സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി കോഴിക്കോട്
text_fieldsകോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.
നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും സർവേ നടത്തി 30,203 പഠിതാക്കളെ കണ്ടെത്തി അവർക്ക് 5388 വളന്റിയർമാരാണ് സാക്ഷരത നൽകിയത്. ഇനിയും കണ്ടെത്താത്തവർക്കും മറ്റുമായി തുടർപ്രവർത്തനം വരും ദിവസങ്ങളിൽ നടക്കും. മുതിർന്ന പൗരന്മാരെ സ്മാർട്ട് ഫോൺ വഴി സെൽഫിയെടുക്കാനും ഉറ്റവർക്ക് വിഡിയോ കാൾ ചെയ്യാനും നികുതിയടക്കാനുമെല്ലാം ഡിജിറ്റൽ സാക്ഷരത പ്രവർത്തനത്തിലൂടെ പഠിപ്പിക്കാനായെന്ന് മേയർ പറഞ്ഞു.
2024 ആഗസ്റ്റിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. എരഞ്ഞിപ്പാലം വാർഡിൽ സി.ഡി.എ കോളനിയിൽ ആഗസ്റ്റ് 24ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ കോർപറേഷൻതല പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വിവിധ ഘട്ടങ്ങളിൽ കോർപറേഷൻ കൗൺസിലർമാർക്കും കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കും വാർഡ് കോഓഡിനേറ്റർമാർക്കും പരിശീലനം നൽകി. സർവേ പ്രവർത്തനം നടത്തി പഠിതാക്കളെ കണ്ടെത്തുന്നതിനും അവർക്ക് ഡിജിറ്റൽ സാക്ഷരത ക്ലാസ് നൽകുന്നതിനും വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്തായിരുന്നു പ്രവർത്തനം. സ്മാർട്ട് ഫോണിൽ വളന്റിയർ രജിസ്ട്രേഷൻ ചെയ്യുന്നതിനും ആപ് വഴി സർവേ ചെയ്യുന്നതും പഠിതാക്കൾക്ക് ക്ലാസ് എടുക്കുന്നതിനും ട്രെയിനിങ് വാല്വേഷൻ നിർവഹിക്കുന്നതിനും പ്രത്യേക പരിശീലനം നൽകി.
സർവേ പ്രവർത്തനങ്ങൾ സെപ്റ്റംബറിലാണ് നടത്തിയത്. എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, ചെറുവണ്ണൂർ കമ്യൂണിറ്റി ഹാൾ, ടൗൺ ഹാൾ എന്നിവിടങ്ങളിൽ മൂന്നു ദിവസങ്ങളിലായി വളന്റിയർമാർക്കായി ശില്പശാല നടത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് എല്ലാ വാർഡുകളിലും ഡിജി അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ചു. പഠിതാക്കൾക്ക് മൂന്നു മൊഡ്യൂളുകളായി ക്ലാസുകൾ നൽകി. കേന്ദ്രത്തിലേക്ക് പഠിതാക്കളെ എത്തിച്ചും അവിടെ വരാൻ കഴിയാത്തവർക്ക് വാർഡിന്റെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളിലും വീടുകളിലും അയൽക്കൂട്ടങ്ങളിലും ക്ലാസ് നൽകിയുമാണ് പൂർത്തീകരിച്ചത്. ചെലവൂർ വാർഡ് കോർപറേഷനിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത വാർഡായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി.സി. രാജൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.