മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റർ ഇല്ല
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബാൻഡേജ് ഇടുന്നതിനുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഞായറാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ അടക്കം പ്ലാസ്റ്റർ ഓഫ് പാരീസ് സ്റ്റോക്ക് പൂർണമായും തീർന്നിരിക്കുകയാണ്. കൈകാലുകൾക്ക് ചെറിയ പരിക്കേറ്റ് എത്തിയാൽ പോലും പ്ലാസ്റ്റർ ഇടണമെങ്കിൽ രോഗികൾ പുറത്തുനിന്ന് പ്ലാസ്റ്റർ വാങ്ങണം. മുറിവു തുന്നുന്നതിനുള്ള നൂലിന്റെ സ്റ്റോക്ക് നേരത്തെ തന്നെ തീർന്നിരുന്നു. അത്യാവശ്യത്തിനുള്ള മരുന്നുകളും അത്യാഹിത വിഭാഗത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പരാതിപ്പെട്ടു. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസ് സ്റ്റോക്ക് തീർന്നതാണ് ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കുന്നത്. അപകടത്തിലും മറ്റും പരിക്കേറ്റ് എത്തുന്നവർക്ക് പുറത്തു സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ പോയി പ്ലാസ്റ്റർ ഓഫ് പാരീസ് വാങ്ങി നൽകേണ്ടിവരുന്നത് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതക്ക് പുറമേ കനത്ത ദുരിതവും സമ്മാനിക്കുന്നു. അപകടത്തിൽപ്പെട്ട് അത്യാഹിത വിഭാഗത്തിൽ എത്തുന്ന പല രോഗികളുടെയും കൂടെ അടുത്ത ബന്ധുക്കൾ ആരും തന്നെ ഉണ്ടാകില്ല. അതിനാൽ തന്നെ പുറത്തു പോയി ഇത് വാങ്ങുന്നതും പ്രതിസന്ധിക്കിടയാക്കുന്നു. ഇത് രോഗികൾക്ക് ചികിത്സ വൈകാനും കാരണമാവുന്നു.
ഓർത്തോ വിഭാഗത്തിലും രോഗികൾ പുറത്തുനിന്ന് പ്ലാസ്റ്റർ ഓഫ് പാരീസ് വാങ്ങിച്ച് കൊടുത്താലേ പൊട്ടും മുറിവുമായി എത്തിയവർക്ക് ബാൻഡേജ് ഇട്ടുകൊടുക്കൂ. രണ്ടാഴ്ച മുമ്പുതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്ററിന് ക്ഷാമം നേരിട്ടു തുടങ്ങിയിരുന്നു. ഇതോടെ ജനറൽ ആശുപത്രിയിൽ നിന്നുള്ള സ്റ്റോക്കുകളെല്ലാം അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഏതാനും ദിവസത്തിനകം അതും തീർന്നു. പിന്നീട് ഡോക്ടർമാർ കൈയിൽനിന്ന് കാശ് മുടക്കി കുറച്ച് പ്ലാസ്റ്റർ വാങ്ങി സ്റ്റോക്ക് ചെയ്തു. ശനിയാഴ്ചയോടെ അതും തീർന്നു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലും അത്യാഹിത വിഭാഗത്തിലും പ്ലാസ്റ്റർ പൂർണമായും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
സ്വകാര്യ ഫാർമസികൾ ഇതിന് തോന്നും പോലെ വില ഈടാക്കുന്നതും രോഗികളെ വലക്കുന്നു. മാത്രമല്ല മെഡിക്കൽ കോളജിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ പ്ലാസ്റ്റർ വാങ്ങിപ്പിക്കുന്നുണ്ടെന്നും കൂട്ടിരിപ്പുകാർ പരാതിപ്പെട്ടു. ഞായറാഴ്ച കൈക്ക് ചെറിയ പരിക്കുമായെത്തിയ രോഗിയെക്കൊണ്ട് 700 രൂപക്ക് പ്ലാസ്റ്റർ ഓഫ് പാരീസ് വാങ്ങിപ്പിച്ചുവത്രേ. എന്നാൽ, തങ്ങൾക്കുവേണ്ടി ആ പ്ലാസ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും കൂട്ടിരിപ്പുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.