കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ: ചെങ്കടൽ കരുത്ത്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിലെ അംഗബലം മുന്നണികൾ നിലനിർത്തിയപ്പോൾ എൽ.ഡി.എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം. ആകെയുള്ള 27 സീറ്റുകളിൽ 18 ഇടത്താണ് എൽ.ഡി.എഫ് വിജയിച്ചത്. ഒമ്പതിടത്ത് യു.ഡി.എഫിനാണ് ജയം. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന തിരുവമ്പാടി, മുന്നണിയിലേക്കുവന്ന കേരള കോൺഗ്രസ് എമ്മിെൻറ പിൻബലത്തിൽ എൽ.ഡി.എഫ് പിടിച്ചെടുത്തു. 188 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ വി.പി. ജമീലയാണിവിടെ വിജയിച്ചത്.
എൽ.ഡി.എഫിനൊപ്പം നിന്ന പയ്യോളി അങ്ങാടി സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽ.ജെ.ഡി മത്സരിച്ച ഇൗ സീറ്റിന് അവകാശവാദമുന്നയിച്ച് അവസാനംവെര മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ തർക്കമുണ്ടായിരുന്നു.എൽ.ജെ.ഡി യുവജന വിഭാഗം ദേശീയ അധ്യക്ഷൻ സലീം മടവൂരിനെ 2020 വോട്ടിന് തോൽപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി. ദുൽഖിഫിലാണിവിടെ ജയിച്ചത്.
യു.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥികളായിരുന്ന എ.െഎ.സി.സി അംഗം ഡോ. എം. ഹരിപ്രിയ ബാലുശ്ശേരിയിലും മുൻ പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ആലീസ് പേരാമ്പ്രയിലും തോറ്റു. ഇവിടങ്ങൾ എൽ.ഡി.എഫ് ഭൂരിപക്ഷ ഡിവിഷനുകളാണെങ്കിലും അട്ടിമറി വിജയം യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. യു.ഡി.എഫിൽ ഇൗങ്ങാപ്പുഴ, കോടഞ്ചേരി, കുന്ദമംഗലം, നരിക്കുനി, പയ്യോളി അങ്ങാടി എന്നിവിടങ്ങളിൽ കോൺഗ്രസും നാദാപുരം, കട്ടിപ്പാറ, ഒാമശ്ശേരി, മടവൂർ എന്നിവിടങ്ങളിൽ മുസ്ലിം ലീഗുമാണ് ജയിച്ചത്.
നാദാപുരത്തെ മുസ്ലിം ലീഗ് സ്ഥാനാർഥി സി.വി.എം. നജ്മ (9,989), കക്കോടിയിലെ സി.പി.എം സ്ഥാനാർഥി ഇ. ശശീന്ദ്രൻ (9,400), കടലുണ്ടിലെ സി.പി.െഎ സ്ഥാനാർഥി അഡ്വ. പി. ഗവാസ് (8,323) എന്നിവരാണ് ഉയർന്ന ഭൂരിപക്ഷം നേടിയവർ. നന്മണ്ട ഡിവിഷനിൽനിന്ന് ജയിച്ച കാനത്തിൽ ജമീല വീണ്ടും ജില്ല പഞ്ചായത്ത് പ്രസിഡൻറാവാനാണ് സാധ്യത. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവുകൂടിയായ ഇവർ നേരത്തെ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്നു.
പ്രതീക്ഷിച്ച നേട്ടം –പി. മോഹനൻ
കോഴിക്കോട്: പ്രതീക്ഷിച്ച നേട്ടമാണ് എൽ.ഡി.എഫ് സ്വന്തമാക്കിയതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയ പ്രചാരണത്തെ ജനം തള്ളി. വെൽെഫയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയത് യു.ഡി.എഫിന് തിരിച്ചടിയായി. കോൺഗ്രസിലെയടക്കം മതേതര വോട്ടുകളെ ഇതു ബാധിച്ചു. കോഴിക്കോട് കോർപറേഷനിൽ ബി.ജെ.പി ജയിച്ച വാർഡുകളിൽ യു.ഡി.എഫിെൻറ വോട്ട് ചോർച്ചയുമുണ്ടായി.
നഗരസഭകളിൽ വലിയ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യു.ഡി.എഫിന് ചിലയിടങ്ങളിൽ ഭരണം നേടാനായി. അവിടങ്ങളിൽ എൽ.ഡി.എഫ് പിന്നാക്കം പോയത് പരിശോധിക്കും. െകാടുവള്ളി ചുണ്ടപ്പുറത്ത് കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽ.ഡി.എഫിന് വോട്ട് കുറഞ്ഞതും പരിശോധിക്കും. ഇവിടെ സി.പി.എമ്മിന് ബലം കുറവാണെന്നും സി.പി.എം ജില്ല സെക്രട്ടറി കൂട്ടിച്ചേർത്തു.
വോട്ട് മറിച്ച് യു.ഡി.എഫ് ഇല്ലാതായി –വി.കെ. സജീവൻ
കോഴിക്കോട് : ബി.ജെ.പി ക്ക് വിജയസാധ്യത തടയാൻ ഇരുമുന്നണികളും രഹസ്യധാരണയിലൂടെ വോട്ട് മറിച്ചെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ. പാർട്ടിയുടെ വോട്ട് വിഹിതത്തിൽ വൻ വർധനയുണ്ടായി.
യു.ഡി.എഫ് ജില്ലയിൽ അപ്രസക്തമായി. ഇടതുപക്ഷത്തിനെതിരായ വികാരം നിലനിൽക്കുമ്പോൾ യു.ഡി.എഫും ലീഗും സി.പി.എമ്മിനെ സഹായിക്കുന്ന നിലപാട് എടുത്തതിന് അവർ കനത്ത വില നൽകേണ്ടിവരും. ബി.ജെ.പി യെ ജനം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ബേപ്പൂർ തുറമുഖം, ബേപ്പൂർ, പുഞ്ചപ്പാടം, തോപ്പയിൽ തുടങ്ങിയ ഇടങ്ങളിൽ യു.ഡി.എഫ് വോട്ടുകൾ കുത്തനെ കുറഞ്ഞു. മതമൗലികവാദികളുമായി കൂട്ടുചേർന്ന ഇടതുമുന്നണിയുടെ വിജയം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും സജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.