ബഹളത്തിനിടെ കോഴിക്കോട് ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി തെരഞ്ഞെടുപ്പ്; ബഹിഷ്കരണം, ഇറങ്ങിപ്പോക്ക്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി തെരഞ്ഞെടുപ്പിനിടയിൽ വീണ്ടും നാടകീയരംഗങ്ങൾ. പ്രതിപക്ഷം പരാതി ഉന്നയിച്ചതിനെ തുടർന്ന് മാറ്റിവെച്ച ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് പൂർത്തിയാക്കിയത്. വരണാധികാരി കൂടിയായ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് ഭരണപക്ഷത്തിന്റെ ചട്ടുകമായെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചുവെന്നും ആരോപിച്ചായിരുന്നു ബഹിഷ്കരണം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 18 വോട്ടുകൾക്ക് എൽ.ജെ.ഡിയിലെ എം.പി. ശിവാനന്ദൻ, സി.പി.ഐയിലെ എൻ.എം. വിമല എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യോഗം ആരംഭിച്ചപ്പോൾതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയ നിർത്തിവെക്കണമെന്നും കൃത്യസമയത്ത് ലഭിച്ച രണ്ട് പത്രികകൾ പ്രകാരം യു.ഡി.എഫിലെ ബോസ് ജേക്കബിനെയും പി.ടി.എം. ഷറഫുന്നിസ ടീച്ചറെയും വിജയികളായി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ് കലക്ടറോട് ആവശ്യപ്പെട്ടു. നാസർ എസ്റ്റേറ്റ് മുക്കും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറുടെ നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്നും ഇതുവരെ നാല് നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും കലക്ടർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ‘കലക്ടർ നീതി പാലിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരുന്നു. കലക്ടർ അംഗങ്ങളുടെ പേരു വിളിച്ചതോടെ ഓരോരുത്തരായി വോട്ട് ചെയ്യാനെത്തി. വൈസ് പ്രസിഡന്റ് പി. ഗവാസ് വോട്ട് ചെയ്യാനെത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത് കുറച്ചുനേരം ബഹളത്തിനിടയാക്കി. എന്നാൽ അംഗങ്ങളോടല്ല, കലക്ടറുടെ നടപടിയിലാണ് പ്രതിഷേധമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പിന്നീട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സി.പി.എം ജില്ല സെക്രട്ടറി അടക്കമുള്ള നേതൃത്വം മന്ത്രിസഭയിലും തെരഞ്ഞെടുപ്പ് കമീഷനിലും സ്വാധീനം ചെലുത്തി തങ്ങൾക്കനുകൂലമായ തീരുമാനം നേടിയെടുക്കുകയായിരുന്നുവെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഐ.പി. രാജേഷ് പറഞ്ഞു. കൃത്യസമയത്ത് ലഭിച്ച രണ്ട് പത്രികകൾ മാത്രമേ പരിഗണിക്കൂവെന്ന് കലക്ടർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ മത്സരിച്ച് ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ അർഹതയില്ലാത്തതിനുവേണ്ടി വാശിപിടിക്കുകയാണ് യു.ഡി.എഫ് എന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം.
നാമനിർദേശക പത്രിക സമർപ്പിച്ച സമയത്തെ ചൊല്ലിയുള്ള തർക്കമാണ് ഡിസംബർ 21ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കലക്ടർ മാറ്റിവെച്ചത്. 11 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടിയിരുന്ന നാമനിർദേശപത്രിക എൽ.ഡി.എഫ് അംഗങ്ങൾ 11.03നാണ് സമർപ്പിച്ചതെന്നായിരുന്നു യു.ഡി.എഫിന്റെ വാദം. അതിനാൽ ഇത് അസാധുവാണെന്നും നിശ്ചിത സമയത്ത് സമർപ്പിച്ച രണ്ട് യു.ഡി.എഫ് അംഗങ്ങളുടെ പത്രികകൾ മാത്രമേ പരിഗണിക്കാവൂ എന്നും അവർ പറയുന്നു. എന്നാൽ തങ്ങൾ കൃത്യസമയത്തുതന്നെയാണ് പത്രിക സമർപ്പിച്ചതെന്ന് എൽ.ഡി.എഫും പറയുന്നു.
ജില്ല പഞ്ചായത്തിൽ 27 അംഗങ്ങൾക്കാണ് വോട്ടവകാശം. ഇതിൽ 18 പേർ എൽ.ഡി.എഫ് അംഗങ്ങളും ഒമ്പത് പേർ യു.ഡി.എഫ് അംഗങ്ങളുമാണ്. വോട്ടെടുപ്പ് നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അകത്തുപ്രവേശിക്കാൻ അനുവദിക്കാതെ പുറത്തുനിർത്തിയതിലും പ്രതിഷേധമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.