സ്കൂളുകളിൽ മാലിന്യസംസ്കരണ സംവിധാനമൊരുക്കാൻ കോഴിക്കോട് ജില്ല പഞ്ചായത്ത്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലും മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നു. പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയതെന്ന് ജില്ല പഞ്ചായത്ത് യോഗത്തിൽ അധ്യക്ഷതവഹിച്ച് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഴുവൻ സ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പ്രിൻസിപ്പൽമാരുടെയും പി.ടി.എ പ്രസിഡന്റുമാരുടെയും യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് ജില്ല പഞ്ചായത്തിന്റെ ഹാളിൽ ചേരും.
കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധികൾക്ക് പുറമെയുള്ള ജില്ലയിലെ സ്കൂളുകളുടെ യോഗമാണ് വിളിച്ചത്. ഓരോ സ്കൂളിനും വ്യത്യസ്ത മാലിന്യസംസ്കരണ സംവിധാനങ്ങളാവും വേണ്ടിവരുക. ചിലയിടത്ത് ബയോഗ്യാസ് പ്ലാന്റാണെങ്കിൽ മറ്റിടങ്ങളിൽ തുമ്പൂർമുഴി മോഡലും പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുമാവും. സ്കൂളിന്റെ ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതികൾ തയാറാക്കുക. പദ്ധതിനടത്തിപ്പിന് ആവശ്യമെങ്കിൽ കൂടുതൽ തുക വകയിരുത്തുമെന്നും അവർ അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെ ശുചിത്വസേന രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി. നാല് കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടുന്ന ആറ് യൂനി റ്റുകളാണ് തുടങ്ങുക. ഇവർക്ക് വാഹനം, ശുചീകരണ ഉപകരണങ്ങൾ ഉൾപ്പെടെ നൽകും. ജില്ല പഞ്ചായത്തിന്റെ മുഴുവൻ സ്കൂളുകളും ഇവർ ശുചീകരിക്കും. സ്വകാര്യവ്യക്തികൾക്ക് വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കാൻ പണമടച്ച് ഇവരുടെ സേവനം ഉപയോഗിക്കാനുമാവും.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതിയുടെ മൊബൈൽ യൂനിറ്റ് ആരംഭിക്കാനുള്ള നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. പേരാമ്പ്ര മൃഗാശുപത്രി വളപ്പിലെ സ്ഥലം എ.ബി.സി സെന്റർ തുടങ്ങുന്നതിന് അനുവദിക്കാനാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു യോഗത്തെ അറിയിച്ചതോടെ ഇക്കാര്യം പരിഗണിക്കുമെന്ന് ഷീജ ശശി വ്യക്തമാക്കി.
തൈവച്ചപറമ്പ് നരിക്കാട്ടേരി കനാൽ റോഡ് -നാദാപുരം പ്രവൃത്തിയിൽ കനാലിന് കൈവരി നിർമിക്കുന്നത് കൂടി ഉൾപ്പെടുത്തും. ശ്രദ്ധ ഭവൻ കെട്ടിടനിർമാണ ഫണ്ടിനായി സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കാൻ വ്യവസായപ്രമുഖരുടെ യോഗം ഉടൻ വിളിക്കാനും ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.പി. ജമീല, കെ.വി. റീന, പി. സുരേന്ദ്രൻ, എൻ.എം. വിമല, സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, അംഗങ്ങളായ ഐ.പി. രാജേഷ്, പി. ഗവാസ്, പി.ടി.എം. ഷറഫുന്നീസ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.