കോഴിക്കോട് മെഡിക്കൽ കോളജ്; അർബുദ ചികിത്സക്ക് കരുത്തേകാൻ പെറ്റ് സി.ടി സ്കാൻ വരുന്നു
text_fieldsകോഴിക്കോട്: അർബുദ ചികിത്സ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഗവ. മെഡിക്കൽ കോളജ്. അർബുദ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുന്ന പെറ്റ് (പോസിട്രോൺ എമിഷൻ ടോമോഗ്രാഫി) സി.ടി സ്കാൻ യന്ത്രമാണ് ആശുപത്രിയിൽ സ്ഥാപിക്കാനൊരുങ്ങുന്നത്. അർബുദ നിർണയത്തിനും ചികിത്സക്കും രോഗ പുരോഗതിയും വിലയിരുത്താൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുള്ള പെറ്റ് സി.ടി സ്കാൻ മെഷീൻ സ്ഥാപിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ആശുപത്രി വികസന സമിതി നേതൃത്വത്തിൽ 10 കോടി വിലവരുന്ന മെഷീൻ വാങ്ങാൻ ഒാർഡർ നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലാണ് മെഷീൻ സ്ഥാപിക്കുന്നത്.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലുള്ള പെറ്റ് സി.ടി സ്കാൻ മെഷീനുകളിലെ തന്നെ ഏറ്റവും അത്യാധുനിക രീതിയിലുള്ളതായിരിക്കുമിത്. സീമെൻസ് എന്ന കമ്പനിയാണ് മെഷീൻ സ്ഥാപിക്കുന്നത്. റേഡിയോ ട്രേസേഴ്സ് ഇഞ്ചക്ട് ചെയ്ത ശേഷം സ്കാനിങ് ചെയ്യുന്ന രീതിയാണിത്. ഇൗ ട്രേസറുകൾ അർബുദത്തിനുള്ള കോശങ്ങൾ കണ്ടെത്തി ഇൗ ഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അർബുദ കോശങ്ങൾ ശരീരത്തിൽ എവിടെയെല്ലാം പടർന്നിട്ടുണ്ടെന്ന് വളരെ വേഗത്തിൽ ഇതിലൂടെ കണ്ടെത്താനാവും.
െഎസോടോപ്പുകൾ ഉപയോഗിച്ചാണ് സ്കാനിങ് നടക്കുന്നത്. ഒാരോ ദിവസവും എത്തുന്ന െഎസോടോപ്പുകൾക്കനുസരിച്ചാവും സ്കാനിങ്. അഞ്ചു മുതൽ പത്തു വരെ രോഗികളെ ഒരു ദിവസം സ്കാനിങ്ങിന് വിധേയരാക്കാം എന്നാണ് പ്രതീക്ഷ. നിലവിൽ സി.ടി, എം.ആർ.െഎ സ്കാനിങ്ങിലൂടെയാണ് രോഗനിർണയം നടത്തുന്നത്.
ഇൗ സംവിധാനങ്ങളിലൂടെ ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ സ്കാനിങ് ചെയ്ത് നോക്കിയാലേ ഇവിടങ്ങളിലേക്ക് അർബുദം പടർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാവൂ. പുതിയ സംവിധാനം വരുന്നതോടെ ഇത് എളുപ്പമാവും. ഒരു സ്കാനിങ്ങിൽ തന്നെ അർബുദം ശരീരത്തിലെവിടെയൊക്കെ പടർന്നിട്ടുണ്ടെന്ന് കണ്ടെത്താനാവും. മെഡിക്കൽ കോളജിൽ നാല് എം.ആർ.െഎ, അഞ്ച് സി.ടി സ്കാനിങ് മെഷീനുകൾ നിലവിലുണ്ട്. രണ്ടു മാസത്തിനുള്ളിൽ പെറ്റ് സി.ടി സ്കാൻ മെഷീൻ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരുന്നത് വലിയ മാറ്റം
അർബുദ ചികിത്സ രംഗത്ത് വലിയ മാറ്റം പെറ്റ് സി.ടി സ്കാൻ മെഷീൻ കൊണ്ടുവരുമെന്ന് ഉറപ്പാണ്. രോഗ നിർണയവും പുരോഗതിയും വളരെ വേഗത്തിൽ കണ്ടെത്താനാവുമെന്നത് ചികിത്സക്ക് കരുത്തേകും. കേരളത്തിലെ ഗവ. മെഡിക്കൽ കോളജുകളിൽ ആദ്യമായി ഇൗ സംവിധാനം വരുന്നത് കോഴിക്കോട്ടാണ് എന്നതിൽ വലിയ അഭിമാനമുണ്ട്. അർബുദ ചികിത്സക്ക് അത്യന്താപേക്ഷിതമായ സംവിധാനമായതിനാൽ തുടർ നടപടികൾ വേഗത്തിലാക്കും.
-ഡോ.വി.ആർ. രാജേന്ദ്രൻ, ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.