രോഗികൾക്ക് വേണം ചികിത്സ, ഡോക്ടർമാർക്ക് നീതിയും; സമരകേന്ദ്രമായി കോഴിക്കോട് മെഡി. കോളജ് ആശുപത്രി
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി സമരകേന്ദ്രമായി മാറിയതോടെ രോഗികൾ ദുരിതത്തിലായി. 12 ദിവസമായി തുടരുന്ന പി.ജി ഡോക്ടർമാരുടെ സമരം ശക്തമാവുന്നതിനിടെ ഹൗസ് സർജന്മാരുടെ സൂചന പണിമുടക്ക് തിങ്കളാഴ്ച സ്ഥിതി കൂടുതൽ വഷളാക്കി. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ചൊവ്വാഴ്ച രാവിലെ എട്ടു വരെയാണ് കേരള ഹൗസ് സർജൻസ് അസോസിയേഷൻ നേതൃത്വത്തിൽ 240 ഡോക്ടർമാർ ജോലി ബഹിഷ്കരിച്ചത്. അത്യാഹിതം, കോവിഡ് എന്നിവ ഒഴികെ മറ്റെല്ലാ വിഭാഗവും ബഹിഷ്കരിച്ചു.
പി.ജി ഡോക്ടർമാരുടെ സമരം ജോലി ഭാരവും മാനസിക സമ്മർദവും കൂട്ടിയെന്നാണ് ഹൗസ് സർജന്മാർ പറയുന്നത്. മുമ്പ് ഉണ്ടായിരുന്ന നാലു ശതമാനം സ്റ്റൈപ്പൻറ് വർധന പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. സമരത്തിെൻറ ഭാഗമായി പ്രതിഷേധ പ്രകടനം നടത്തി. എം.സി.എച്ചിനെയും െഎ.എം.സി.എച്ചിനെയുമാണ് സമരം കാര്യമായി ബാധിച്ചത്.
സൂപ്പർ സ്പെഷാലിറ്റിയിലെ അക്കാദമിക് സീനിയർ െറസിഡൻറ് ഡോക്ടർമാരും വെള്ളിയാഴ്ച മുതൽ ജോലി ബഹിഷ്കരിക്കുന്നുണ്ട്. ഇതോടെ, സീനിയർ െറസിഡൻറ് ഡോക്ടർമാരും മുതിർന്ന ഡോക്ടർമാരും മാത്രമേ തിങ്കളാഴ്ച ജോലിക്കുണ്ടായിരുന്നുള്ളൂ. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയെ സമരം ബാധിക്കുന്നുണ്ടെങ്കിലും അത്യാഹിത വിഭാഗത്തെ കാര്യമായി ബാധിച്ചില്ല.
അത്യാഹിത വിഭാഗം, ഐ.സി.യു, ഒ.പി, വാർഡ്, ഒാപറേഷൻ തിയറ്റർ എന്നിവ വെള്ളിയാഴ്ച മുതൽ പി.ജി ഡോക്ടർമാർ ബഹിഷ്കരിക്കുന്നുണ്ട്. സമരക്കാരുടെ ആവശ്യം അംഗീകരിച്ച് മെഡിക്കൽ കോളജുകളിൽ നോൺ അക്കാദമിക് ജൂനിയർ െറസിഡൻറുമാരെ നിയമിച്ചു സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവിൽ വ്യക്തത ഇല്ലാത്തതിനാൽ സമരം മുന്നോട്ടു കൊണ്ടുപോവാനാണ് പി.ജി അസോസിയേഷെൻറ തീരുമാനം.
500ഒാളം പി.ജി ഡോക്ടർമാരാണ് സമരത്തിലുള്ളത്. പി.ജി ഡോക്ടർമാരുമായി ചൊവ്വാഴ്ച ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചതിലാണ് പ്രതീക്ഷ. സമരം ചൊവ്വാഴ്ച 13ാം ദിവസത്തിലേക്ക് കടക്കും.
