കോഴിക്കോട്ടെ പാർക്കിങ് പ്രശ്നം: കടപ്പുറത്ത് പ്രത്യേക സംവിധാനമൊരുക്കാൻ പദ്ധതി
text_fieldsകോഴിക്കോട്: നഗരത്തിലെ സ്ഥിരം പരാതിയായ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബീച്ചിൽ തുറമുഖ വകുപ്പിന് കീഴിലെ സ്ഥലത്ത് പുതിയ സംവിധാനമൊരുക്കും. കേരള മാരിടൈം ബോർഡിന് കീഴിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്ക് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം അംഗീകാരം നൽകി.
പഴയ ലയൺസ് പാർക്കിനടുത്തും ഭട്ട് റോഡ് ബീച്ചിലുമാണ് സംവിധാനം ഒരുങ്ങുക. കോർപറേഷനും മാരിടൈം ബോർഡും ചേർന്ന് വിശദ പദ്ധതി രേഖ തയാറാക്കി ഇരുവരും മുതൽ മുടക്കിന്റെ പാതിവീതം വഹിക്കുന്ന വിധമാവും പദ്ധതി. റവന്യൂ വരുമാനവും പാതിവെച്ച് പങ്കിടുന്ന സംയുക്ത സംരംഭം നടത്താനാണ് തീരുമാനം.
മുതൽ മുടക്ക് തിരിച്ചുകിട്ടും വരെ നിശ്ചിത കൊല്ലത്തേക്ക് വരുമാനം പങ്കിടും. അതിന് ശേഷം പാർകിങ് പദ്ധതി മാരിടൈം ബോർഡ് തിരിച്ചെടുക്കും. ഇതുസംബന്ധിച്ച് മാരിടൈം അധികൃതരുമായി നടത്തിയ യോഗത്തിൽ ഉരുത്തിരിഞ്ഞ മൂന്നു പദ്ധതികളിൽ ഒന്നിച്ച് ചെലവുകളും വരുമാനവും പങ്കിടുന്ന പദ്ധതിയാണ് കോർപറേഷന് കൂടുതൽ ഉചിതമായി തോന്നുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. കോർപറേഷൻ മാരിടൈം ബോർഡിൽനിന്ന് സ്ഥലം നിശ്ചിത ഫീസിന് നൽകി നഗരസഭ പാർക്കിങ് സംവിധാനം ഏർപ്പെടുത്തി നിശ്ചിത കൊല്ലം കഴിഞ്ഞ് ബോർഡിന് തിരിച്ചേല്പിക്കുന്നതായിരുന്നു മറ്റൊരു നിർദേശം. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്ന നിർദേശവും ബന്ധപ്പെട്ട യോഗത്തിൽ ഉയർന്നു. ഇവ രണ്ടിനേക്കാളും ഉചിതം ഒന്നിച്ച് പദ്ധതി നടപ്പാക്കുകയാണെന്ന് കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇക്കാര്യം വെള്ളിയാഴ്ച നടക്കുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ കോർപറേഷൻ അവതരിപ്പിക്കും. സൗത്ത് ബീച്ചിലും ഇതേ രീതിയിൽ പാർക്കിങ് സംവിധാനം ഒരുക്കാനാവുമോയെന്ന് പരിശോധിക്കണമെന്ന് എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു. കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, ഒ. സദാശിവൻ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.