മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ മാറി നൽകിയെന്ന്; ഡി.എൻ.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കൾ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ മാറിനൽകിയെന്ന പരാതിയിൽ ഡി.എൻ.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കൾ. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ മാറിനൽകിയെന്ന പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത്. മാതൃശിശു സംരക്ഷണ കേന്ദ്രം അധികൃതരോട് പൊലീസ് വിശദീകരണം തേടിയെങ്കിലും കുഞ്ഞിനെ മാറിനൽകിയിട്ടില്ലെന്നാണ് വിശദീകരണം. ഇതോടെ കുഞ്ഞിന്‍റെ ഡി.എൻ.എ പരിശോധനക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
ദമ്പതികളുടെ പരാതിയിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ ശിപാർശ ഉണ്ടെങ്കിൽ മാത്രമേ ലാബിൽ ഡി.എൻ.എ പരിശോധന നടത്താനാവൂ. ഇതിന്‍റെ ഭാഗമായാണ് ദമ്പതികൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ അറിയിച്ചു. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവശേഷം കുഞ്ഞിനെ മാറിനൽകിയെന്നാണ് വടകര സ്വദേശികളായ ദമ്പതികളുടെ പരാതി. ജൂൺ ആറിനാണ് വടകര സ്വദേശിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചത്.
കുഞ്ഞിന്‍റെ അമ്മൂമ്മയോട് ആൺകുഞ്ഞാണെന്ന് ഡ്യൂട്ടി നഴ്സ് അറിയിച്ചതായി പിതാവ് പറഞ്ഞു. പ്രസവിച്ചയുടൻ അമ്മയെ കാണിക്കാതെ കുഞ്ഞിനെ അമ്മയുടെ പക്കൽനിന്ന് മാറ്റിയിരുന്നു. ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ കരയാത്തതുകൊണ്ടാണ് മാറ്റിയതെന്നായിരുന്നു വിശദീകരണം. പിന്നീട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിക്കുകയായിരുന്നു. കുഞ്ഞിന്‍റെ ചുണ്ട്, തൊണ്ട, ഹൃദയം എന്നീ അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്ന് ആശുപത്രി നൽകിയ റിപ്പോർട്ടിലുണ്ട്. എന്നാൽ, ആദ്യമാസം മുതൽ സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയപ്പോഴൊന്നും ഇത്തരത്തിൽ പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതി നൽകുന്നതെന്ന് കുഞ്ഞിന്‍റെ പിതാവ് പറഞ്ഞു.
കുഞ്ഞ് മാറിപ്പോയിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ, മാതാപിതാക്കൾ പരാതി പറഞ്ഞയുടൻ പ്രഥമികാന്വേഷണം നടത്തിയെന്നും മാറിപ്പോയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഡി.എൻ.എ പരിശോധനക്ക് ശേഷം മാത്രമേ കേസെടുക്കാനാകൂവെന്ന് പൊലീസും വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ഡി.എൻ.എ സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലേക്ക് അയക്കും. ലാബിലേക്ക് അപേക്ഷ നൽകിയതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.