും. അതുകൂടി ഉൾപ്പെടുത്തി നഗരത്തിൽ മുഴുവനാളുകൾക്കും തൊഴിൽ കൊടുക്കുകയാണ് ലക്ഷ്യം. 4430 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കിയതായാണ് കണക്ക്. കഴിഞ്ഞ ഡിസംബർ വരെയുള്ള പദ്ധതിയുടെ പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
നഗര പരിധിയിൽ 1679 സംരംഭങ്ങൾ തുടങ്ങുകവഴി 135.48 കോടിയുടെ നിക്ഷേപമുണ്ടാക്കാനായി. ബാങ്ക് വായ്പയും സംരംഭം ആരംഭിക്കുന്നവരുടെ പണവും കൂട്ടിയാണ് ഇത്ര തുകയുടെ നിക്ഷേപമുണ്ടായെന്ന് കണക്കാക്കിയത്. വ്യവസായവകുപ്പ് വഴി 4000 തൊഴിലവസരങ്ങൾ ഉണ്ടാക്കാനായി. മറ്റുള്ളവ കുടുംബശ്രീവഴിയാണ് സൃഷ്ടിച്ചത്. 2951 പുരുഷൻമാർക്കും 1479 സ്ത്രീകൾക്കും പണി കൊടുക്കാനായി. അടുത്തഘട്ടമായി തൊഴിൽ എടുക്കാവുന്നവർക്കെല്ലാം ജോലി നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് എംേപ്ലായബിലിറ്റി സെന്ററും വ്യാപാരികൾക്ക് വേജസ് ഗ്രാന്റുമെല്ലാം പരിഗണിക്കുക.
പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാൻ പ്രമുഖ സ്ഥാപനങ്ങളുമായി കരാറിലെത്തും. പദ്ധതി ഭാഗമായി വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. ഐ.ടി, കാർഷികം, മൂല്യവർധിത ഉൽപന്നങ്ങൾ, ഫിഷറീസ്, കരകൗശലം, സേവനം, വ്യവസായം എന്നിങ്ങനെ തരംതിരിച്ചാണ് തൊഴിൽ നൽകുന്നത്. സേവനമേഖലയിലാണ് കൂടുതൽപേർക്ക് പണി കിട്ടിയത്. ലൈസൻസ്, ലോൺ, സബ്സിഡി തുടങ്ങിയ സൗകര്യങ്ങൾ നൽകുന്നതോടൊപ്പം ദേശീയ നഗര ഉപജീവനദൗത്യത്തിലുൾപ്പെടുത്തി പഞ്ചകർമ ടെക്നീഷ്യൻ, അക്കൗണ്ടിങ്, ഇലക്ട്രീഷ്യൻ തുടങ്ങിയ കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. സംരംഭകമേഖലകൾ, വിപണനതന്ത്രം എന്നിവ പഠിച്ച് നിർദേശം നൽകാൻ ഐ.ഐ.എമ്മുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.