കോഴിക്കോട് സിൽവർ ലൈൻ പദ്ധതി; ഈ മാസം കല്ലിടും
text_fieldsകോഴിക്കോട്: കടുത്ത പ്രതിഷേധങ്ങൾക്കിടെ ജില്ലയിൽ സിൽവർലൈൻ പദ്ധതിക്കായി കല്ലിടൽ പ്രവൃത്തി ആരംഭിക്കുന്നു. ഈ മാസം തന്നെ കല്ലിടൽ തുടങ്ങുമെന്ന് കെ റെയിൽ വൃത്തങ്ങൾ പറഞ്ഞു. നഗരത്തിൽ പദ്ധതിയുടെ ഓഫിസിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വീട് വാടകക്കെടുത്താണ് ഓഫിസ് ആരംഭിക്കുന്നത്. ജില്ലയില്‍ ആകെ 74. 2 കിലോ മീറ്ററാണ് പാതയുടെ നീളം.
ഏകദേശം 163 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പന്നിയങ്കര മുതല്‍ വെള്ളയില്‍ വരെ തുരങ്കത്തിലൂടെയാണ് പാത കടന്നുപോവുക. ഏകദേശം അഞ്ചു കിലോമീറ്ററാണ് തുരങ്കത്തിെൻറ നീളം. നിലവിലുള്ള റെയില്‍വേ സ്റ്റേഷെൻറ പടിഞ്ഞാറു വശത്ത് ഭൂമിക്ക് അടിയിലാകും സില്‍വര്‍ലൈന്‍ സ്റ്റേഷന്. വെസ്റ്റ്ഹില്‍ എത്തുന്നതോടെ പാത സാധാരണ ലെവലിലാകും.
വെസ്റ്റ്ഹില്ലിലാകും റോ-റോ സ്റ്റേഷന്. ജില്ലയിൽ ഏകദേശം 2600 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. കെട്ടിടങ്ങളുടെ വക തിരിച്ചുള്ള കൃത്യമായ കണക്ക് സാമൂഹിക ആഘാത പഠനത്തിനു ശേഷമെ ലഭിക്കൂ എന്നാണ് അധികൃതർ പറയുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിെൻറ മുന്നോടിയായാണ് അലൈന്‍മെൻറ് അതിര്‍ത്തിയില്‍ കല്ലിടൽ പ്രവൃത്തി നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. പല ജില്ലകളിലും പ്രതിഷേധവും തടയലുമുണ്ടായി. കോഴിക്കോടും വലിയ പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കുമെന്ന് കെ റെയിൽ അധികൃതർ 'മാധ്യമ'ത്തോടു പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഒമ്പത് വില്ലേജുകളിലായി 26.8 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂര്‍ വില്ലേജുകളിലാണ് ഇത് പൂര്‍ത്തിയായത്. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍ വില്ലേജുകള്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ, തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു.
കാസര്‍കോട് ജില്ലയില്‍ ഒമ്പത് കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി. ചെറുവത്തൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളില്‍ കല്ലിടല്‍ പൂര്‍ത്തിയായി. ഉദിനൂര്‍, നീലേശ്വരം വില്ലേജുകളില്‍ കല്ലിടല്‍ പുരോഗമിക്കുന്നുണ്ട്. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ പ്രവൃത്തി പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഭൂമിയുടെ കിടപ്പ് അനുസരിച്ച് 20 മുതല്‍ 100 മീറ്റര്‍വരെ അകലത്തിലാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയിലാണ് അലൈന്മെൻറിനായി ഭൂമി ഏറ്റെടുക്കുന്നത്. കടുത്ത എതിർപ്പിനിടയിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ പ്രവൃത്തിയുമായി മുന്നോട്ടു പോവുകയാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.