കോഴിക്കോട് മെഡിക്കൽ കോളജ്: സുരക്ഷ നഴ്സുമാരുടെ മാത്രം ചുമതലയോ?
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ ആശുപത്രി ജീവനക്കാർ ഭീഷണിപ്പെടുത്തിയ കേസിൽ സുരക്ഷ വീഴ്ചയുണ്ടായതിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടിയെടുക്കാതെ നഴ്സിങ് ഓഫിസർമാരെ ബലിയാടാക്കുന്നതായി ആക്ഷേപം.
വാർഡിൽ ചികിത്സയിൽ കഴിയുന്ന അതിജീവിതക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിലെ സീനിയർ നഴ്സിങ് സൂപ്രണ്ട്, ചീഫ് നഴ്സിങ് ഓഫിസർ എന്നിവരെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സീനിയർ നഴ്സിങ് ഓഫിസർ സി.ബി. അനിതയുടെ സ്ഥലംമാറ്റം ശരിവെച്ച് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിറക്കുകയും ഇവർക്ക് മെഡിക്കൽ കോളജിൽനിന്ന് അടിയന്തരമായി വിടുതലും നൽകി.
വിഷയം അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാകുന്നത്. സംഭവത്തിൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് വീഴ്ചയുണ്ടായതായും ഇവർക്കെതിരെ കടുത്ത ശിക്ഷനടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് ശിപാർശ ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്കെതിരെ ഒരു നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ല. സന്ദർശക നിയന്ത്രണം, സി.സി.ടി.വി സംവിധാനം, സുരക്ഷ നൽകൽ എന്നിവയിലും ഗുരുതരവീഴ്ചയാണ് വാർഡ് ചുമതലയുള്ള നഴ്സിങ് വിഭാഗം ജീവനക്കാരുൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സി.സി.ടി.വി സ്ഥാപിക്കലും സുരക്ഷ ഒരുക്കലും ആശുപത്രി അധികൃതരുടെ ചുമതലയാണെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കുറ്റം മുഴുവൻ നഴ്സുമാരുടെ തലയിൽ വെച്ചുകെട്ടുകയാണെന്നും ആക്ഷേപമുണ്ട്.
ഭരണാനുകൂല സംഘടനാ നേതാവും പ്രവർത്തകരും പ്രതികളായ കേസിൽ പ്രതികളെ സംരക്ഷിക്കാനും ശ്രമം നടന്നിരുന്നു. പ്രതികളുടെ പേര് കൈമാറിയതിൽ പ്രതികാര നടപടിയായി ഭരണാനുകൂല സംഘടനയുടെ സമ്മർദത്തിലാണ് നഴ്സിങ് ഓഫിസർമാരെ സ്ഥലം മാറ്റിയതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.