നഗരം ഗതാഗതക്കുരുക്കിൽ വലയുമ്പോഴും പാർക്കിങ് പ്ലാസക്ക് അനുമതിയായില്ല
text_fieldsകോഴിക്കോട്: നഗരം ഗതാഗതക്കുരുക്കിൽ അമരുമ്പോഴും ആദ്യ പാർക്കിങ് പ്ലാസ നിർമാണത്തിന് ഇനിയും അനുമതി വന്നില്ല. മിഠായിത്തെരുവിന്റെ കവാടത്തിൽ പഴയ സത്രം ബിൽഡിങ് പൊളിച്ച സ്ഥലത്ത് പാർക്കിങ് പ്ലാസ പണിയാനുള്ള കരാറിന്റെ സർക്കാർ അനുമതിയാണ് ഇനിയുമാകാത്തത്. കരാറുകാരനെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് കാരണം.
കഴിഞ്ഞ കൊല്ലം ഒക്ടോബറിൽ പാർക്കിങ് പ്ലാസക്ക് തറക്കില്ലാടാനാവുമെന്നാണ് ഏറ്റവുമൊടുവിൽ കോർപറേഷൻ അധികൃതർ അറിയിച്ചിരുന്നത്. വീണ്ടുമൊരു ഒക്ടോബർ എത്തിയിട്ടും ഒന്നും നടന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായാണ് പ്ലാസ പണിയാൻ അവസാന തീരുമാനമുണ്ടായത്. നിലവിലെ ഭരണസമിതി കാലാവധി പൂർത്തിയാക്കാനായപ്പോൾ പഴയ സത്രം ബിൽഡിങ് പൊളിക്കാനായി എന്നതു മാത്രമാണ് നേട്ടം. പൊളിച്ച ഭാഗം ഇപ്പോഴും പൂർണമായി നീക്കാനായിട്ടുമില്ല. പാർക്കിങ് പ്ലാസക്കായി നീക്കിവെച്ച സ്ഥലത്ത് നിറയെ ഇരുചക്രവാഹനങ്ങൾ നിർത്തിയിടാനാവുമെന്നതു മാത്രമാണ് ആശ്വാസം.
ഓണത്തിരക്കിൽ ഇരുചക്രവാഹനങ്ങൾക്ക് നിർത്താൻ പൊലീസ് അനുമതി നൽകുകയായിരുന്നു.
പ്ലാസയുടെ കരാർ നേരത്തേ നൽകിയതിനാൽ താൽക്കാലിക പാർക്കിങ്ങിന് പൊളിച്ച സ്ഥലത്ത് സൗകര്യം ഒരുക്കാനാകാത്ത അവസ്ഥയിലാണ് കോർപറേഷൻ. പാർക്കിങ് പ്ലാസക്ക് 2023 ഒക്ടോബറിൽ തറക്കല്ലിടുമെന്ന് ഡെപ്യൂട്ടി മേയർ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഒരു കൊല്ലം കഴിഞ്ഞിട്ടും ഫയൽ അനുമതി കാത്തുകിടപ്പാണ്. എന്ന് അനുമതിയാവുമെന്നതിന് വ്യക്തമായ ഉത്തരമില്ല.
2020ലാണ് കിഡ്സൺ കോർണറിലെയും സ്റ്റേഡിയത്തിലെയും പാർക്കിങ് പ്ലാസക്ക് കൗൺസിൽ അംഗീകാരം കിട്ടിയത്. നോവൽ ബ്രിഡ്ജസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണക്കരാർ. 20 നിലയുള്ള പാർക്കിങ് പ്ലാസകളാണ് ലക്ഷ്യമിട്ടത്. 320 കാറുകൾക്കും 200 ഇരുചക്രവാഹനങ്ങൾക്കും മിഠായിത്തെരുവ് പ്ലാസയിലും 640 കാറിനും 800 ഇരുചക്രവാഹനത്തിനും സ്റ്റേഡിയം പ്ലാസയിലും നിർത്താനാകുന്ന 162 കോടിയുടേതായിരുന്നു പദ്ധതി. അതിനും മുമ്പ് ലിങ്ക് റോഡിൽ പാതി പണി പൂർത്തിയാക്കിയ പാർക്കിങ് പ്ലാസ നോക്കുകുത്തിയായിരിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.