കോഴിക്കോട് മെഡിക്കൽ കോളജ് മാസ്റ്റർ പ്ലാൻ; നിർവഹണ ഏജൻസിയായി
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് അന്തിമ തീരുമാനം എടുത്തതായും ഹൈക്സിനെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി അത്യാധുനിക സംവിധാനങ്ങളോടെ ഒ.പി ബ്ലോക്ക് നിർമിക്കും.
187 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മുമ്പ് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത് പരിഗണിച്ച് പ്രത്യേക ഐസൊലേഷൻ ബ്ലോക്ക് ആരംഭിക്കാൻ തീരുമാനിക്കുകയും ഇതിന് 34 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ സ്വന്തം പദ്ധതിയായ ബി.എസ്.എൽ ലവൽ -3 ലാബിൽ 2024ൽതന്നെ പ്രവർത്തനം ആരംഭിക്കും. ലാബിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഐ.സി.എം.ആറിന്റെ സഹായത്തോടെയായിരിക്കും ലാബ് പ്രവർത്തനം.
ബോൺമാരോ ട്രാസ് പ്ലാന്റ് യൂനിറ്റ് ഉൾപ്പെടെ തുടങ്ങുന്നതിന് 2.88 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യോഗം എല്ലാം മാസവും ചേരാറുണ്ടെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയും ബീച്ച് ആശുപത്രിയും നേരിടുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചായിരുന്നു എം.എൽ.എയുടെ സബ്മിഷൻ.
കോഴിക്കോട് മെഡിക്കൽ കോളജിന്റെയും ബീച്ച് ആശുപത്രിയുടെയും വികസനത്തിനുള്ള മാസ്റ്റർ പ്ലാനുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ സഭയിൽ സബ്മിഷൻ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.