പ്രളയത്തിൽ തകർന്നൊലിച്ച് കോഴിക്കോട് ജില്ല
text_fieldsകോഴിക്കോട്: തിങ്കളാഴ്ച മുതൽ രാപ്പകലില്ലാതെ പെയ്ത കനത്ത മഴയിൽ വിറങ്ങലിച്ച് ജില്ല. കാലവർഷം കണ്ണാടിക്കലിൽ ഒരാളുടെ ജീവനെടുക്കുകയും വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുൾപ്പൊട്ടലിൽ ഒരാളെ കാണാതാവുകയും ചെയ്തു.
ജില്ലയിലെ പല പ്രദേശങ്ങളിലേയും ഗതാഗതം നിലച്ചു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. കനത്ത മഴ ജില്ലയിലെ മലയോര പ്രദേശങ്ങളിലാണ് കൂടുതൽ നാശം വിതച്ചത്. കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി.
കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. പൂനൂര് പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും നിർദേശിച്ചിട്ടുണ്ട്.
കൈതപ്പൊയില്‍ - ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടിയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. പുതുപ്പാടി വള്ളിയാട് ആനോറമ്മലിലും ഉരുൾപൊട്ടി.
മലബാറിലെ രണ്ടു പ്രധാനപ്പെട്ട നദികളായ ചാലിയാറും കടലുണ്ടിപുഴയും കരകവിഞ്ഞാണ് ഒഴുകുന്നത്. ഇതുമൂലം തോടുകളിൽ നിന്നും കനാലുകളിൽ നിന്നും വെള്ളം നദിയിലേക്ക് ഒഴുകി പോകുന്നില്ല. ചാലിയാറിലും കടലുണ്ടി പുഴയിലും രണ്ടുമണിക്കൂറിൽ നാലു ഇഞ്ച് ഉയരത്തിൽ വെള്ളം പൊങ്ങുന്നുണ്ട്. മലവെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം ചാലിയാറിന്റെ ഒഴുക്കിൽ വൻ ചുഴലിയും രൂപപ്പെട്ടു. രാമനാട്ടുകര നീലിത്തോട് കര കവിഞ്ഞു.
തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞതോടെ മലയോര മേഖല വെള്ളത്തിൽ മുങ്ങി. മുക്കം നഗരസഭയിൽ നൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചു. പതിനെട്ടോളം വീട്ടുകാർ താമസിക്കുന്ന കരിമ്പിൽ ഭാഗത്ത് ഒമ്പതോളം വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കൊടുവളളിയിൽ നൂറിൽപരം വീടുകളും നിരവധി കച്ചവട സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. ചെറുപുഴയും പൂനൂർ പുഴയും, കളരാന്തിരിതോടുമാണ് കരകവിഞ്ഞൊഴുകിയത്. ദേശിയ പാത 766 ൽ നെല്ലാംങ്കണ്ടി, വാവാട് സെന്റർ എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
താമരശ്ശേരി വരട്ട്യാക്കിൽ റോഡിൽ എരഞ്ഞിക്കോത്ത് വെള്ളം കയറി യാത്രമാർഗം തടസപ്പെട്ടു. കീപ്പൊയിൽ പ്രദേശത്ത് വീട്ടിൽ അകപ്പെട്ട് പോയ ഒമ്പത് കുടുംബങ്ങളെ നരിക്കുനിയിലെ അഗ്നിരക്ഷാ സേന എത്തി പുറത്തെത്തിച്ചു.
കാരശ്ശേരി പഞ്ചായത്തിൽ മുക്കം പാലം ചോണാട് റോഡ്, മുക്കം കടവ് പാലം- കാരമൂല റോഡ്, കാരശ്ശേരി പഞ്ചായത്ത് മോയില്ലത്ത് ജങ്ഷൻ റോഡ്, വല്ലത്തായി പാറ ബെൻഡ് പൈപ്പ് പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. കുമാരനല്ലൂർ പഞ്ചായത്ത് ഗ്രൗണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവ വെള്ളത്തിനടിയിലായി. ഇവിടെ 200 ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്
മാവൂർ ഗ്രാമപഞ്ചായത്തിൽ നൂറിലധികം വീടുകളിൽ വെള്ളം കയറി. 120 കുടുംബങ്ങളാണ് വീടൊഴിഞ്ഞത്. 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാവൂർ - കോഴിക്കോട് പ്രധാന റോഡിൽ വെള്ളം കയറി. റോഡിൽ ഏതുസമയവും ഗതാഗതം നിലക്കാവുന്ന സ്ഥിതിയാണ്. ആയംകുളം, വില്ലേരിത്താഴം, കുറ്റിക്കടവ് അടക്കമുള്ള പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ടു. കൂളിമാട് - പുൽപ്പറമ്പ്, തെങ്ങിലക്കടവ്- കണ്ണിപറമ്പ്, ചെറൂപ്പ കുറ്റിക്കടവ് കണ്ണിപ്പറമ്പ്-കുറ്റിക്കടവ്, തുടങ്ങിയ റോഡുകൾ പൂർണമായി വെള്ളത്തിലാണ്.
