ജില്ല സ്കൂൾ കായികമേള തുടങ്ങി; മുന്നേറി മുക്കം
text_fieldsകോഴിക്കോട്: പ്രതികൂല കാലാവസ്ഥയെയും പരാധീനതകളെയും നിഷ്പ്രപഭമാക്കി കൗമാര കായികമേളയിൽ മലയോരമേഖലയുടെ കുതിപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തുടങ്ങിയ 66ാമത് ജില്ല സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ 22 ഫൈനലുകൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി മുക്കം ഉപജില്ല കുതിപ്പ് തുടങ്ങി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസിന്റെ കരുത്തിലാണ് മുക്കത്തിന്റെ മുന്നേറ്റം. 12 സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമായാണ് മുന്നേറ്റം. മൂന്ന് സ്വർണവും ആറ് വെള്ളിയും നേടി 36 പോയന്റുമായി ബാലുശ്ശേരിയാണ് രണ്ടാമത്. രണ്ട് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം നേടി 25 പോയന്റുമായി കോഴിക്കോട് സിറ്റി മൂന്നാമതെത്തി.
സ്കൂളുകളിൽ 61 പോയന്റോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസാണ് മുന്നിൽ. 27 പോയന്റുമായി പൂവമ്പായി എ.എം.എച്ച്.എസ് രണ്ടാമതും 18 പോയന്റുമായി സെന്റ് വിൻസന്റ്സ് കോളനി ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. തൊട്ടുപിറകെ 17 പോയന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസുമുണ്ട്.
രാവിലെ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണർന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. രേഖ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ പതാക ഉയർത്തി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയായി. ജില്ല സ്പോർട്സ് സെക്രട്ടറി പി.സി. ദിലീപ് കുമാർ, വാർഡ് കൗൺസിലർ കെ. മോഹനൻ, ആർ.ഡി.ഡി എം. സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. അബ്ദുറഹിമാൻ, സ്പോർട്സ് കോഓഡിനേറ്റർ ഡോ. ഷിംജിത്ത്, സെറിമണി കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ ഐ. സൽമാൻ സംസാരിച്ചു.
ജനറൽ കൺവീനർ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
സംഘാടനം താളംതെറ്റി
സംഘാടനം താളംതെറ്റി ജില്ല സ്കൂൾ കായികമേള. ദിനംപ്രതി രണ്ടായിരം പേർ എത്തുന്ന മേളക്ക് അത്യാവശ്യം വേണ്ട പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കിയിരുന്നില്ല. മഴയും വെയിലും കൊള്ളാതിരിക്കാൻ പന്തലില്ലാത്തത് പ്രതിസന്ധിക്കിടയാക്കി. ഇരിക്കാൻ ഇരിപ്പിടമില്ലാതെ വിദ്യാർഥികൾ ട്രാക്കിലിറങ്ങി നിൽക്കുന്ന കാഴ്ചയായിരുന്നു പലപ്പോഴും. മൈതാനത്തിൽ കുടിവെള്ളം വെച്ചെങ്കിലും കപ്പ് വെച്ചിരുന്നില്ല. കുട്ടികൾ കുപ്പികളിൽ വെള്ളം നിറച്ച് കുടിച്ച് ദാഹമകറ്റി. വൈകീട്ട് ചായ എത്തിയപ്പോഴും കപ്പുണ്ടായിരുന്നില്ല. മാധ്യമപ്രവർത്തകർക്ക് ഇരിക്കാൻ മീഡിയ പവിലിയനും കണ്ടില്ല. ആവശ്യപ്പെട്ടപ്രകാരം ചെറിയ സംവിധാനം ഒരുക്കിയെങ്കിലും രണ്ടു മണിക്കൂറിനകം അത് സംഘാടകർതന്നെ എടുത്തുകൊണ്ടുപോയി. ദീപശിഖ പ്രയാണമടക്കം സമയക്രമം തെറ്റിയായിരുന്നു നടന്നത്.
വെള്ളമില്ലാത്ത ശുചിമുറി
രാവിലെ കുട്ടികൾ എത്തിയപ്പോൾ ശുചിമുറി കയർകെട്ടി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് തുറന്നപ്പോൾ വെള്ളമുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കളിലൊരാൾ അധികൃതർക്ക് പരാതി നൽകി. മത്സരാർഥികളും രക്ഷിതാക്കളും സംഘാടകരുമായി 2000ത്തിലധികം പേർ പങ്കെടുത്ത ആദ്യദിനത്തിൽ ഉച്ചവരെ ശുചിമുറിയിൽ വെള്ളമെത്തിയിരുന്നില്ല. ശുചിമുറി വൃത്തിഹീനമായിക്കിടക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. അധ്യാപകരടക്കമുള്ളവർ സ്റ്റേഡിയത്തിലെ ജീവനക്കാർക്കുള്ള ശുചിമുറി ഉപയോഗിക്കുകയായിരുന്നു.
വില്ലനായി മഴ
മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ 12ഓടെ മഴ തുടങ്ങി. 12.30ന് മഴ ശക്തമായതോടെ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതോടെ മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിലേക്ക് ഭക്ഷണം കഴിക്കാൻ പോവാൻ കനത്ത തിരക്കായി. 1.30ന് തുടങ്ങേണ്ട മത്സരങ്ങൾ 2.45നാണ് പുനരാരംഭിച്ചത്. തുടർന്ന് മത്സരങ്ങളെല്ലാം വൈകി. മൈതാനത്ത് വെള്ളം കെട്ടിനിന്നതാണ് ലോങ്ജംപ്, ഡിസ്കസ് ത്രോ മത്സരങ്ങൾ വൈകാനിടയാക്കിയത്.
ഇരുട്ടിൽ തപ്പി റിലേ മത്സരം
മഴ കാരണം മത്സരങ്ങൾ കുറച്ച് സമയം നിർത്തിവെക്കേണ്ടി വന്നതോടെ സീനിയർ ബോയ്സ് ഹർഡിൽസും റിലേ മത്സരങ്ങളും നടന്നത് ഇരുട്ടത്ത്. വൈകീട്ട് അഞ്ചിന് അവസാനിക്കേണ്ട മത്സരങ്ങൾ അവസാനിക്കുമ്പൾ 6.45 കഴിഞ്ഞിരുന്നു. ഇതിനിടെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ കത്താത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.