തെരഞ്ഞെടുപ്പിനൊരുങ്ങി കോഴിക്കോട് ജില്ല
text_fieldsകോഴിക്കോട്: പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ജില്ലയിൽ അങ്കത്തട്ടൊരുക്കാൻ ഇരുമുന്നണികളും സജീവമാകുന്നു. മണ്ഡലം-ബൂത്തുതല യോഗങ്ങൾ വിളിച്ച് അണികളെ സജ്ജമാക്കലും വോട്ടർപ്പട്ടിക പരിശോധിച്ച് പെട്ടിയിൽ വീഴുന്ന വോട്ടുകളൊന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തലുമാണ് ആദ്യപടി. ഇതിനുള്ള സന്നാഹങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഇരുമുന്നണികളും. സിറ്റിങ് എം.പിമാരുടെ ഭൂരിപക്ഷം വർധിപ്പിക്കാനാണ് യു.ഡി.എഫ് കോപ്പുകൂട്ടുന്നതെങ്കിലും എന്ത് വില കൊടുത്തും സീറ്റ് പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് തന്ത്രങ്ങൾ മെനയുന്നത്. എൽ.ഡി.എഫാണ് കളത്തിൽ ആദ്യം സജീവമായത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എൽ.ഡി.എഫ് ജില്ല യോഗം വ്യാഴാഴ്ച നടന്നു. യു.ഡി.എഫ് ജില്ല നേതൃയോഗം വെള്ളിയാഴ്ച മൂന്നിന് ലീഗ് ഹൗസിൽ നടക്കും.
ജില്ലയിലെ പാർലമെന്റ് മണ്ഡലങ്ങളായ കോഴിക്കോട്ടും വടകരയിലും സിറ്റിങ് എം.പിമാരായ എം.കെ. രാഘവനെയും കെ. മുരളീധരനെയും മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ജനപ്രിയരായ എം.പിമാരെ മത്സരിപ്പിച്ചാൽ വിജയം അനായാസമായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇരുവരെയും നേരിടാൻ എൽ.ഡി.എഫ് കോഴിക്കോട്ട് എളമരം കരീമിനെയും വടകരയിൽ ശൈലജ ടീച്ചറെയും രംഗത്തിറക്കുമെന്നാണ് അഭ്യൂഹം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അടക്കമുള്ളവരുടെ പേരുകളും എൽ.ഡി.എഫ് ക്യാമ്പുകളിൽനിന്ന് ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും എം.കെ. രാഘവനെയും കെ. മുരളീധരനെയും നേരിടാൻ പരിചയസമ്പന്നരായ ആളുകളെ മത്സരിപ്പിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
തെരഞ്ഞെടുപ്പിൽ വൻവിജയം ഉറപ്പിക്കുന്നതിന് സംഘടന സംവിധാനങ്ങൾ ഒരുക്കാൻ ജില്ല എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 28 നകം ബൂത്തുതല യോഗങ്ങൾ പൂർത്തിയാക്കും. 19ന് കോഴിക്കോടും 20ന് വടകരയിലും പാർലമെന്റ് എൽ.ഡി.എഫ് യോഗങ്ങൾ നടക്കും. ഫെബ്രുവരി 21ന് എല്ലാ നിയോജകമണ്ഡലം എൽ.ഡി.എഫ് യോഗങ്ങളും വിളിക്കാനും 24ന് മേഖല എൽ.ഡി.എഫ് യോഗങ്ങളും 28ന് ബൂത്ത് എൽ.ഡി.എഫ് യോഗങ്ങളും വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു.
കെ.കെ. ബാലൻ അധ്യക്ഷതവഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, എ. പ്രദീപ് കുമാർ, സി. ഭാസ്കരൻ, കെ. ലോഹ്യ, പി. കിഷൻ ചന്ദ്, ടി.കെ. രാജൻ, ഡി.ആർ. സുനിൽ സിങ്, ഷർമദ്ഖാൻ, പി. ഗവാസ്, വി. ഗോപാലൻ, കെ.എൻ. അനിൽകുമാർ, കെ.കെ. അബ്ദുല്ല, സാലിഹ് കൂടത്തായ്, ജെ.എൻ. പ്രേംദാസൻ, സി.എച്ച്. ഹമീദ്, എം. ഗിരീഷ്, കെ.കെ. മുഹമ്മദ്, ടി. വിശ്വനാഥൻ, ബാബു പറമ്പത്ത്, ഒ.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് ജില്ല യോഗം വെള്ളിയാഴ്ച മൂന്നിന് ലീഗ് സെന്ററിൽ നടക്കും. എം.പിമാരായ എം.കെ. രാഘവൻ, കെ. മുരളീധരൻ, എം.കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, ലീഗ് നേതാവ് ഉമ്മർ പാണ്ടികശാല, മായിൻഹാജി, നിയോജക മണ്ഡലം കൺവീനർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ കെ. ബാലനാരായണൻ അറിയിച്ചു.
വോട്ടർപ്പട്ടികയിൽ പേര് ചേർക്കൽ അടക്കമുള്ള നടപടികൾക്ക് ഇതിനകംതന്നെ ബൂത്ത് കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നത്തെ യോഗത്തോടെ ഇത് ഔദ്യോഗികമായി അറിയിക്കും. 25ന് മുമ്പ് ബൂത്തുതലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടപ്പട്ടിക പരിശോധിച്ച് വിട്ടുപോയവരെ ചേർക്കൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.