കൊടിയത്തൂർ, ചെറുവാടി, എള്ളങ്ങൾ, പോറ്റമ്മൽ, താളത്തിൽ, താഴത്ത് മുറി, കണ്ടങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. 30ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ചെറുവാടി അങ്ങാടി പൂർണമായും വെള്ളത്തിലായി. താഴത്തു മുറി, കണ്ടങ്ങൽ, കണിച്ചാടി, കുറുവാടങ്ങൾ ഭാഗങ്ങളിലെ 20 വീടുകളിൽ വെള്ളം കയറി.
പള്ളികൾ മദ്റസകൾ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്. കാരാട്ട് റോഡ് വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി ടൗണുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് നിരവധി കടകളിൽ വെള്ളം കയറി നാശനഷ്ടം. ആയഞ്ചേരി തറോപ്പൊയി ൽ വാളാഞ്ഞി, എലത്തുരുത്തി, കോതുരുത്തി, അരതുരുത്തി തുടങ്ങിയ തുരുത്തുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ടു.
ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വെള്ളം വെള്ളം കയറി. തിരുവമ്പാടി - ഓമശ്ശേരി റോഡ് , കൂടരഞ്ഞി റോഡ് , പുല്ലൂരാംപാറ റോഡ് , മുക്കം റോഡ് എന്നീ റോഡുകളിൽ ചൊവ്വാഴ്ച പുലർച്ച വെള്ളം കയറിയതിനാൽ തിരുവമ്പാടി ഒറ്റപ്പെട്ടു. തിരുവമ്പാടി കെ. എസ്.ആർ.ടി സി യുടെ താൽക്കാലിക വർക്ക്ഷോപ്പിൽ വെള്ളം കയറി.
കരകവിഞ്ഞ് പുഴകൾ
സംസ്ഥാനപാതയിൽ ഗതാഗതം നിലച്ചു
എകരൂൽ: പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മടത്തുംപൊയിൽ ഞാറപ്പൊയിൽ ഭാഗങ്ങളിൽ വീടുകളിലും കടകളിലും വെള്ളം കയറി. പലരും വീടുകളിൽനിന്ന് സാധനസാമഗ്രികൾ മാറ്റി. പൂനൂർ ടൗണിനടുത്ത് അവേലം ഭാഗത്ത് സംസ്ഥാനപാതയിൽ പുഴ കരകവിഞ്ഞൊഴുകിയതിനെതുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം പൂർണമായും നിലച്ചു.
പൂനൂർമടത്തും പൊയിൽ റോഡിലും ഉൾനാടൻ റോഡുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പലരുടെയും വീട്ടുമുറ്റത്തുവരെ പുഴയിൽനിന്നുള്ള വെള്ളം ഒഴുകിയെത്തി. വീടുകളിൽ കുടുങ്ങിയ കുടുംബങ്ങളെ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ പുറത്തെത്തിച്ചു.
മടത്തും പൊയിൽ ഭാഗത്ത് വെള്ളം കയറിയതിനെതുടർന്ന് കാർഷിക വിളകളും വീട്ടുപകരണങ്ങളുമെല്ലാം ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കയറി കൃഷി നശിച്ചു. ഞാറപ്പൊയിൽ ഭാഗത്ത് വയൽ മുഴുവനും വെള്ളത്തിനടിയിലാണ്. മൊകായി ഭാഗത്ത് പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു.
പൂനൂർ മടത്തുംപൊയിൽ പൂവൻകണ്ടി രാജീവൻ, പൂവൻകണ്ടി റഹീം എന്നിവരുടെ കുടുംബങ്ങൾ അയൽവാസിയുടെ വീട്ടിലേക്കും പൂവൻകണ്ടി മജീദ് ബന്ധുവീട്ടിലേക്കും താമസം മാറി. പെരിങ്ങളം വയൽ ഭാഗത്ത് കോളനി പ്രദേശത്ത് ഏതാനും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പൂനൂർ ചേപ്പാല അരയാണിപ്പറമ്പിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നരിക്കുനി റോഡിൽ ഗതാഗതം മുടങ്ങി.
