കോഴിക്കോട് ജില്ല പഞ്ചായത്തിൽ പദ്ധതി വിനിയോഗത്തിൽ വൻ കുറവ്
text_fieldsകോഴിക്കോട്: ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് ചെലവഴിച്ചത് 35 ശതമാനം പദ്ധതിവിഹിതം മാത്രം. ക്ഷീര കർഷക മേഖലയിൽ 97 ശതമാനവും കുടുംബശ്രീയിൽ 90 ശതമാനവും ഫണ്ട് ചെലവഴിച്ചിട്ടുണ്ട്.
ലൈഫിൽ 10 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഡി.പി.ആർ തയാറാക്കാൻ വൈകിയതുൾപ്പെടെയുള്ള കാരണങ്ങളാലാണ് ഫണ്ട് വിനിയോഗം കുറഞ്ഞതെന്നാണ് വിശദീകരണം.
അവിടനല്ലൂർ എം.എൻ. കക്കാട് സ്മാരക സ്കൂളിൽ മേൽക്കൂര നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ ഒഴിവാക്കാൻ തീരുമാനിച്ചു. ഇവിടെ തൂണുകൾ നിർമിക്കാൻ പൈലിങ് നടത്തണമെന്ന് എൻജിനീയർ നിർദേശിച്ചിരുന്നു. അതു നേരത്തെ എസ്റ്റിമേറ്റിലില്ലാത്തതിനാൽ ഇക്കാര്യം ചെയ്തില്ല. പൈലിങ് നടത്തൽ ഉൾപ്പെടെ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ തന്നെ ചെയ്യണമെന്നും അതാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണമാകുന്നതെന്നും വി.പി.ദുൽഖിഫിൽ പറഞ്ഞു.
കുന്ദമംഗലം പട്ടികജാതി ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ഭരണസമിതി അനുവദിച്ച 25 ലക്ഷം രൂപയിൽ 23.60 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. കെട്ടിട നിർമാണം പൂർത്തിയായതായി എൻജിനീയർ സാക്ഷ്യപ്പെടുത്തി നൽകിയിട്ട് രണ്ട് മാസമായി. അവശേഷിച്ച തുകക്കായി കുറേ നടന്നെങ്കിലും ലഭിച്ചില്ലെന്ന് ധനീഷ്ലാൽ പറഞ്ഞു. കെട്ടിടത്തിന് നമ്പർ ലഭിക്കാത്തതാണ് കാരണമെന്നും അതു ഉടനെ ലഭിച്ചാൽ തുക നൽകുമെന്നും പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
കോടഞ്ചേരി വട്ടച്ചിറ കുടിവെള്ള പദ്ധതി പ്രവൃത്തി നടത്താൻ വനം വകുപ്പ് തടസ്സം നിൽക്കുന്നുവെന്ന് അംബിക മംഗലത്തിന്റെ പരാതി. ഇവിടേക്ക് വാഹനം കൊണ്ടുവരാൻ അനുവദിക്കുന്നില്ല. മനുഷ്യരുടെ വെള്ളംകുടി മുട്ടിക്കാൻ വരെ വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്ന് ബോസ് ജേക്കബ് പറഞ്ഞു. പ്രശ്നം വനം വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചേളന്നൂരിൽ ജൽജീവൻ പദ്ധതിയിൽ ഉടനെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കണമെന്ന് ഇ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡന്റ് നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് കെട്ടിടം നിർമിക്കാൻ ഭൂമി ഏറ്റെടുക്കും. നല്ലളം വ്യവസായ എസ്റ്റേറ്റ് ഭൂമി സർവേ നടത്താൻ തീരുമാനിച്ചു. ആറ് സ്കൂളുകളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് അംഗീകാരം നൽകി.
വൈസ് പ്രസിഡന്റ് പി.ഗവാസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.പി. ജമീല, കെ.വി.റീന, സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.