മിഠായിത്തെരുവിലെ വാഹന വിലക്ക് ചർച്ച ചെയ്യുമെന്ന് കോഴിക്കോട് മേയർ
text_fieldsകോഴിക്കോട്: മിഠായിത്തെരുവിലെ വാഹന ഗതാഗത നിരോധനം ഭാഗികമായെങ്കിലും നീക്കണമെന്ന ആവശ്യത്തിൽ കോർപറേഷന് ഒറ്റക്ക് തീരുമാനമെടുക്കാനാവില്ലെന്നും ജില്ല ഭരണകൂടവും എം.എൽ.എമാരുമടക്കമുള്ളവരുമായി നടത്തുന്ന ചർച്ചയിൽ വിഷയം ഉന്നയിക്കുമെന്നും മേയർ ഡോ. എം. ബീന ഫിലിപ്പ്.
ഇതുസംബന്ധിച്ച് സി.പി.എം അംഗം വരുൺ ഭാസ്കർ, കോൺഗ്രസിലെ എസ്.കെ. അബൂബക്കർ എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മേയർ. തിരക്കുള്ള സമയങ്ങളിലൊഴികെ വാഹനം കടത്തിവിടാൻ ക്രമീകരണമേർപ്പെടുത്തണമെന്ന് വരുൺ ഭാസ്കർ ആവശ്യപ്പെട്ടു.
മിഠായിത്തെരുവില്‍ കച്ചവട മാന്ദ്യമുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ പ്രതിമക്ക് മുൻവശം ചങ്ങലയിട്ട് പൂട്ടിയതിനാൽ അത്യാവശ്യത്തിന് ഫയർഫോഴ്സ് വാഹനങ്ങൾക്കുപോലും മിഠായിത്തെരുവിലേക്ക് എത്താനാവില്ലെന്ന് എസ്.കെ. അബൂബക്കർ ചൂണ്ടിക്കാട്ടി.
വാഹനം കടത്തിവിടണെമന്ന് മുസ്ലിം ലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.മൊയ്തീൻ കോയയും സി.പി.ഐയിലെ പി.കെ. നാസറും പറഞ്ഞു.
കച്ചവടക്കാരുടെ അഭിപ്രായം കേട്ട് പ്രശ്നപരിഹാരം വേണമെന്ന് കോൺഗ്രസ് പാർട്ടി നേതാവ് കെ.സി. ശോഭിത ആവശ്യപ്പെട്ടു. ജില്ല ഭരണകൂടവും ടൂറിസം വകുപ്പും ചേർന്നാണ് നവീകരണപദ്ധതി തയാറാക്കിയതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.