കോഴിക്കോട് മെഡിക്കൽ കോളജ്; അത്യാഹിത വിഭാഗം സി.ടി സ്കാൻ പണിമുടക്കി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാൻ പണിമുടക്കിയത് അത്യാഹിത വിഭാഗത്തിലെയും ഒ.പി വിഭാഗത്തിലേയും രോഗികളെ ദുരിതത്തിലാക്കി. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന, ഗുരുതരമായി പരിക്കേറ്റ രോഗികളെ സ്കാൻ ചെയ്യുന്ന എമർജൻസി സി.ടി സ്കാൻ യൂനിറ്റാണ് പണിമുടക്കിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സി.ടി സ്കാൻ പണിമുടക്കിയത്. ഇന്നലെ രാത്രിവരെ ഇത് പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ഇതോടെ താഴെനിലയിൽ 128 നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന സി.ടി സ്കാൻ സെന്ററിൽ വൻതോതിൽ തിരക്ക് അനുഭവപ്പെട്ടു. നേരത്തേ തീയതിയും സമയവും കൊടുത്ത രോഗികൾക്കൊപ്പം അത്യാഹിത വിഭാഗത്തിൽ നിന്നെത്തിയ രോഗികൾകൂടി എത്തിയതോടെ ഇവിടെ തിരക്ക് വർധിക്കുകയായിരുന്നു.
128 റൂമിന് പുറത്ത് വീൽചെയറുകളും ട്രോളികളും വെക്കാൻ സൗകര്യം ഇല്ലാത്തതും രോഗികളെയും കൂടെ വന്നവരെയും വലച്ചു. പുതിയ പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽനിന്ന് ആകാശപാത വഴി രണ്ടാം നിലയിലുള്ള സി.ടി സ്കാൻ യൂനിറ്റിൽ എത്തിയപ്പോഴായിരുന്നു പലരും മെഷീൻ പണിമുടക്കിയ വിവരം അറിഞ്ഞത്. ഇവർ പിന്നീട് രോഗികളെ ലിഫ്റ്റ് വഴി താഴെ ഇറക്കി 128ൽ എത്തിച്ച് പരിശോധിക്കണം. പിന്നീട് ഇതിന് ബിൽ അടക്കാൻ വീണ്ടും രണ്ടാം നിലയിലേക്ക് കയറണം. മെഡിക്കൽ കോളജിൽ പുതിയ അത്യാഹിത വിഭാഗത്തിൽ സി.ടി സ്കാൻ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇത് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ചികിത്സ വൈകാനും കാരണമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.