നിറം മാറാത്ത കോഴിക്കോട്
text_fieldsകോഴിക്കോട്: എന്നും ചുവപ്പിനൊപ്പം നിൽക്കുന്ന കോഴിക്കോടിന് ഇത്തവണ നിറംമാറ്റമുണ്ടാവുമോയെന്ന ആകാംക്ഷയാണെങ്ങും. 58 വയസ്സായ നഗരസഭയിൽ തുടർച്ചയായി പത്താം വിജയത്തിനിറങ്ങുന്ന ഇടതുപക്ഷത്തെ തളക്കാനാവുംവിധം സ്ഥാനാർഥികളെ കണ്ടെത്താനാണ് യു.ഡി.എഫ് ശ്രമം. 1968ലാണ് കോഴിക്കോടിന് കോൺഗ്രസ് മേയറുണ്ടായിരുന്നത്. കഴിഞ്ഞ ഇലക്ഷനിൽ ഇടതുഭരണം ഇളക്കാനിറങ്ങിയ യു.ഡി.എഫിന് കിട്ടിയത് തിരിച്ചടി. 2010ലേതിനേക്കാൾ ഏഴു സീറ്റ് അധികം നേടി എൽ.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ഏഴു സീറ്റുകൾ പിടിച്ചെടുത്ത് ബി.ജെ.പിയും വൻ നേട്ടമുണ്ടാക്കി. ബി.ജെ.പി പിന്തുണയോടെ മത്സരിച്ച മൂന്ന് എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ മുഖമായ ബി.ജെ.ഡി സ്ഥാനാർഥികളും തോറ്റെങ്കിലും ആറു വാർഡുകളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തായി. 2000, 2005 കാലങ്ങളിൽ ഒറ്റസീറ്റിലൊതുങ്ങിയിടത്താണ് ബി.ജെ.പി വൻ നേട്ടമുണ്ടാക്കിയത്. 2005ൽ 34 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 2010ൽ 20ലൊതുങ്ങി.
സി.പി.എം 43, എൻ.സി.പി രണ്ട്, സി.പി.ഐ ഒന്ന്, ഇടത് സ്വതന്ത്രൻ ഒന്ന്, എൽ.ജെ.ഡി മൂന്ന് എന്നിങ്ങനെയാണ് എൽ.ഡി.എഫിെൻറ ഇപ്പോഴത്തെ കക്ഷിനില. യു.ഡി.എഫിൽനിന്ന് ജയിച്ച എൽ.ജെ.ഡി അംഗങ്ങൾ മുന്നണിമാറ്റ ഭാഗമായി എൽ.ഡി.എഫിലെത്തിയതാണ്. മേയറായിരിക്കെ എം.എൽ.എയായി ജയിച്ച വി.കെ.സി. മമ്മദ് കോയ രാജിെവച്ച അരീക്കാട് വാർഡ്, ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ലീഗ് സ്വതന്ത്രൻ പിടിച്ചെടുത്തിരുന്നു. യു.ഡി.എഫിൽ കോൺഗ്രസിന് 10 സീറ്റ് കിട്ടി. ലീഗ് ആറ്, ലീഗ് സ്വതന്ത്രർ രണ്ട്് എന്നിങ്ങനെയാണ് മറ്റു യു.ഡി.എഫ് കക്ഷികളുടെ നില. കഴിഞ്ഞ തവണ 19 സിറ്റിങ് കൗൺസിലർമാർ മത്സരിച്ചതിൽ 14 പേരും ജയിച്ചു.
2000ത്തിലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കോർപറേഷനിൽ 18 സീറ്റായിരുന്നു. അന്നെത്ത മൊത്തം 51 സീറ്റിൽ 32 സീറ്റും ഇടതിനായിരുന്നു. 2005ൽ 55ൽ 38 ഇടത്ത് ഇടതുപക്ഷം ജയിച്ചു. 2010ൽ കൂട്ടിച്ചേർത്ത മൂന്നു പഞ്ചായത്തുകളുടെ പിൻബലത്തിലാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ കൂട്ടിച്ചേർത്ത മേഖലക്കൊപ്പം പഴയ നഗര വാർഡുകളിലും ഇടതുപക്ഷം കഴിഞ്ഞ തവണ മുന്നേറ്റമുണ്ടാക്കി. മാറാട് ബേപ്പൂർ മേഖലക്കൊപ്പം സിവിൽ സ്റ്റേഷൻ മേഖലയിലും പഴയ ശക്തി കേന്ദ്രമായ മീഞ്ചന്തയിലും ബി.ജെ.പി നേട്ടമുണ്ടാക്കിയപ്പോൾ ന്യൂനപക്ഷമേഖലകൾ പലതും ഇടതിനൊപ്പം നിന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രത്യേകത. ബി.ജെ.പി ജയിച്ച ഏഴിൽ നാലു വാർഡുകൾ ഇടതുമുന്നണിയിൽനിന്നും മൂന്നെണ്ണം യു.ഡി.എഫിൽനിന്നും പിടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.