കോഴിക്കോട്-പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് പാത; അതിരിടൽ തുടങ്ങി
text_fieldsപന്തീരാങ്കാവ്: കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കായി 3എ വിജ്ഞാപനമിറങ്ങിയ ജില്ലയിലെ സർവേ നമ്പറുകളിലുൾപ്പെട്ട ഭൂമികളിൽ അതിർത്തിനിർണയം തുടങ്ങി.
പെരുമണ്ണ പരിധിയിലെ ഭൂമിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി അതിരിടൽ നടക്കുന്നത്. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അവസാനിക്കുന്ന നിർദിഷ്ട പാതക്ക് 121 കി.മീ. ദൈർഘ്യമാണുള്ളത്.
45 മീറ്ററിൽ ആറുവരി പാതയാണ് നിർമിക്കുന്നത്. 6.48 കി.മീ. ദൂരമാണ് ജില്ലയിൽ പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലായി പാതക്കുള്ളത്.
മുംബൈ ആസ്ഥാനമായ ടി.പി.എഫ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അതിർത്തി നിർണയം നടത്തുന്നത്. വിജ്ഞാപന പ്രകാരമുള്ള ഭൂമിയിലെ ഇരുഭാഗത്തെയും അതിര് നിർണയം പൂർത്തിയായാൽ 3ഡി വിജ്ഞാപനമിറങ്ങും.
അതിര് നിർണയം പൂർത്തിയായ ശേഷമേ സ്ഥലമുടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തത വരൂ. 3എ വിജ്ഞാപനമിറങ്ങി ഒരുവർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നതിനാൽ അതിര് നിർണയമുൾപ്പെടെയുള്ള നടപടികൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാവും.
അതിരിടൽ: വിജ്ഞാപന പ്രകാരമല്ലെന്ന് ആക്ഷേപം
പന്തീരാങ്കാവ്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് അതിരിടുന്നത് ദേശീയപാത വിഭാഗം പ്രസിദ്ധീകരിച്ച 3എ വിജ്ഞാപന പ്രകാരമല്ലെന്ന് ആക്ഷേപം. സ്വകാര്യ കമ്പനി ജീവനക്കാർ അതിരിടാനെത്തിയപ്പോൾ മാത്രമാണ് പലരും തങ്ങളുടെ വീടും സ്ഥലവും നിർദിഷ്ട പാതയുടെ സ്ഥലത്താണെന്നറിയുന്നത്. പെരുമണ്ണ അരമ്പച്ചാലിൽ ഭാഗത്താണ് വിജ്ഞാപനത്തിൽപെടാത്ത ഭാഗത്ത് അതിരിട്ടതായി പരാതി ഉയർന്നത്. ഇത് വ്യാപകമായി വീടുകൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. നേരത്തേ പ്രസിദ്ധീകരിച്ച സ്ഥലത്ത് കൂടിയാണെങ്കിൽ നഷ്ടം കുറയുമെന്നാണ് നാട്ടുകാർ കരുതുന്നത്. ഉന്നത ഇടപെടലിന്റെ ഭാഗമായാണ് ഈ മാറ്റം വരുത്തിയതെന്നും ഇതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും നാട്ടുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.