സാഹിത്യനഗരം പദവിക്കായി കോഴിക്കോട് ജില്ല അപേക്ഷ നൽകും
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരം എന്ന പദവി നേടാനായി ഇക്കൊല്ലം ജൂണിനകം കോഴിക്കോട് അപേക്ഷ നൽകും. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന സാഹിത്യനഗരം പദ്ധതിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. യുനെസ്കോയുടെ സാഹിത്യനഗര പദവി നേടാൻ അപേക്ഷ നൽകണ്ടേ അവസാന തീയതിയാണ് ജൂൺ 30. അതിനുമുമ്പു തന്നെ അപേക്ഷ നൽകും. നൽകുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗം പൂർത്തിയാവുന്നു.
കോർപറേഷൻ ബജറ്റിൽ ഒരുകോടി രൂപ പ്രവർത്തനങ്ങൾക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. സാഹിത്യ നഗരത്തിനായി ആനക്കുളം സാംസ്കാരിക നിലയത്തിൽ ഓഫിസ് ഉടൻ പ്രവർത്തിച്ചുതുടങ്ങും. ഡയാസ്പോറിക് ചിൽഡ്രൻസ് പാർലമെന്റ് സംഘടിപ്പിക്കും. ജനകീയ ഭരണ നിർവഹണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് കോർപറേഷന്റെ കീഴിലാണ് കുട്ടികളുടെ പാർലമെന്റ് വരുക.
ആദ്യ ചിൽഡ്രൻസ് പാർലമെൻറിൽ കോഴിക്കോടിന്റെ സാഹിത്യ നഗരപദവിയെപ്പറ്റി കുട്ടികളുടെ നിർദേശങ്ങൾ സ്വീകരിക്കും. സാഹിത്യപദവി നേടിയെടുക്കാനായുള്ള പ്രവർത്തനങ്ങൾക്കായി സ്വതന്ത്രമായ ടാസ്ക് ഫോഴ്സ് ഉടൻ രൂപവത്കരിക്കും. വിദേശത്തുനിന്നുള്ള സാഹിത്യകാരന്മാർക്ക് ഇവിടെയുള്ളവരുമായി സംവദിക്കാൻ കൂടുതൽ അവസരങ്ങളുണ്ടാക്കും. ലോഗോ ഉടൻ തയാറാക്കും. ഓഫിസ് പ്രവർത്തനങ്ങൾക്കായി ആളുകളെ നിയമിക്കും. യുനെസ്കോയുടെ ദേശീയ കൗൺസിൽ മുഖേനയാണ് പദ്ധതി സമർപ്പിക്കുക.
കോഴിക്കോട് ലിറ്റററി സർക്യൂട്ടും റീഡിങ് സ്ട്രീറ്റും ഉണ്ടാക്കും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വായിക്കാനുള്ള ഒരിടം തെരുവില്‍ ഒരുക്കും. ഇത്തരത്തില്‍ ജീവിതവും സാഹിത്യവും ഒന്നിച്ചുചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗര പദവിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സാഹിത്യനഗര ശൃംഖലയിലുള്ള നഗരങ്ങളായ പ്രാഗ്, കാര്‍ക്കോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പഠിച്ചശേഷമാണ് കോഴിക്കോടിന്റെ സാധ്യതകളിലേക്ക് കടന്നത്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, സാധ്യതകള്‍, സാമ്പത്തികമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചുകഴിഞ്ഞു.
കോഴിക്കോട്ട് നിർബന്ധമായി മ്യൂസിയം ഒരുക്കണമെന്നും കോഴിക്കോടിന്റെ ഏറ്റവും വലിയ സാഹിത്യശക്തിയായ എണ്ണമറ്റ ചെറു ലൈബ്രറികളെ കൂടുതൽ ശാക്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ വിഡിയോ സന്ദേശം നൽകി.
ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, കില അർബൻ ചെയർ പ്രഫ. അജിത് കാളിയത്ത്, എന്‍.ഐ.ടി. അസോ. പ്രഫ. ഡോ. സി. മുഹമ്മദ് ഫിറോസ്, ആർക്കിടെക്ട് നിമിൽ മെഹർ ഹുസൈൻ, പി.കെ. പാറക്കടവ്, ഡോ. പ്രസാദ് കൃഷ്ണ, ഡോ. കെ.കെ. മുഹമ്മദ്, പി.ജെ. ജോഷ്വ, സിദ്ധാർഥൻ, ഡോ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കൃഷ്ണകുമാരി സ്വാഗതവും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.