ചേപ്പാലക്കടുത്ത് അവേലം ഭാഗത്ത് അവേലത്ത് മൊയ്തീൻകുട്ടി, മജീദ്, ഭാസ്കരൻ, മുഹമ്മദ് മുസ് ലിയാർ, മുഹമ്മദലി ശിഹാബ്, ഷൗക്കത്തലി തങ്ങൾ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഷൗക്കത്തലി തങ്ങളുടെ വീടിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്.
ചേപ്പാല ഭാഗത്ത് അങ്ങാടിപ്പറമ്പിൽ ഷാജിയുടെ വീടിന്റെ അടുക്കള ഭാഗത്തുള്ള മതിൽ ഇടിഞ്ഞുവീണു. താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയതിനെതുടർന്ന് കെ.എസ്.ആർ ടി.സിയും സ്വകാര്യ ബസുകളും സർവിസ് നിർത്തിവെച്ചു. എകരൂൽ, പൂനൂർ, എസ്റ്റേറ്റ് മുക്ക് തുടങ്ങിയ പ്രധാന അങ്ങാടികളെല്ലാം വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു.
നടുവണ്ണൂരിൽ നൂറോളം വീടുകൾ വെള്ളത്തിൽ
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ രാമൻ പുഴ കരകവിഞ്ഞതിനെതുടർന്ന് പുഴയോരത്തെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. നിരവധിപേർ വീടുകളിൽനിന്ന് ഒഴിഞ്ഞു. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നടുവണ്ണൂർ സൗത്ത് എ.എം.യു.പി സ്കൂളിൽ വെള്ളം കയറി. നടുവണ്ണൂർ പേരാമ്പ്ര സംസ്ഥാന പാതയിൽ കരുവണ്ണൂർ അങ്ങാടിയിൽ വെള്ളം കയറിയതിനെതുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും കോട്ടൂർ പഞ്ചായത്തിൽ വാകയാട് എ.യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നടുവണ്ണൂർ അയനിക്കാട് തുരുത്തിലെ മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പതിനഞ്ചോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. വാകയാട്ട് 110 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
രാമൻ പുഴയോരത്തുള്ള കോവ്വുമ്മൽ കുനി, സുരേന്ദ്രൻ, കോവ്വുമ്മൽ സതി, കോവുമ്മൽ കുനി വിനോദ് എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി. വെങ്ങളത്ത് കണ്ടി കടവിലെ മരക്കാട്ട് താഴ കുനി കമലയെ ബന്ധു വീട്ടിലേക്ക് മാറ്റി. തിരുമംഗലത്ത് അമ്മദിന്റെ വീട്ടിൽ വെള്ളം കയറി.
നടുവണ്ണൂർ മന്ദങ്കാവ് കൊയിലാണ്ടി റൂട്ടിലെ വെങ്ങളത്ത് കണ്ടി കടവിൽ കനത്ത മഴയിൽ വെള്ളം കരകവിഞ്ഞൊഴുകി. ഇത് കാരണം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മരക്കാട്ട് താഴെ പരേതനായ വെങ്ങിലേരി രാഘവന്റെ വീട് പൂർണമായും വെള്ളത്തിൽ മുങ്ങി.
വീട്ടുപകരണങ്ങൾ മറ്റ് വീടുകളിലേക്ക് മാറ്റി. പുതുക്കോട്ട് താഴെ ഫിറോസ്, തേച്ചേരി താഴെ കാസിം, തിരുമംഗലത്ത് അമ്മത്, കല്ലിടുക്കിൽ താഴ കുനി ഉമ്മർ കുട്ടി എന്നിവരുടെ വീടുകളിലും വെള്ളം കയറി. നടുവണ്ണൂർ പഞ്ചായത്തിൽ ആറാം വാർഡിൽ വല്ലോറമല ഭാഗത്ത് വലിയ കല്ല് ഭീഷണിയായി നിൽക്കുന്ന സ്ഥലത്തുനിന്ന് മക്കാട്ട് ചെക്കൂട്ടി നാരായണി എന്നിവരെ ഉള്ളിയേരിയുള്ള മകളുടെ വീട്ടിലേക്ക് മാറ്റി താമസിച്ചു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ തോട്ടുമൂല പള്ളിക്ക് സമീപം നിരവധി വീടുകളിൽ വെള്ളം കയറി. രാരോത്ത് കുനി -കോയ, സിറാജ്, അനീഫ, കുഞ്ഞാമി, അബൂബക്കർ, അലവി വയലിൽ, വൈഷ്ണവം വിശ്വൻ, സനാസ് കെട്ടിൽ, ഹിളർ കെട്ടിൽ, ലാവണ്യ സരോജിനി, ചില്ല നിവാസ് സുരേന്ദ്രൻ, ചീരക്കോട്ട് താഴെ കുനി ബാലകൃഷ്ണൻ, തച്ചി നാനി താഴെ കുഞ്ഞി ചന്തു എന്നിവരുടെ വീടുകളിൽ വെള്ളം കയറി.