ഒ.പികളിൽ സ്ഥിതി ഗുരുതരം
സമരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഒ.പികളെയാണ്. പി.ജി ഡോക്ടർമാരും ഹൗസ്സർജന്മാരും ജോലി ബഹിഷ്കരിച്ചതോടെ ഒ.പികളിലെത്തിയ രോഗികൾ ഏറെ ബുദ്ധിമുട്ടി. ഹൗസ് സർജന്മാർ നേരിട്ട് രോഗികളെ കാണാറില്ലെങ്കിലും പി.ജി ഡോക്ടർമാരെ ഇവർ സഹായിക്കുമായിരുന്നു. അതിരാവിലെയെത്തി മണിക്കൂറുകളോളമാണ് പലരും കാത്തിരുന്നത്.
വയനാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തിയ നിരവധിപേരാണ് ദുരിതത്തിലായത്. പലർക്കും സമരത്തെക്കുറിച്ച് അറിയില്ലായിരുന്നു. അസ്ഥിരോഗ വിഭാഗം, ഇ.എൻ.ടി ഉൾപ്പെടെ പല ഒ.പികളിലും വലിയ തിരക്കായിരുന്നു. ഒ.പികളിൽ നിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യുന്നുമില്ല. ചിലർ കാത്തിരുന്ന് മടുത്തതോടെ വീടുകളിലേക്ക് മടങ്ങി.
ശസ്ത്രക്രിയകൾ മുടങ്ങുന്നു
12 ദിവസമായി തുടരുന്ന സമരത്തിൽ ശസ്ത്രക്രിയകൾ പലതും മുടങ്ങുകയാണ്. അടിയന്തരമായവ മാത്രം നടക്കുന്നതിനാൽ ശസ്ത്രക്രിയകളുടെ എണ്ണം പകുതിയായി കുറഞ്ഞു. തീയതി ഉറപ്പിച്ച് പലതവണ മാറ്റിവെച്ച ശസ്ത്രക്രിയകളടക്കം മുടങ്ങുന്നുണ്ട്. അഞ്ച് പ്രസവ ശസ്ത്രക്രിയകൾ തീരുമാനിച്ചതിൽ നാലെണ്ണവും തിങ്കളാഴ്ച മുടങ്ങി. സർജറി, ഒാർത്തോ അടക്കം എല്ലാ വിഭാഗങ്ങളിലും സമാന സ്ഥിതിയാണ്.
വാർഡുകളിൽ ഡോക്ടർമാരില്ല
വാർഡുകളിൽ ചികിത്സ ഏകോപിപ്പിച്ചിരുന്നത് കൂടുതലായും ഹൗസ് സർജന്മാരും പി.ജി ഡോക്ടർമാരുമായിരുന്നു. ഇരു വിഭാഗവും സമരത്തിലായതോടെ പ്രവർത്തനം അവതാളത്തിലായി. യഥാസമയം ചികിത്സയോ പരിചരണമോ രോഗികൾക്ക് കിട്ടുന്നില്ല.
ചിലർ ഡിസ്ചാർജ് ചോദിച്ച് വാങ്ങി വീടുകളിലേക്ക് മടങ്ങുകയാണ്. മറ്റു ചിലരോട് സാഹചര്യം പ്രതികൂലമാണെന്ന് ബോധ്യപ്പെടുത്തി ഡോക്ടർമാർ തന്നെ ഡിസ്ചാർജ് നൽകുന്നുമുണ്ട്. സമരത്തോട് ശക്തമായ ഭാഷയിലാണ് രോഗികളും കൂട്ടിരിപ്പുകാരും പ്രതികരിക്കുന്നത്.
അഭിമുഖം നടന്നു
നോൺ അക്കാദമിക് ജൂനിയർ െറസിഡൻറ് ഡോക്ടർമാരുടെ നിയമനത്തിനുള്ള അഭിമുഖം തിങ്കളാഴ്ച നടന്നു. ഒരുബാച്ചിൽ 215 പി.ജി ഡോക്ടർമാരുടെ സീറ്റാണുള്ളത്. എന്നാൽ, ഇൗ ഒഴിവിലേക്ക് 73 ജൂനിയർ െറസിഡൻറുമാരെ മാത്രമാണ് ഇപ്പോൾ നിയമിക്കുന്നത്. 50 ശതമാനത്തിൽ താഴെ തസ്തിക മാത്രമാണ് സർക്കാർ സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.