കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിനുപോലും കുറിപ്പടിയില്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കേസ് ഷീറ്റുകളുടെയും മറ്റ് അത്യാവശ്യ ഫോമുകളുടെയും ക്ഷാമം രൂക്ഷം. ഡോക്ടർമാർക്കും നഴ്സുമാർക്കും അത്യാവശ്യമായ പല ഫോമുകളും തീർന്നിട്ട് മാസങ്ങളായി. വിവിധ പരിശോധനകൾക്കുള്ള ഫോമിന് പകരം മറ്റ് കടലാസുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നതിനാൽ ഡോക്ടർമാരും ലാബ് ടെക്നീഷ്യന്മാരും പ്രതിസന്ധിയിലായി.
കേസ് ഷീറ്റ് തിങ്കളാഴ്ച തീരും
തിങ്കളാഴ്ചവരെ ഉപയോഗിക്കുന്നതിനുള്ള കേസ് ഷീറ്റ് മാത്രമേ നിലവിൽ മെഡിക്കൽ കോളജിൽ സ്റ്റോക്കുള്ളൂ. പാഠപുസ്തകവും തെരഞ്ഞെടുപ്പ് അനുബന്ധ അടിയന്തര പ്രവൃത്തിയും ഉള്ളതിനാൽ മെഡിക്കൽ കോളജിലേക്കുള്ള ഫോമുകൾ ഉടൻ നൽകാൻ കഴിയില്ലെന്നാണ് ഷെർണൂർ പ്രസിൽനിന്ന് അറിയിച്ചിരിക്കുന്നതത്രെ.
എക്സ്റേ ഫോം, ലാബ് ഫോം, മെഡിക്കേഷൻ ചാർട്ട്, നഴ്സസ് ഓഡർഷീറ്റ്, പ്രോഗ്രസ് ഷീറ്റ്, ഡോക്ടേഴ്സ് ഓഡർ ഷീറ്റ് എന്നിങ്ങനെ ദൈനം ദിനം ഉപയോഗിക്കുന്ന ഫോമുകളെല്ലാം തീർന്നിട്ട് നാളുകളായി. ഷൊർണൂർ പ്രസുമായി ബന്ധപ്പെടുമ്പോൾ ഇന്ന് തരാം, നാളെ തരാം എന്ന മറുപടിയാണ് ആശുപത്രി അധികൃതർക്ക് നൽകുന്നത്.
മെഡിക്കൽ സ്റ്റോറിൽനിന്ന് വ്യാഴാഴ്ചകളിലാണ് വാർഡുകളിലേക്ക് ഫോമുകൾ ഇഷ്യൂ ചെയ്യുന്നത്. ഫോമുകൾ ലഭിക്കാത്തതിനാൽ നേരത്തേ ഉപയോഗിച്ചിരുന്ന ഫോമുകളുടെ മറുഭാഗത്താണ് ഇപ്പോൾ രോഗികൾക്കു കുറിപ്പടികൾ എഴുതിനൽകുന്നത്.
ഡിസ്ചാർജ് എഴുതുന്നത് നോട്ട് ബുക്കിൽ
മെഡിക്കൽ കോളജിൽ ഡിസ്ചാർജ് കാർഡ് തീർന്നിട്ട് മാസങ്ങളായി. രോഗികളെക്കൊണ്ട് പുറത്തുനിന്ന് നോട്ട്ബുക്ക് വാങ്ങിപ്പിച്ച് അതിലാണ് ഇപ്പോൾ ഡിസ്ചാർജ് എഴുതിക്കൊടുക്കുന്നത്.
നേരത്തേ കോഴിക്കോട് പ്രസിൽനിന്ന് അടിച്ചു നൽകിയിരുന്നപ്പോൾ ഇത്തരം പ്രതിസന്ധി ഉണ്ടായിരുന്നില്ല. 2023 മേയ് 31 മുതലാണ് മെഡിക്കൽ കോളജിലേക്കുള്ള അച്ചടിക്കരാർ ഷൊർണൂർ പ്രസിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.