കോഴിക്കോട് റെയിൽവേ സ്റ്റേഷൻ; ട്രാക്കിലായി സ്വപ്നപദ്ധതി
text_fieldsകോഴിക്കോട്: മലബാറിന്റെ ആസ്ഥാനമായ കോഴിക്കോടിന് ലോകോത്തര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻ എന്നത് എക്കാലത്തെയും സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ഘട്ട വികസനം യാഥാർഥ്യമായാൽ അത് ചരിത്രനഗരത്തിന് അഭിമാനമാവും.
473 കോടിയുടെ സമഗ്ര വികസന പദ്ധതിക്കാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ശിലയിടുന്നത്. യാത്രക്കാർക്ക് ഉന്നതനിലവാരമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. പ്രതിദിനം 19.22 ലക്ഷം രൂപ വരുമാനമുള്ള, 71,000 യാത്രക്കാര്‍ ഉപയോഗിക്കുന്നതാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.
സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 2009ല്‍ യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു.
സമഗ്രവികസന പദ്ധതിയില്‍ നിലവിലെ അഞ്ചു ട്രാക്കുകള്‍ക്ക് പുറമെ നാലു പുതിയ ട്രാക്കുകളാണ് വരുന്നത്. ഇതോടെ ഒമ്പതു ട്രാക്കുകളുള്ള സ്റ്റേഷനാവുമിത്. നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്ക് പകരം 12 മീറ്റര്‍ വീതിയിലുള്ള ഇരിപ്പിടങ്ങളോടുകൂടിയ രണ്ടു പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്റ്റേഷന്റെ തെക്കു ഭാഗത്തും വടക്കുഭാഗത്തും നിർമിക്കും.
കിഴക്കുഭാഗത്തുള്ള ടെര്‍മിനലിനെയും പടിഞ്ഞാറു ഭാഗത്തുള്ള ടെര്‍മിനലിനെയും ബന്ധിപ്പിച്ച് മധ്യത്തില്‍ 48 മീറ്റര്‍ വീതിയിലുള്ള കോണ്‍കോഴ്സ് ബിസിനസ് ലോഞ്ച് അടക്കമുള്ളവ സജ്ജീകരിക്കും. ഇരു ഭാഗങ്ങളിലും മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങളും പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളില്നിന്നും കോണ്‍കോഴ്സില്‍നിന്നും സ്കൈവാക്കും നിർമിക്കും.
നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാർട്ടേഴ്സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാലു ടവറുകളിലായി ബഹുനില ക്വാർട്ടേഴ്സ് നിർമിക്കും. പടിഞ്ഞാറു ഭാഗത്തു മാത്രം 4.2 ഏക്കറില്‍ വാണിജ്യ കേന്ദ്രം സജ്ജമാകും. വടക്കു കിഴക്ക് ഭാഗത്ത് 4050 സ്ക്വയര്‍ മീറ്ററിലും തെക്കു കിഴക്കു ഭാഗത്ത് 1306 സ്ക്വയര്‍ മീറ്ററിലും വാണിജ്യ കേന്ദ്രങ്ങള്‍ യാഥാർഥ്യമാവും.
ആർ.എം.എസ്, പാര്‍സല്‍ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാര്‍ക്കിങ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്റ്റേഷനെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ടെര്‍മിനല്‍ പണിയാനുള്ള കേന്ദ്രം എന്നിവയും പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് റോഡില്‍നിന്ന് നിലവിൽ ചുറ്റിവളഞ്ഞുവേണം റെയിൽവേ സ്റ്റേഷനിലെത്താൻ. ഈ പ്രശ്നം പരിഹരിക്കാൻ നാലാം പ്ലാറ്റ്ഫോമിലേക്ക് റോഡ് നിർമിക്കും. പദ്ധതി മൂന്നു വർഷംകൊണ്ട് പൂർത്തിയാവുമെന്നും എം.പി പറഞ്ഞു.
കോളടിച്ച് കോഴിക്കോട്
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മുന്നണി ചെയര്‍പേഴ്സനായിരുന്ന സോണിയ ഗാന്ധിയുടെ മുന്നില്‍ അവതരിപ്പിച്ച ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വലിയ നഗരങ്ങളെപ്പോലും പിന്തള്ളിയാണ് പദ്ധതി കോഴിക്കോടിന് ലഭിച്ചത്.
ഇക്കാലയളവില്‍ വികസനം മുടക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെല്ലാം അതിജീവിച്ചാണ് 473 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതി അംഗീകാരം കിട്ടിയതെന്ന് എം.കെ. രാഘവൻ പറയുന്നു.
മാറ്റത്തിന്റെ പതിനാലാണ്ടുകളിലൂടെയാണ് ഈ റെയിൽവേ സ്റ്റേഷൻ കടന്നുപോന്നത്. വിഭവങ്ങളുടെയും ഫണ്ടിന്റെയും അഭാവമാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് വികസനത്തിന് തടസ്സമെന്ന് മനസ്സിലാക്കിയ ഘട്ടത്തില്‍ 1.99 കോടി രൂപ മുന്‍ യു.ഡി.എഫ് സര്‍ക്കാറിൽനിന്ന് ലഭ്യമാക്കി.
യാത്രക്കാര്‍ വെയിലും മഴയും കൊണ്ട് പ്രയാസമനുഭവിച്ച സാഹചര്യത്തില്‍ ആ ഫണ്ട് ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം ഒന്നിലെയും നാലിലെയും മേല്‍ക്കൂര പൂര്‍ത്തീകരിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കടലുണ്ടി, വടക്കുമ്പാട്, എലത്തൂര്‍, പാവങ്ങാട് മേൽപാലങ്ങൾ അനുവദിച്ചത്.
പദ്ധതികൾക്ക് റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള നടപടിക്രമം പൂര്‍ത്തിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. 2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലത്തെ യു.പി.എ ഭരണകാലത്ത് എണ്ണമറ്റ ട്രെയിന്‍ സര്‍വിസുകള്‍ കേരളത്തിലേക്ക് എത്തി.
ഇതില്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തു മാത്രം 48 സര്‍വിസുകള്‍ കേരളത്തിന് ലഭിച്ചു. 1924ല്‍ തുടങ്ങിയ റെയില്‍വേ ബജറ്റ് 2016 വരെ നിലനിന്നിരുന്നു. എന്നാല്‍, പിന്നീട് പ്രത്യേക റെയില്‍വേ ബജറ്റ് എടുത്തുകളഞ്ഞതിനാല്‍ ഓരോ സംസ്ഥാനത്തും നടക്കുന്ന വികസന പദ്ധതികളെ കുറിച്ച് ഒന്നിനും വ്യക്തതയില്ലാതായി.
പ്രത്യേക റെയില്‍വേ ബജറ്റ് പുനഃസ്ഥാപിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കോഴിക്കോടിന് 473 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതിക്ക് അംഗീകാരം നൽകിയ കേന്ദ്ര സർക്കാറിനെ എം.പി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.