ഐ.ടി കയറ്റുമതിയിൽ കോഴിക്കോട് മുന്നോട്ട്; കോവിഡ് കാലത്തും വന്‍ കുതിപ്പ്
text_fieldsഐ.ടി കയറ്റുമതിയിൽ കോഴിക്കോട് മുന്നോട്ട്; കോവിഡ് കാലത്തും വന്‍ കുതിപ്പ്
കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐ.ടി പാര്ക്കുകളില്നിന്നുള്ള വിവരസാങ്കേതികവിദ്യ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍നിന്നുള്ള സോഫ്റ്റ്വെയര് കയറ്റുമതിയില്‍ ഇരട്ടിയോളമാണ് വര്‍ധന ഉണ്ടായത്. 2019-20 വര്‍ഷം 14.76 കോടി രൂപയായിരുന്ന കയറ്റുമതി 2020-21 വര്‍ഷം 26.16 കോടി രൂപ ആയാണ് വര്‍ധിച്ചത്. നാലു കമ്പനികളുമായി 2014-15ല്‍ ആരംഭിച്ച പാര്‍ക്കില്‍ ഇപ്പോള്‍ 64 ഐ.ടി, ഐ.ടി അനുബന്ധ കമ്പനികളും ആയിരത്തോളം ജീവനക്കാരുമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരുവര്‍ഷത്തിലേറെയായി ഏറെ ജീവനക്കാരും വര്‍ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഇതു സാരമായി ബാധിച്ചിട്ടില്ലെന്ന് കയറ്റുമതി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കമ്പനികള്‍ ജീവനക്കാരെ ഓഫിസില്‍ തിരിച്ചെത്തിച്ച് പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
കയറ്റുമതി വളര്‍ച്ചക്ക് പുറമെ സൈബര്‍ പാര്‍ക്കില്‍ മുപ്പതോളം പുതിയ കമ്പനികളും കോവിഡ് കാലയളവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടത്തരം കമ്പനികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ 42,744 ചതുരശ്ര അടി ഓഫിസ് എല്ലാ സൗകര്യങ്ങളോടുംകൂടി തുറന്നു. ശക്തമായി തിരിച്ചുവരുന്ന വിപണിക്കൊപ്പം ഐ.ടി രംഗത്തും പുത്തനുണര്‍വ് ഉണ്ടാകുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ക്കും നേട്ടമാകും. ആഗോള ടെക്നോളജി മേളയായ ദുബൈ ജൈടെക്സില്‍ ഇത്തവണ കേരളത്തില്‍നിന്ന് പങ്കെടുത്ത കമ്പനികള്‍ ഏറിയ പങ്കും കോഴിക്കോട്ട് നിന്നുള്ളവയായിരുന്നു. ഇത് മലബാര്‍ കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ക്ക് വലിയ അവസരങ്ങളാണ് തുറന്നുനല്കിയതെന്ന് ഗവ. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു.
പ്രധാനമായും ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യു.എസിലേക്കുമാണ് കോഴിക്കോട് നിന്നുള്ള സോഫ്റ്റ്വെയര് കയറ്റുമതി. കോഴിക്കോട്ടെ പ്രധാന ഐ.ടി കമ്പനികളില്‍ മിക്കതിനും വിദേശ രാജ്യങ്ങളിലും ഓഫിസുകള്‍ ഉണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മറ്റൊരു പ്രധാന ഐ.ടി പാര്‍ക്കായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്സ് സൊസൈറ്റിയുടെ കീഴിലുള്ള യു.എല്‍ സൈബര്‍ പാര്‍ക്കിനും മികച്ച കയറ്റുമതിനേട്ടം കൈവരിക്കാനായി. 2020-21 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി നേട്ടം 37.66 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.