ഫ്രാൻസിസ് റോഡ്: വികസനമെത്താതെ കോഴിക്കോടിന്റെ ഏറ്റവും പഴയ പാത
text_fieldsകോഴിക്കോട്: നഗരറോഡുകൾ അണിഞ്ഞൊരുങ്ങുമ്പോൾ കോഴിക്കോട്ടെ ഏറ്റവും പഴയ റോഡ് ഇപ്പോഴും പഴയ പടി തന്നെ. പുഷ്പ ജങ്ഷനും ബീച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ഫ്രാൻസിസ് റോഡിനാണ് ഈ അവസ്ഥ. ഫ്രാൻസിസ് റോഡിൽ റെയിലിന് കുറുകെ എ.കെ.ജി മേൽപാലം വന്നതല്ലാതെ കാര്യമായ പുരോഗതിയൊന്നും ഇപ്പോഴുമില്ല.
നഗരത്തിൽ രാവും പകലുമില്ലാതെ ഏറ്റവുമധികം ആളുകൂടുന്ന റോഡിൽ ഇപ്പോഴും മതിയായ നടപ്പാതയോ കൈവരികളോ ഇല്ല. 20 കൊല്ലത്തോളമായി ചളി അടിഞ്ഞ് കൂടിയ ഓടകളിൽ മഴക്കാലത്ത് വെള്ളപ്പൊക്കമാണ്. ചെറിയ മഴയിലും വെള്ളമൊഴുകിപ്പോവാതെ കൊതുകുകൾ പെരുകുന്നു. ഓവുചാലുകൾ കടപ്പുറം വരെ മണ്ണ് നിറഞ്ഞ് കിടപ്പാണ്. ചെറിയ മഴയിലും ഫ്രാൻസിസ് റോഡ്, മാർക്കറ്റ് റോഡ്, ഇടിയങ്ങര റോഡ് എന്നിവിടങ്ങളിൽ ഓവുചാൽ നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നു. അറവ് മാലിന്യമടക്കമുള്ള വെള്ളം കെട്ടി നിൽക്കുന്നതിനാൽ പള്ളികളിലെയും വീടുകളിലെയും കിണറുകളും കുളങ്ങളും മലിനമാകുന്നു. നടപ്പാത പോലുമില്ലാതെ പണിത എ.കെ.ജി മേൽപാലവും പല ഭാഗത്തും തകർന്ന് ശോച്യാവസ്ഥയിലാണ്.
കാൽനടയും ദുഷ്കരം
സ്ലാബുകൾ അധികവും പൊളിഞ്ഞ് കിടക്കുന്നതിനാൽ കാൽനടക്കാർക്കും ബുദ്ധിമുട്ടാണ്. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുണ്ടുങ്ങൽ, എം.എം ഹയർ സെക്കൻഡറി സ്കൂൾ പരപ്പിൽ, എ.എൽ.പി സ്കൂൾ, ഫ്രാൻസിസ് റോഡ്, ഗവ. ജി.യു.പി സ്കൂൾ കുണ്ടുങ്ങൽ, ജി.എൽ.പി സ്കൂൾ പരപ്പിൽ, സിയസ്കൊ ഐ.ടി.സി തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് കുട്ടികൾക്കും അധ്യാപകർക്കും വഴിനടക്കാനാവാതായി.
ബീച്ചിലേക്കും വലിയങ്ങാടിയിലേക്കുമുള്ള ലോറികളും സ്വകാര്യ ബസുമടക്കം നൂറുകണക്കിന് വലിയ വാഹനങ്ങൾ കടന്നുപോവുന്ന ഇവിടെ അപകടങ്ങൾ പതിവാണ്. നടപ്പാതയിൽ പൊട്ടിയ സ്ലാബിൽ കാൽ കുടുങ്ങുന്നതും സ്ഥിരമാണ്. പരപ്പിൽ ജങ്ഷൻ മുതൽ പുഷ്പ ജങ്ഷൻ വരെ റോഡ് വീതികൂട്ടാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും പുഷ്പ ജങ്ഷനിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡ് മാത്രമാണ് വീതി കൂട്ടിയത്. പുഷ്പ ജങ്ഷൻ ഇപ്പോഴും കുപ്പിക്കഴുത്തുപോലെ കിടക്കുന്നു.
റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേത്
പൊതുമരാമത്ത് വകുപ്പിനു കീഴിലാണ് ഫ്രാൻസിസ് റോഡ്. എ.കെ.ജി മേൽപാലം മുതൽ മുഹമ്മദലി കടപ്പുറം വരെ നടപ്പാതയും കൈവരിയും ടൈൽ ഇടലിനുമെല്ലാമായി ഡോ.എം.കെ. മുനീർ എം.എൽ.എയായിരുന്നപ്പോൾ ഒരുകോടിയോളം രൂപ പാത നവീകരണത്തിന് നീക്കിവെച്ചെങ്കിലും നടപ്പായില്ലെന്ന് കൗൺസിലർ കെ. മൊയ്തീൻ കോയ പറഞ്ഞു.
ഇക്കാരണത്താൽ നവീകരണത്തിന് ഫണ്ടിന്‍റെ അപര്യാപ്തതയുണ്ടാവില്ലെന്നാണ് കരുതുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും മൊയ്തീൻ കോയ പറഞ്ഞു.
ഫ്രാൻസിസ് റോഡിലെ ഓവുചാൽ പുതുക്കിപ്പണിയണം
കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ ഓവുചാൽ പുതുക്കിപ്പണിത് ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 'പുത്ര' റെസിഡൻസ് അസോസിയേഷൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. 20 വർഷമായി ഓവുചാൽ വൃത്തിയാക്കിയിട്ട്. ചെറിയ മഴ പെയ്താൽ പോലും ഫ്രാൻസിസ് റോഡ്, മാർക്കറ്റ് റോഡ്, ഇടിയങ്ങര റോഡ് എന്നിവിടങ്ങളിൽ ഓവുചാൽ നിറഞ്ഞ് വെള്ളക്കെട്ട് പതിവാണ്.
അറവ് മാലിന്യമടക്കമുള്ള വെള്ളം കെട്ടിനിൽക്കുന്നത് കാരണം പരിസരത്തെ പള്ളികളിലേയും വീടുകളിലെയും കിണറുകളും കുളങ്ങളും മലിനമാവുന്നു. ഓവുചാൽ കൊതുക് വളർത്ത് കേന്ദ്രവുമായിരിക്കുകയാണ്. സ്ലാബുകൾ പൊളിഞ്ഞ് കിടക്കുന്നു. കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എം.എം ഹയർ സെക്കൻഡറി സ്കൂൾ, ഫ്രാൻസിസ് റോഡ് എ.എൽ.പി സ്കൂൾ, കുണ്ടുങ്ങൽ ഗവ. ജി.യു.പി സ്കൂൾ, പരപ്പിൽ ജി.എൽ.പി സ്കൂൾ, സിയസ്കൊ ഐ.ടി.സി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നടപ്പാതയിൽകൂടി പോകാൻ കഴിയുന്നില്ല.
പൊട്ടിയ സ്ലാബിൽ കാൽ കുടുങ്ങി സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. കെ. അബദുൽ ലത്തീഫ്, ഡി.വി. റഫീഖ്, കെ. കുഞ്ഞു, എൻ. റഫീഖ്, കെ.വി. ഇസ്ഹാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കോഴിക്കോട് കോർപറേഷനും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.