ഇന്നവേഷൻ റാങ്കിങ്ങിൽ കോഴിക്കോട് എൻ.ഐ.ടിക്ക് മികച്ച നേട്ടം
text_fieldsചാത്തമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2021 അടൽ നാഷനൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്മെന്‍റ്സിൽ (ARIIA) കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനം (സി.എഫ്.ടി.ഐ) വിഭാഗത്തിൽ നാഷനൽ എൻ.ഐ.ടി കാലിക്കറ്റ് ദേശീയ തലത്തിൽ ഒമ്പതാം സ്ഥാനം നേടി.
രാജ്യത്തെ 31 എൻ.ഐ.ടികളിൽ ഒന്നാമതാണ് കോഴിക്കോട് എൻ.ഐ.ടി. സ്ഥാപനങ്ങളുടെ സാങ്കേതിക കൈമാറ്റം, ഇന്നവേഷൻ, സ്റ്റാർട്ടപ്, സംരംഭകത്വ വികസനം എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള 2021 അടൽ ദേശീയ റാങ്കിങ്ങിൽ ഐ.ഐ.ടി കൾ, എൻ.ഐ.ടികൾ എന്നിവ ഉൾപ്പടെ 1438 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു.
എൻ.ഐ.ടികളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് കോഴിക്കോട് എൻ.ഐ.ടി നേടിയത്. ആദ്യത്തെ എട്ട് റാങ്കും ഐ.ഐ.ടികൾക്കാണ്. 2020-21 സാമ്പത്തിക വർഷത്തിൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻജിനീയറിങ്, കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്‍റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, നാഷനൽ അഗ്രികൾച്ചറൽ സയൻസ് ഫണ്ട് മുതലായ ഏജൻസികളിൽനിന്നും 6.89 കോടി രൂപയുടെ പ്രൊജക്റ്റ് ഫണ്ടിങ് ആണ് എൻ.ഐ.ടിക്ക് ലഭിച്ചത്.
പഠന-ഗവേഷണ മേഖലകളിലെ മികച്ച നേട്ടത്തിെൻറ പിൻബലത്തിൽ സ്ഥാപനം 2021 നാഷനൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ 25ാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. മാതൃകാപരമായ നേട്ടം കൈവരിച്ചതിൽ പങ്കുവഹിച്ചവരെ ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ പ്രഫ. പി.എസ്. സതീദേവി, രജിസ്ട്രാർ ഇൻചാർജ് പ്രഫ. ജീവമ്മ ജേക്കബ് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.