ഷൈജു തുരുത്തിയിൽ, രാജേഷ് കുന്നുമ്മൽ, കൊല്ലരു കണ്ടി ഇമ്പിച്ചിമൊയതി, വാർഡ് മെംബർ ധന്യ സതീഷ്, മുൻ മെംബർ കൃഷ്ണദാസ് ചീടത്തിൽ നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഒമ്പതാം വാർഡിൽ ചെങ്ങോട്ട് താഴെ കുനി ഭാഗത്തും ചെറുവോട്ട് താഴെ ഭാഗത്തും വീടുകളിൽ വെള്ളം കയറി.
ആവളയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ആവളയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആവള എ.യു.പി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. ഒന്നാം വാർഡ് പെരിഞ്ചേരി കടവിലെ 25 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 38 പുരുഷന്മാരും 40 സ്ത്രീകളും ഉൾപ്പെടെ 78 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്.
പൂനൂർപുഴ കരകവിഞ്ഞു; നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു
കോഴിക്കോട്: പൂനൂർപുഴ കരകവിഞ്ഞതിനെത്തുടർന്ന് പൊയിൽത്താഴം, പൂളക്കടവ്, പറമ്പിൽകടവ്, പൂവത്തൂർ, കക്കോടി, മോരിക്കര, മാളിക്കടവ്, ഒറ്റത്തെങ്ങ് ഭാഗങ്ങളിൽ വെള്ളം കയറി.
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയി. വെള്ളക്കെട്ടുമൂലം റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ തണ്ണീർപന്തൽ- മാളിക്കടവ് റോഡ് അടച്ചു. കണ്ണാടിക്കൽ വടക്കേ വയൽ, മൂടാടിയിൽ, പെരുമണ്ണിൽ, മനത്താനത്ത്, കൊഴമ്പാലിൽ, ഉണ്ണിപെരവൻ കണ്ടി, ഗ്രീൻവേൾഡ്, തണ്ണീർപന്തൽ ഭാഗങ്ങളിലാണ് വെള്ളം ഉയർന്നത്. പുഴയോട് ചേർന്ന ഭാഗങ്ങളിൽ നിന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
ഇരുനൂറോളം വീടുകൾ വെള്ളത്തിലാണ്. ഈ ഭാഗങ്ങളിലെ വീടുകളിലെ വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയെ സ്ഥലത്തുനിന്നും മാറ്റി.
പൂവത്തൂർ, പറമ്പിൽകടവ് ഭാഗങ്ങളിലും നിരവധി വീടുകൾ വെള്ളത്തിലായി. കിരാലൂർഭാഗത്ത് താഴെ പൊയിൽ, കുറിഞ്ഞിലക്കണ്ടി, വടക്കയിൽ, പുതിയടത്ത് താഴം, അറപ്പൊയിൽ, തൈക്കണ്ടി, പറക്കുളങ്ങര താഴം, മൂത്തേടത്തുകുഴി ഭാഗങ്ങളിൽ ഇരുനൂറോളം വീടുകൾ വെള്ളത്തിലാണ്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പലരും ബന്ധുവീടുകളിലേക്കാണ് മാറിത്താമസിച്ചത്.
പറമ്പിൽ ബസാറിനെയും പൂളക്കടവിനെയും ബന്ധിപ്പിക്കുന്ന പൂളക്കടവ് പാലം അപകടഭീഷണി ഉയർത്തുന്നതായി പരിസരവാസികൾ പറഞ്ഞു.
തടമ്പാട്ടുതാഴത്ത് ചൊവ്വാഴ്ച മുതൽ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡടച്ചതിനാൽ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. കടകൾ അടഞ്ഞുകിടന്നു.
