ഇത്ര ബെടക്ക് കലാമേള മുമ്പ് കണ്ടീല്ല
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം മുതൽ ഏറെ മേളകൾ കുറ്റമറ്റ രീതിയിൽ നടത്തി മികവു കാട്ടിയ കോഴിക്കോട് നഗരത്തിൽ നടന്ന ജില്ലസ്കൂൾ കലോത്സവത്തിന്‍റെ സംഘാടനം അടിമുടി പാളി. ഇത്രയും മോശമായിട്ട് ഒരു മേള തങ്ങളിതുവരെ കണ്ടിട്ടില്ലെന്ന് നഗരത്തിലെ കലാസ്വാദകർ പറയുന്നു.
പരിപാടികളൊന്നുംതന്നെ കൃത്യസമയത്ത് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ല. ആദ്യദിനംതന്നെ പ്രധാന വേദിയിൽ രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട പരിപാടി ആരംഭിക്കാൻ ഉച്ച കഴിഞ്ഞു. മറ്റെല്ലാ വേദികളിലും രണ്ടു മണിക്കൂറിലധികം വൈകി. വട്ടപ്പാട്ട് മത്സരം പുലർച്ചെ നാലുവരെ നീണ്ടതോടെ ജഡ്ജസ് ഉറങ്ങിപ്പോവുന്ന അവസ്ഥവരെ ഉണ്ടായി. പിറ്റേന്നും ഉച്ചയായിട്ടും പല വേദികളും ഉയർന്നില്ല. യു.പി വിഭാഗം പെൺകുട്ടികളുടെ മോണാ ആക്ട് മത്സരത്തിന് ജഡ്ജസ് എത്തിമ്പോൾതന്നെ രണ്ടു മണിക്കൂർ കഴിഞ്ഞിരുന്നു. സംസ്ഥാന കലോത്സവം കോഴിക്കോട്ട് നടത്തിയപ്പോൾപോലും സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു.
നാടാകെ ഓടിച്ചു
വേദി ക്രമീകരിക്കുന്നതിലും സംഘാടകർക്കു പിഴവുപറ്റി. വേദിയിലെ അസൗകര്യം കാരണം ആദ്യ ദിനം തന്നെ എട്ടാമത്തെ വേദി പ്രോവിഡൻസിൽനിന്ന് നടക്കാവ് ഗേൾസ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. കൃത്യമായി ആസൂത്രണമില്ലാതെ തയാറാക്കിയ ഷെഡ്യൂൾ ഇടക്കിടെ മാറ്റി. അന്തിമ ഷെഡ്യൂൾ മാധ്യമപ്രവർത്തകർക്കടക്കം നൽകിയില്ല. കലോത്സവം ആരംഭിച്ചതിന് ശേഷവും വേദികൾ മാറ്റിയെങ്കിലും അത് കൃത്യമായി മത്സരാർഥികളെയും മാധ്യമപ്രവർത്തകരെയും അറിയിക്കുന്നതിൽ പ്രോഗ്രാം കമ്മിറ്റി വീഴ്ച വരുത്തി. മത്സര വേദികൾ അവസാന മണിക്കൂറുകളിൽ മാറ്റിയത് മത്സരാർഥികളെയും കാണികളെയും വലച്ചു.
ഇതോ മീഡിയ സെന്‍റർ
മീഡിയ സെന്‍റർപോലും നല്ലരീതിയിൽ ക്രമീകരിക്കാൻ സംഘാടകർക്കായില്ല. പ്രധാന വേദിയായ മലബാർ ക്രിസ്ത്യൻ കോളജ് സ്കൂൾ ഗ്രൗണ്ടിൽ പ്രധാന വേദിക്കു സമീപം സ്കൂളിൽ താഴെ നിലയിലായിരുന്നു ആദ്യം മീഡിയാറൂം സെറ്റ് ചെയ്തിരുന്നത്. ഇത് പിന്നീട് മുകൾ നിലയിലേക്ക് മാറ്റി. അതിനാൽ വിജയികളിൽ ഭൂരിഭാഗവും മീഡിയാ റൂമിൽ എത്തിയില്ല. റൂമിലെ വെളിച്ചക്കുറവ് കാരണം ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കാനും പ്രയാസപ്പെട്ടു. മുകൾനിലയിലായിരുന്നതിനാൽ കുട്ടികളെ പുറത്തേക്കിറക്കി ഫോട്ടോ എടുക്കാനും നിവൃത്തിയില്ലായിരുന്നു. ഇടക്ക് വൈദ്യുതി ഒളിച്ചുകളിച്ചതും തിരിച്ചടിയായി.
ശബ്ദവും വെളിച്ചവും കമ്മി
പല വേദികളിലും ശബ്ദ ക്രമീകരണം തകരാറിയാലിരുന്നു. ഇത് മത്സരാർഥികളുടെ പ്രകടനത്തെ ബാധിച്ചു. വേദികൾക്ക് വേണ്ടത്ര വലിപ്പമില്ലാത്തതും ആക്ഷേപത്തിന് ഇടയാക്കി.
ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരണത്തിൽ പിഴവുവന്നത് മത്സരങ്ങളുടെ പൊലിമ കുറച്ചു. പ്രശ്നം പരിഹരിക്കാൻ വിളിച്ചിട്ടും ഫോൺ എടുക്കാത്ത സബ് കമ്മിറ്റി കൺവീനറെ ഡി.ഡി.ഇ വാട്സ് ആപ് ഗ്രൂപ്പിൽ ശകാരിക്കേണ്ട അവസ്ഥവരെ ഉണ്ടായി. മിമിക്രി വേദിയിലെ മൈക്ക് അനുയോജ്യമല്ലെന്ന് പറഞ്ഞ് മത്സരാർഥികൾ പ്രശ്നമാക്കിയതോടെ മൈക്ക് മാറ്റിനൽകുകയായിരുന്നു.
മാർക്കിലും ആക്ഷേപം
ജഡ്ജസിനെക്കുറിച്ചും വ്യാപക പരാതി ഉയർന്നു. അർഹതയില്ലാത്ത ടീമുകൾക്ക് സ്വാധീനത്തിന്‍റെ ബലത്തിൽ ഒന്നാം സ്ഥാനം നൽകിയതെന്നും ആരോപണം ഉയർന്നു. പൂരംകളി, നാടോടി നൃത്തം വേദിയിൽ കുട്ടികളും രക്ഷിതാക്കളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.