കോഴിക്കോടിനെ ശുചിത്വ നഗരമായി മാറ്റണം -മന്ത്രി എം.ബി. രാജേഷ്
text_fieldsകോഴിക്കോട്: സുരക്ഷിത നഗരത്തോടൊപ്പം ഏറ്റവും ശുചിത്വമുള്ള നഗരം കൂടിയായി കോഴിക്കോടിനെ മാറ്റണമെന്ന് മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് ബീച്ചിലെ വെൻഡിങ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എത്രയാളുകൾ വന്നാലും നഗരം വൃത്തിയായിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കോർപറേഷനും ഇതിന്റെ പ്രധാന ഗുണഭോക്താക്കളായ തൊഴിലാളികൾക്കും ജനങ്ങൾക്കുമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോര്‍പറേഷന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുടെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും സംയുക്ത പദ്ധതിയാണ് ബീച്ചിലെ വെൻഡിങ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ്. 90 അംഗീകൃത കച്ചവടക്കാരെയാണ് ഇവിടെ പുനരധിവസിപ്പിക്കുക. 4.06 കോടി രൂപയാണ് ചെലവ്. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി ലക്ഷ്യം.
മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ സംസാരിച്ചു. എളമരം കരീം എം.പി, എം.എല്‍.എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി. കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരംസമിതി അംഗങ്ങളായ പി. ദിവാകരൻ, ഒ.പി. ഷിജിന, ഡോ. എസ്. ജയശ്രീ, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാർ, മുൻ എം.എൽ.എ എ. പ്രദീപ്കുമാർ, മുൻ മേയർ ടി.പി. ദാസൻ, ഫുഡ് സേഫ്റ്റി കമീഷണർ ജാഫർ മാലിക് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്വാഗതവും കോർപറേഷൻ ഹെൽത്ത് ഓഫിസർ മുനവർ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.