ചാലിയാറിൽ ബോട്ട് മറിഞ്ഞ് ഒഴുക്കിൽപെട്ടവരെ രക്ഷപ്പെടുത്തി
മാവൂർ: ബോട്ട് മറിഞ്ഞ് പുഴയിലെ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുണ്ടുമുഴി സ്വദേശികളായ അജു, ഉബൈദ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
മുണ്ടുമുഴിയിൽനിന്ന് യന്ത്രം ഘടിപ്പിച്ച ഉല്ലാസ ബോട്ടിൽ ചാലിയാറിലൂടെ മുകളിലേക്ക് ഓടിച്ച് ഇരുവഴിഞ്ഞിപുഴയിൽ എത്തിയ ഇവർ ഇടവഴിക്കടവ് പാലത്തിനുസമീപം അപകടത്തിൽപെടുകയായിരുന്നു. മറിഞ്ഞ ബോട്ടിന്റെ മുകൾഭാഗത്ത് പിടിച്ചുനിന്ന രണ്ടുപേരും ഒഴുകി ചാലിയാറിൽ എത്തി.
ഇടവഴിക്കടവ് പാലത്തിനു മുകളിൽ നിന്ന് ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂളിമാട് കടവ് പാലത്തിനു മുകളിൽ നിന്ന് കയർ ഇട്ടു കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ബോട്ടിൽ നിന്ന് രണ്ടുപേരും പിടിവിട്ടത് ആശങ്ക പരത്തി. നീന്തിവന്ന് വീണ്ടും ബോട്ടിൽ പിടിച്ചുനിന്ന ഇവർ 400 മീറ്ററോളം താഴേക്ക് ഒഴുകി. തുടർന്ന്, ഇവരെ മപ്രം കൊന്നാരെ മഖാമിന് സമീപം കയറിട്ടുകൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. എളമരം പാലത്തിൽ പോലീസും ടി.ഡി.ആർ.എഫ് വളന്റിയർമാരും നാട്ടുകാരും സജ്ജരായി നിന്നെങ്കിലും ഇവിടെ എത്തുന്നതിനു മുമ്പുതന്നെ രക്ഷപ്പെടുത്താനായി.
അവശ്യവസ്തുക്കൾ ശേഖരിക്കും
കോഴിക്കോട്: ദുരന്തത്തിന്റെ ഭാഗമായി വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാൻ കോഴിക്കോട് കോർപറേഷൻ ടാഗോർ ഹാളിൽ ജൂലൈ 31ന് രാവിലെ ഏഴ് മുതൽ ഒന്നു വരെ സൗകര്യമൊരുക്കും.
കുപ്പി വെള്ളം, ഭക്ഷണ സാധനങ്ങളായ ബിസ്കറ്റ് , ബ്രെഡ്, ബൺ, റസ്ക്, പുതിയ വസ്ത്രങ്ങൾ (സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും), പുതപ്പ്, ബെഡ് ഷീറ്റ്, പായ , തോർത്ത്, സാനിറ്ററി നാപ്കിൻസ്, ഡയപ്പർ, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങി അവശ്യസാധനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന നഗരത്തിലെ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ പങ്കാളികളാകണമെന്ന് മേയർ ഡോ. ബീന ഫിലിപ് ആവശ്യപ്പെട്ടു. വിവരങ്ങൾക്ക് ഫോൺ: 9497649098.
കോഴിക്കോട്: കേരള പത്രപ്രവർത്തക യൂനിയൻ വയനാട്ടിലെ സഹോദരങ്ങൾക്കായി സംസ്ഥാന തലത്തിൽ അവശ്യ വസ്തുക്കൾ ശേഖരിക്കും.
ഇതിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബിൽ ബുധൻ രാവിലെ മുതൽ വ്യാഴാഴ്ച വൈകീട്ട് വരെ (രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ) പ്രത്യേക കൗണ്ടർ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും അറിയിച്ചു.
ഭക്ഷണസാധനങ്ങൾ (പാക്ക് ചെയ്തത് ), കുപ്പിവെള്ളം, പുതിയ വസ്ത്രങ്ങൾ, സ്വെറ്ററുകൾ, കമ്പിളി, ബെഡ് ഷീറ്റുകൾ, സാനിട്ടറി നാപ്കിൻസ്, മരുന്നുകൾ തുടങ്ങിയ സാധനങ്ങൾ ഇവിടെ ശേഖരിക്കും.
വിവരങ്ങൾക്ക് 8547031076, 9447540094, 04952727869 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്.
ക്വാറികൾക്ക് നിരോധനം
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍, മണല്‍ എടുക്കല്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവെച്ച് ഉത്തരവായി.
ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
ജില്ലയില്‍ 47 ക്യാമ്പുകളിലായി 550 കുടുംബങ്ങളിലെ 1,811 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍:
കോഴിക്കോട് താലൂക്ക്- 17 (790 പേര്)
വടകര താലൂക്ക്- 8 (113 പേര്)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്)
താമരശ്ശേരി താലൂക്ക് - 12 (589 പേര്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.