ആളിക്കത്തി ഭീതിയുടെ മണിക്കൂറുകൾ
text_fieldsകോഴിക്കോട്: കുണ്ടായിത്തോടിൽ അനധികൃത പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി. ചൊവ്വാഴ്ച പുലർച്ച അപകടമുണ്ടായത് മുതൽ അഗ്നിശമന സേനക്കും െപാലീസിനുമൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി. എന്നാൽ, തീ ആളിപ്പടരുന്ന അവസ്ഥ നാട്ടുകാരെയും ഭീതിയിലാക്കി. ചൊവ്വാഴ്ച പുലർച്ച തീപിടിത്ത വാർത്തയറിഞ്ഞ് ജനം കുണ്ടായിത്തോട്ടിലേക്ക് ഒഴുകി.
സമീപത്തെ കാർ ഷോറൂമിൽനിന്ന് കാറുകൾ മാറ്റിയത് കൂടുതൽ അപകടം ഒഴിവാക്കി. തകരഷീറ്റുകൾ മറച്ച പ്രദേശത്താണ് ആക്രി സാധനങ്ങൾ കൂട്ടിയിട്ടത്. തകര ഷീറ്റുകൾ പൊളിച്ച് കയറാനും ബുദ്ധിമുട്ടായി. പലരും ജീവൻ മറന്ന് രക്ഷാപ്രവത്തനത്തിൽ പങ്കാളികളായി. പൊലീസും അഗ്നിശമന സേന അംഗങ്ങളും ജനപ്രതിനിധികളും ചെറുവണ്ണൂർ ടൗൺ പൗരസമിതി പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. പുലർച്ച തുടങ്ങിയ തീപിടിത്തം വൈകീട്ടോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. രാത്രിയും മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തുണ്ടായിരുന്നു. തുടക്കത്തിൽ ദേശീയപാതയിലെ ഗതാഗതം അൽപനേരം തടസ്സപ്പെട്ടു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. പലയിടത്തും തീ ആളിപ്പടർന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പ്ലാസ്റ്റിക്കിെൻറ വലിയ ശേഖരം പുകഞ്ഞുെകാണ്ടിരുന്നു. ഗോഡൗണിന് പുറത്തേക്ക് തീ പടരാതിരിക്കാനായിരുന്നു ഫയർഫോഴ്സ് ശ്രമിച്ചത്. ഒമ്പത് മണിയോടെ സമീപത്തേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. പിന്നീട് ഗോഡൗണിനകത്ത് കയറി രക്ഷാപ്രവർത്തകർ സാഹസികമായി തീയണക്കാൻ ശ്രമം തുടങ്ങി. അസഹ്യമായ പുക വെല്ലുവിളിയായി. പ്ലാസ്റ്റിക് കത്തിയ പുകയുയർന്നത് ഫയർഫോഴ്സിന് പലപ്പോഴും തിരിച്ചടിയായി.
അതിനിടെ മന്ത്രി എ.കെ. ശശീന്ദ്രനും കലക്ടർ എസ്.സാംബശിവ റാവുവും മേയർ ബീന ഫിലിപ്പും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ഇവിടെ അനധികൃതമായാണ് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. മൂഴിക്കൽ സജിൻ എന്നയാളാണ് ഇവിടെ വാടകക്കെടുത്ത് മാലിന്യം ശേഖരിക്കുന്നത്. മാലിന്യവും മറ്റും വേർതിരിച്ച് ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്ന ജോലിയാണ് നടക്കുന്നത്. 32 പേർ ഇവിടെ പണിയെടുക്കുന്നുണ്ട്. തിങ്കളാഴ്ചയും മൂന്ന് കണ്ടയ്നർ ലോറിയിൽ ചരക്ക് ഇവിടെനിന്ന് കൊണ്ടുപോയിരുന്നു. കോവിഡായതോടെ സംഭരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് കുമിഞ്ഞുകൂടി. വേർതിരിച്ചതും വേർതിരിക്കാത്തതുമായ ടൺ കണക്കിന് പ്ലാസ്റ്റിക്കുകളാണ് കത്തിച്ചാമ്പലായത്.
