കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം; 2027 ജൂണിൽ പൂർത്തിയാകും2027 ജൂണിൽ പൂർത്തിയാകും
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിച്ചപ്പോൾ. എം.കെ. രാഘവൻ എം.പി സമീപം
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസനം 2027 ജൂണിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. അതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ നല്ലരീതിയിലാണ് പുരോഗമിക്കുന്നത്. ഈ നിലക്ക് പോയാൽ നിശ്ചയിച്ച സമയത്തുതന്നെ പ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതി അവലോകന യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഐ.ടി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. അതിനായി ചില ഐ.ടി സംരംഭകർ മുന്നോട്ടുവന്നിട്ടുണ്ട്. 40,000 ചതുരശ്രമീറ്ററാണ് വികസിപ്പിക്കുന്നത്. ഇതിൽ 10,700 ചതുരശ്ര മീറ്ററിൽ കെട്ടിടമടക്കം നിർമിച്ചുനൽകുകയും 27,100 ചതുരശ്രമീറ്റർ സ്ഥലം നിബന്ധനകളോടെ കൈമാറുകയുമാണ് ചെയ്യുക. ഇവിടെ ആവശ്യക്കാർക്ക് അവരാഗ്രഹിക്കുന്ന തരത്തിലുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാം.
യാത്രക്കാരുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പരമാവധി സ്ഥലം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഹോട്ടൽ, ഷോപ്പുകൾ അടക്കമുള്ളവ ഇവിടെ ആരംഭിക്കാനാവും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സമാന്തരമായി യാത്രാസൗകര്യങ്ങളും കൂടുതൽ ട്രെയിനുകളുമെല്ലാം വന്നുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷൊർണൂർ -കോഴിക്കോട് റൂട്ടിൽ മെമു ആവശ്യമുന്നയിച്ചിട്ട് നടപടികളായിട്ടില്ലെന്നും യാത്രക്കാർ വൈകുന്നേര സമയങ്ങളിൽ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും എം.കെ. രാഘവൻ എം.പി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. റെയിൽവേ ഉദ്യോഗസ്ഥരടക്കമുള്ളവർ അവലോകന യോഗത്തിൽ പങ്കെടുത്തു. നിർമാണ പ്രവൃത്തികളും മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി. ഡി.ആര്.എം അരുണ്‍ കുമാര്‍ ചതുര്‍വേദി, ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ ഗോപു ഉണ്ണിത്താന്, എ.ഡി.ആര്.എം ജയകൃഷ്ണന്, പി.കെ. കൃഷ്ണ ദാസ്, സി.കെ. ഹരീഷ്, വി. അജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനായി ചെലവഴിക്കുന്നത് 450 കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 46 ഏക്കര്‍ സ്ഥലത്ത് നിലവിലെ പഴയ കെട്ടിടങ്ങളാകെ പൊളിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പദ്ധതിയിലെ ഏറ്റവും വലിയ ആകര്‍ഷണം ‘എയര്‍ കോണ്‍കോഴ്സ്’ എന്ന ആകാശ ഇടനാഴിയാണ്. 48 മീറ്റര്‍ വീതിയിലാണ് കോണ്‍കോഴ്സ് വരുന്നത്.
നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്കുപകരം 12 മീറ്റര്‍ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍നിന്നും കോണ്‍കോഴ്സില്‍നിന്നും സ്കൈവാക്ക് സൗകര്യമുണ്ടാവും. നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സുകളും പൊളിച്ച് നാല് ടവറുകളിലായി ബഹുനില ക്വാര്‍ട്ടേഴ്സ് നിര്‍മിക്കും. ആദ്യഘട്ടത്തില്‍ നാല് പ്ലാറ്റ്ഫോമുകള് നിര്‍മിക്കും.
കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി ഒരേസമയം 1100 കാറുകള്‍ക്കും 2500 ഇരുചക്രവാഹനങ്ങള്‍ക്കും 100 ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യമൊരുക്കും. പടിഞ്ഞാറുഭാഗത്ത് 4.2 ഏക്കറില്‍ വാണിജ്യകേന്ദ്രം വരും. പുതിയ സ്റ്റേഷനില്‍ പ്രവേശനത്തിനും പുറത്തേക്കിറങ്ങാനും പ്രത്യേക കവാടങ്ങളായിരിക്കും. മള്‍ട്ടിപ്ലസ്, ഓഫിസ് സ്പേസ്, റീട്ടെയില്‍ ഔട്ട്ലെറ്റുകൾ, ഹോട്ടലുകൾ, വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.