കോഴിക്കോട് ഫുഡ് സ്ട്രീറ്റ് പദ്ധതി വരുന്നു
text_fieldsകോഴിക്കോട്: ടൂറിസം പ്രോത്സാഹനത്തിെൻറ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയിൽ 'ഫുഡ് സ്ട്രീറ്റ്' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ലോകത്ത് തനത് ഭക്ഷണം ടൂറിസത്തിെൻറ പ്രധാന ആകർഷണമായി മാറുന്ന കാലമാണ്. സഞ്ചാരികൾക്ക് പ്രദേശത്തിെൻറ പ്രത്യേകതകളുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സ്ട്രീറ്റ് സംവിധാനമാണ് വലിയങ്ങാടിയിൽ ഒരുക്കുക. 2022 ആദ്യത്തിൽതന്നെ ഇതിനായി യോഗം വിളിക്കുമെന്നും നടപടികൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച കോഴിക്കോട് പാളയം സബ്വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മേയർ ബീന ഫിലിപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോടിെൻറ സാംസ്കാരിക ചത്വരമായി മാറിയ സബ്വേയുടെ കാവലാൾ ജനങ്ങൾതന്നെയാവണമെന്ന് മേയർ അഭിപ്രായപ്പെട്ടു. ചത്വരം ആവിഷ്കരിച്ച കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരം നൽകി.
കോർപറേഷെൻറ ആഭിമുഖ്യത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ച സബ്വേയിൽ നഗരത്തിെൻറ സാംസ്കാരിക പൈതൃക പ്രൗഢി കാണിക്കുന്ന ചിത്രങ്ങൾ ചുമരുകളിൽ വരച്ചു ചേർത്തിട്ടുണ്ട്. നിലത്ത് പുതിയ ടൈൽ വിരിക്കുകയും കവാടത്തിലെ പഴയ ഇരുമ്പു വാതിലും ഗ്രില്ലും പുതുക്കിയിട്ടുമുണ്ട്.
ചോർച്ചകൾ അടക്കുകയും ചുമരും സീലിങ്ങും പെയിൻറ് ചെയ്ത് മനോഹരമാക്കുകയും മേൽക്കൂര, ലൈറ്റ്, സി.സി.ടി.വി കാമറ എന്നിവ സ്ഥാപിച്ചിട്ടുമുണ്ട്. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.