സംഭവമറിഞ്ഞ് മന്ത്രി ടി.പി. രാമകൃഷ്ണൻ, െഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കൗൺസിലർമാരായ പി.സി. രാജൻ, ഷഹർബാനു, പൊലീസ് കമീഷണർ എ.വി. ജോർജ്, ദുരന്ത നിവാരണ സേന െഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റിൻ, നല്ലളം, ഫറോക്ക്, ബേപ്പൂർ, പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി.
െകട്ടിടം അനധികൃതമെന്ന് കോർപറേഷൻ
കോഴിക്കോട്: ചെറുവണ്ണൂരിനടുത്ത് തീപിടിത്തമുണ്ടായ ഷെഡ് അനധികൃതമായി നിർമിച്ചതാണെന്ന് കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ട്. ശാരദ മന്ദിരത്തിനടുത്ത് 30 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലും എട്ട് മീറ്റർ ഉയരത്തിലുമാണ് ആസ്ബസ്റ്റോസ്, ഇരുമ്പ് ഷീറ്റുകൾ കൊണ്ട് അനധികൃത കെട്ടിടം നിർമിച്ചത്.
ലക്ഷ്മി ദേവി എന്ന ഉടമയിൽനിന്ന് മുഹമ്മദ് സബാഹ്, എൻ.വി ബേബി എന്നിവർ വാടകക്കെടുത്ത കെട്ടിടമാണിതെന്ന് കോർപറേഷൻ സെക്രട്ടറി ബിനു വർഗീസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മൂഴിക്കലിനടുത്തുള്ള ഷാജി എന്ന സി.പി. സജിൻ ഇത് വാടകക്കെടുക്കുകയായിരുന്നു.
ആഗസ്റ്റിലാണ് പാഴ്വസ്തുക്കളുടെ സംഭരണം തുടങ്ങിയത്. ആഗസ്റ്റ് 28നും സെപ്റ്റംബർ ഒമ്പതിനും കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. അനധികൃത സ്ഥാപനത്തിെൻറ പ്രവർത്തനം നിർത്താൻ കോർപറേഷൻ ചൊവ്വാഴ്ച നോട്ടീസും നൽകി.
'തീ പിടിച്ചത് ആക്രിക്കടക്കെന്ന പ്രചാരണം തെറ്റ്'
കോഴിക്കോട്: ചെറുവണ്ണൂരിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടുത്തം ആക്രിക്കടക്കാണെന്ന പ്രചാരണം തെറ്റാണെന്നും മാലിന്യം നിക്ഷേപിച്ച ഗോഡൗണിനാണ് തീപിടിച്ചതെന്നും പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലുടനീളം നടത്തിയ ശുചീകരണത്തിെൻറ ഭാഗമായാണ് മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം ചില മാലിന്യ നിർമ്മാർജന സ്ഥാപനങ്ങളും വ്യക്തികളും ലേലം വിളിച്ച് സംസ്കരിക്കാനായി കൊണ്ടുപോയിരുന്നു. അത്തരത്തിലാണ് ചെറുവണ്ണൂരിലെ ഗോഡൗണിലും മാലിന്യം നിറച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ഒഴിവാക്കാൻ ഗോഡൗണിൽ മാലിന്യം കൊണ്ടിട്ടവർ തയ്യാറാവാത്തതാണ് തീപിടുത്തത്തിന് കാരണമായത്.
എന്നാൽ, ദൈനംദിനം പ്ലാസ്റ്റിക് മാലിന്യം കയറ്റിറക്ക് നടത്തുന്ന ആക്രിക്കടക്കാണ് തീ പിടിച്ചതെന്നാണ് പ്രചരിപ്പിച്ചത്. കൃത്യമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ് ചെയ്യുന്ന രീതിയാണ് സ്ക്രാപ്പ് മേഖലയിൽ നടക്കുന്നത്. ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ഇത്തരം സ്ക്രാപ്പ് സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കെട്ടിക്കിടക്കാറില്ലെന്നും ഇത്തരം പ്രചാരണം ജനങ്ങൾക്കിടയിൽ സ്ക്രാപ്പ് മേഖലയെ തെറ്റിദ്ധരിപ്പിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.