കോഴിക്കോട് ഇനിയും വികസിക്കണം –എം.എ. യൂസുഫലി
text_fieldsകോഴിക്കോട്: വാണിജ്യ, വ്യവസായ രംഗത്ത് കോഴിക്കോട് ഇനിയും വികസിക്കണമെന്ന് എം.എ. യൂസുഫലി. വാണിജ്യരംഗത്ത് ഉയർന്ന നിലയിലുണ്ടായിരുന്ന കോഴിക്കോടിന് കൊച്ചിയുടെയും തിരുവനന്തപുരത്തിെൻറയും പ്രസിദ്ധി ഇപ്പോഴില്ല. ഇന്നാട്ടുകാർതന്നെ ഇവിടെ നിക്ഷേപമിറക്കാൻ മടിക്കുകയാണെന്നും കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 'ചേംബർ ഭവൻ' ഉദ്ഘാടനം ചെയ്ത് യൂസുഫലി പറഞ്ഞു.
ബേപ്പൂർ തുറമുഖവും കരിപ്പൂർ വിമാനത്താവളവും ടൂറിസം മേഖലയും വിപുലീകരിക്കേണ്ടതുണ്ട്. വാണിജ്യ, വ്യവസായ സംഘടനകൾ ഇതിനായി പ്രവർത്തിക്കണം. വിവിധ സംരംഭങ്ങൾ നടത്താൻ അനുകൂലമായ സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളതെന്ന് യൂസുഫലി പറഞ്ഞു. വിദേശ ഇന്ത്യക്കാർക്ക് നാട്ടിൽ ബിസിനസ് നടത്താനുള്ള നിയന്ത്രണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു.
കേരളത്തിലുള്ള കൊളോണിയൽകാലത്തെ നിയമങ്ങൾ മാറ്റണം. കേന്ദ്രവും കേരളവും വേഗത്തിൽ നീങ്ങുന്നുണ്ട്. കോഴിക്കോട് ലുലു ഷോപ്പിങ് മാൾ നിർമാണം പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റു പദ്ധതികളും ഇവിടെ നടത്താനുദ്ദേശിക്കുന്നു. ചേംബർഭവനിൽ ഹാൾ പണിയാൻ 50 ലക്ഷം രൂപയും യൂസുഫലി വാഗ്ദാനം ചെയ്തു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, ഡോ.കെ. മൊയ്തു, എസ്.എം. ഗുപ്ത തുടങ്ങിയവരെ ആദരിച്ചു. എം. മുസമ്മിൽ സ്വാഗതവും രാജേഷ് കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.