കോഴിക്കോട് തീപിടിത്തം; ഒഴിവായത് വൻദുരന്തം
text_fieldsകോഴിക്കോട്: നഗരത്തിൽ വയനാട് റോഡിൽ ഇലക്ട്രോണിക്സ് കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് തീപിടിത്തം. അഗ്നിരക്ഷസേനയും പൊലീസും ചേർന്ന് ഒന്നര മണിക്കൂറോളം പണിപ്പെട്ട് തീയണച്ചതോടെ വൻദുരന്തം ഒഴിവായി. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിന് സമീപമുള്ള മെറിഡിയൻ മാൻഷൻ എന്ന മൂന്നുനില സമുച്ചയത്തിലെ പാർക്കിങ് ഭാഗത്താണ് ഉച്ചക്ക് രണ്ടേകാലോടെ തീപിടിത്തമുണ്ടായത്. എതിർവശത്തുള്ള കണ്ണങ്കണ്ടി ഇ-സ്റ്റോറിലെ ടി.വിയും ഫ്രിഡ്ജുമടക്കമുള്ളവയുടെ കാർഡ്ബോർഡ് പെട്ടികളും തെർമോകോളും സൂക്ഷിക്കുന്ന സ്ഥലമാണ് കത്തിയത്. കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് അഗ്നിരക്ഷസേന അറിയിച്ചു. മെയിൻ സ്വിച്ചിൽ നിന്നാണോ തീ പടർന്നതെന്ന് പരിശോധിക്കും. എന്നാൽ, ഇവിടെ വൈദ്യുതി കണക്ഷനില്ലെന്നാണ് കണ്ണങ്കണ്ടി സ്റ്റോർ അധികൃതർ പറയുന്നത്.
കത്തിയ മണം അനുഭവപ്പെട്ടെങ്കിലും ഫയർഫോഴ്സിനെ വിവരമറിയിക്കുമ്പോൾ രണ്ടര മണി കഴിഞ്ഞിരുന്നു. ഈ സമുച്ചയത്തിലെ ദന്താശുപത്രി, സഹകരണ സൊസൈറ്റി, ലേഡീസ് ടെയ്ലറിങ് സെന്റർ, ലബോറട്ടറി എന്നീ സ്ഥാപനങ്ങളിൽനിന്ന് ജീവനക്കാരെ ഉടൻ മാറ്റി. സമീപത്തെ ഷിബ യൂറോളജി ആശുപത്രിയിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. ശസ്ത്രക്രിയ കഴിഞ്ഞ അഞ്ച് രോഗികളും ഇവർക്കൊപ്പമുള്ള അഞ്ചുപേരും ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിക്ക് സമീപമാണ് ആദ്യം തീപിടിച്ചത്. ജനലുകളും വാതിലുകളും അടച്ചതിനാൽ ആശുപത്രിയിലേക്ക് പുകയെത്തിയില്ല. തീ പെട്ടെന്ന് അണക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രിയിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് റവന്യൂ അധികൃതർ നിർദേശം നൽകിയിരുന്നു.
തെർമോകോളും കാർഡ്ബോർഡ് പെട്ടികളും കത്തിയതോടെ കനത്ത പുകയാണ് പ്രദേശത്തുണ്ടായത്. ബ്ലോവർ ഉപയോഗിച്ച് പുക ഒഴിവാക്കിയാണ് തീയണച്ചത്. പിറകുവശത്തെ ഇരുമ്പ് ഷട്ടറും ജനലും വാതിലുകളുമടക്കം അടച്ചുപൂട്ടിയ അവസ്ഥയിലായതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഷട്ടർ പൊളിച്ചതോടെയാണ് തീയണക്കൽ പൂർത്തിയാക്കാനായത്. വൈദ്യുതി ബന്ധമില്ലാത്ത ഇടമാണിതെന്ന് കണ്ണങ്കണ്ടി ഗ്രൂപ് ജനറൽ മാനേജർ ജി. ഹരീഷ് കുമാർ പറഞ്ഞു. കാപ്പാട് സ്വദേശികളായ മുഹമ്മദലി, അബ്ദുൽ റഷീദ്, ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിട സമുച്ചയം. തീപിടിത്തം ഒഴിവാക്കുന്നതിന് വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ബീച്ച് സ്റ്റേഷൻ ഓഫിസർ പി. സതീഷിന്റെ നേതൃത്വത്തിൽ നാലും മീഞ്ചന്തയിലെ ഒന്നും അഗ്നിരക്ഷ സംഘങ്ങൾ തീയണക്കാനെത്തിയിരുന്നു. ടൗൺ പൊലീസ് അസി. കമീഷണർ പി. ബിജുരാജ്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, എൽ.ആർ തഹസിൽദാർ സി. ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ. ഗായത്രി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.