സ്കൂൾ കലോത്സവത്തിന് കാതോർത്ത് കോഴിക്കോട്
text_fieldsകോഴിക്കോട്: രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയരാകാൻ അവസരം കിട്ടി കോഴിക്കോട്. ജനുവരിയിൽ നടക്കുന്ന കലോത്സവത്തിനായി നാട് കാത്തിരിക്കുമ്പോൾ ആത്മവിശ്വാസമേകുന്നത് നേരത്തേ കോഴിക്കോട് ആതിഥേയരായി വിജയകരമായി നടത്തിയതിന്‍റെ മധുരസ്മരണകളാണ്. ഇത്തവണ മുഖ്യവേദി എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇനിയും സമയമുള്ളതിനാൽ അടുത്ത മാസമേ അന്തിമ തീരുമാനമാകൂ.
1957ൽ തുടങ്ങിയ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ആറു തവണയാണ് ജില്ല വേദിയായത്. 1960ലായിരുന്നു ആദ്യമായി കോഴിക്കോട്ടേക്ക് ഏഷ്യയിലെ ഏറ്റവും വലിയ കലാമേള വിരുന്നെത്തിയത്. '76ലും '87ലും പിന്നീട് ജില്ല ആതിഥേയരായി. നേരത്തേ, മാനാഞ്ചിറ മൈതാനത്തായിരുന്നു യുവജനോത്സവത്തിന്‍റെ മുഖ്യവേദി. മാനാഞ്ചിറ സ്ക്വയറായി മൈതാനം പുതുക്കിയ ശേഷം 2002ൽ മലബാർ ക്രിസ്ത്യൻ കോളജായിരുന്നു മുഖ്യവേദി. അന്നും ഓവറോൾ ജേതാക്കൾ കോഴിക്കോടായിരുന്നു.
സ്കൂൾ യുവജനോത്സവം എന്നത് സ്കൂൾ കലോത്സവമായി പേര് മാറ്റിയ ശേഷം 2010ലും കോഴിക്കോട് ആതിഥേയരായി. നവീകരണത്തിന് മുന്നോടിയായി വിട്ടുകൊടുത്ത മാനാഞ്ചിറ സ്ക്വയറിലായിരുന്നു 2010ലെ കലോത്സവം. അക്ഷരാർഥത്തിൽ കലാസ്നേഹികൾ ഒഴുകിയെത്തിയ മേളകൂടിയായിരുന്നു 2010ലെ സുവർണ ജൂബിലി കലോത്സവം. ആതിഥേയർതന്നെ സ്വർണക്കപ്പ് സ്വന്തമാക്കിയ കലോത്സവമായിരുന്നു ആ വർഷത്തേത്. 2015ൽ അപ്രതീക്ഷിതമായാണ് കോഴിക്കോട്ടേക്ക് കലോത്സവമെത്തിയത്. എറണാകുളത്തിനായിരുന്നു അന്ന് കലോത്സവം അനുവദിച്ചത്. എന്നാൽ, കൊച്ചി മെട്രോയുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള 18 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 2017-18ൽ തൃശൂരിൽ, തുടർച്ചയായ 12 തവണ കിരീടം നേടിയ ജില്ലക്ക് 2018-19ലും 2019-20ലും കിരീടം പാലക്കാടിന് വിട്ടുകൊടുക്കേണ്ടി വന്നു. 2019 നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാഞ്ഞങ്ങാട്ടായിരുന്നു കോവിഡിന് മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്. അടുത്ത സ്കൂൾ കലോത്സവത്തിന് ഗ്രാമോത്സവം എന്ന് പേരിടുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചിരുന്നു. പേര് മാറ്റുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.